ന്യൂഡൽഹി: ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടി ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി വൈകാതെ അധ്യക്ഷ സ്ഥാനത്തേക്ക്. മാതാവ് സോണിയ ഗാന്ധി മാർഗദർശകയാകുന്നു . പാർട്ടിയിലെ സുപ്രധാന മാറ്റത്തിന് വഴിയൊരുക്കുന്ന നടപടി പൂർത്തിയാക്കിവരുകയാണ്. ഡിസംബറിലെ എ.ഐ.സി.സി സമ്മേളനം സ്ഥാനമാറ്റത്തിന്റെ ഔപചാവേദിയാകും.
പാർട്ടി സംഘടന തെരഞ്ഞെടുപ്പ് പൂർത്തിയാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നീട്ടിനൽകിയ സമയപരിധി അവസാനിക്കുന്നതും ഡിസംബറിലാണ്. എ.ഐ.സി.സി സമ്മേളനം നവംബറിൽ നടത്താനായിരുന്നു മുമ്പ് ആലോചിച്ചതെങ്കിലും ഗുജറാത്ത്, ഹിമാചൽപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പുകൾ മുൻനിർത്തിയാണ് ഡിസംബറിലേക്ക് മാറ്റുന്നത്.
രാഹുലിന് വഴിയൊരുക്കുന്ന സങ്കേതിക നടപടി തെരഞ്ഞെടുപ്പ് അതോറിറ്റി ചെയർമാൻ മുല്ലപ്പള്ളി രാമചന്ദ്രന്റെ നേതൃത്വത്തിൽ പൂർത്തിയാക്കിവരുന്നു. തർക്കത്തിലും അനിശ്ചിതത്വത്തിലുമായ കേരളത്തിലെ പി.സി.സി ഭാരവാഹിപ്പട്ടിക പുറത്തിറക്കാനുള്ള ശ്രമങ്ങളും ഇനിയുള്ള ദിവസങ്ങളിൽ വേഗത്തിലാവും. തെരഞ്ഞെടുപ്പുപ്രക്രിയ പുരോഗമിക്കുന്നത് പ്രധാനമായും നോമിനേഷൻ രീതിയിലാണ്.രാഹുലിന് എതിരാളിയായി ആരും മത്സരിക്കുന്നില്ല.
18 വർഷമായി കോൺഗ്രസ് അധ്യക്ഷയായി തുടരുന്ന സോണിയ ഗാന്ധിക്ക് പാർട്ടിയിൽ ആജീവനാന്ത സമുന്നത പദവി സൃഷ്ടിക്കുന്നതിനാണ് കോൺഗ്രസിലെ ധാരണ. രക്ഷാധികാരി എന്നതിനുപുറമെ കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവായും സോണിയ തുടരും. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ സോണിയ മത്സരിക്കില്ലെന്നിരിക്കെ , സ്വാഭാവികമായും ഇൗ പദവി നഷ്ടപ്പെടും. രാഹുൽ ആ ചുമതല ഏറ്റെടുക്കും. ഇതുകൂടി മുൻകൂട്ടികണ്ടാണ് സോണിയയുടെ നേതൃപരമായ പങ്ക് ഉറപ്പുവരുത്തുന്നവിധം രക്ഷാധികാരി പദവി സൃഷ്ടിക്കുന്നത്. ദൈനംദിന പ്രവർത്തനങ്ങളിൽ നേതൃപരമായ ഇടപെടൽ സോണിയ നടത്തില്ല.
Post Your Comments