ന്യൂഡല്‍ഹി: രാജസ്ഥാന്‍ സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മന്ത്രിമാര്‍ക്കും എം എല്‍ എമാര്‍ക്കും ജഡ്ജിമാര്‍ക്കും എതിരെ സര്‍ക്കാരിന്റെ അനുമതിയില്ലാതെ നിയമ നടപടി സ്വീകരിക്കുന്നത് തടഞ്ഞുകൊണ്ട് രാജസ്ഥാന്‍ സര്‍ക്കാര്‍ പുറത്തിറക്കിയ ഓര്‍ഡിനന്‍സിനെതിരെയാണ് രൂക്ഷവിമര്‍ശനവുമായി രാഹുല്‍ എത്തിയിരിക്കുന്നത്.
രാഹുലിന്റെ പ്രതികരണം ട്വിറ്ററിലൂടെയാണ്. “മാഡം മുഖ്യമന്ത്രി, എല്ലാ ബഹുമാനത്തോടെയും പറയട്ടെ നാം 21-ാം നൂറ്റാണ്ടിലാണുള്ളത്. ഇത് 2017 ആണ്. 1817 ല്‍ അല്ല” എന്നാണ് രാഹുല്‍ ട്വീറ്റ് ചെയ്തത്. രാഹുലിന്റെ ട്വീറ്റ് 4700 ല്‍ അധികം തവണയാണ് റീട്വീറ്റ് ചെയ്യപ്പെട്ടിരിക്കുന്നത്.
സര്‍ക്കാരിന്റെ അനുമതിയില്ലാതെ ജഡ്ജിമാര്‍ക്കോ പൊതുപ്രവര്‍ത്തകര്‍ക്കോ എതിരെ അഴിമതി കേസുകളില്‍ കോടതികള്‍ സ്വകാര്യ അന്യായങ്ങള്‍ സ്വീകരിക്കാന്‍ പാടില്ലെന്ന് ഓര്‍ഡിനന്‍സ് വ്യക്തമാക്കുന്നുണ്ട്.
ഓര്‍ഡിനന്‍സ് അഴിമതി നിരോധന നിയമത്തില്‍ ഭേദഗതി വരുത്തിയാണ് സര്‍ക്കാര്‍ പുറത്തിറക്കിയത്. മാത്രമല്ല പ്രോസിക്യൂഷന്‍ അനുമതി നല്‍കാതെ ആരോപണ വിധേയരുടെ വിവരങ്ങള്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ പാടില്ലെന്ന് ഓര്‍ഡിനന്‍സ് വ്യവസ്ഥ ചെയ്തിട്ടുണ്ട്.
Post Your Comments