ആലുവ: സ്വകാര്യ സുരക്ഷ ജീവനക്കാരെ നിയമിച്ചതുമായി ബന്ധപ്പെട്ട് പൊലീസ് നല്‍കിയ നോട്ടീസിന് നടന്‍ ദിലീപ് ഇന്ന് മറുപടി നല്‍കും. ഗോവ കേന്ദ്രീകരിച്ചുളള സുരക്ഷ ഏജന്‍സിയോടും പൊലീസ് വിശദീകരണം തേടിയിട്ടുണ്ട്. എറണാകുളം റൂറല്‍ എസ്പിയുടെ നിര്‍ദേശപ്രകാരം ആലുവ സിഐയാണ് നോട്ടീസ് നല്‍കിയത്. ഗോവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘തണ്ടര്‍ഫോഴ്‌സ്’ എന്ന സ്വകാര്യ ഏജന്‍സിയാണ് ദിലീപിന് സുരക്ഷയൊരുക്കുന്നത്.
മൂന്ന് ഉദ്യോഗസ്ഥരാണ് ദിലീപിന്റെ സംരക്ഷണം ഏറ്റെടുത്തിരിക്കുന്നത്. വിരമിച്ച മലയാളി പൊലീസ് ഉദ്യോഗസ്ഥനാണ് സുരക്ഷയുടെ ചുമതല. ജനമധ്യത്തില്‍ ആക്രമിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന സൂചനയെ തുടര്‍ന്നാണ് ദിലീപ് സ്വകാര്യ ഏജന്‍സിയുടെ സഹായം തേടിയതെന്നാണ് വിവരം. ദിലീപ് സ്വകാര്യ സുരക്ഷ ഒരുക്കിയ നടപടി ഏത് സാഹചര്യത്തിലാണെന്ന് പരിശോധിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
എന്നാല്‍ നിലവില്‍ ജീവന് ഭീഷണിയുള്ളതായി ദിലീപ് പരാതിയൊന്നും നല്‍കിയിട്ടില്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. അതേസമയം സഹപ്രവര്‍ത്തകയായ നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ ഒന്നാം പ്രതിയാക്കിയുളള കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കുമെന്നാണ് സൂചന. തണ്ടര്‍ഫോഴ്സിന് രാജ്യത്ത് 11 സംസ്ഥാനങ്ങളില്‍ ഏജന്‍സികളുണ്ട്. കേരളത്തില്‍ തൃശൂര്‍, പാലക്കാട്. കോഴിക്കോട് എന്നിവിടങ്ങളിലാണ് ഓഫീസുകളുളളത്.
Post Your Comments