ചിറ്റാര്‍: ദിവസങ്ങളോളം ശബരിമല ഉള്‍വനത്തില്‍ അകപ്പെട്ടവരെ രക്ഷപ്പെടുത്തി. 25 ദിവസംമുമ്പു ശബരിമല ഉള്‍വനത്തില്‍ കാണാതായ യുവാവിനെയും രണ്ടു ദിവസംമുമ്പു കാണാതായ മധ്യവയസ്കനായ തീര്‍ഥാടകനെയും വനപാലകരും പൊലീസും ചേര്‍ന്ന് രക്ഷപ്പെടുത്തി. ഉള്‍വനത്തില്‍നിന്ന് കണ്ടുകിട്ടിയത് പരുമല പുത്തന്‍പറമ്പില്‍ സജി വര്‍ഗീസിനെയും (34) തമിഴ്നാട് തിരുപ്പൂര്‍ താരാപുരം നായിക്കല്‍ പുതുതെരുവ് 3/9 ല്‍ കുപ്പുസ്വാമി (52) യെയുമാണ്.
പരുമല സ്വദേശിയായ സജി വര്‍ഗീസ് പമ്പയില്‍ കെ.എസ്.ഇ.ബിയുടെ കേബിള്‍ വലിക്കുന്നതിന് കരാര്‍ പണിക്ക് എത്തിയതാണ്. പമ്പയില്‍നിന്ന് സെപ്റ്റംബര്‍ 24 മുതലാണ് ഇദ്ദേഹത്തെ കാണാതായത്. സജിയെ കാണാനില്ലെന്ന് കഴിഞ്ഞ ദിവസം വനപാലകരാണ് സജി വര്‍ഗീസ് അവശനിലയില്‍ ഉള്‍വനത്തില്‍ കിടക്കുന്നതായി കണ്ടത്. പ്ലാപ്പള്ളി ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകരാണ് കഴിഞ്ഞ ദിവസം ശബരിമല ഉള്‍വനത്തിലുള്ള പ്ലാന്തോട് ക്യാമ്ബിലെ ഷെഡിലേക്കു പോകവെ പൂര്‍ണനഗ്നനായി പുഴുവരിച്ച അവശനിലയില്‍ സജി കിടക്കുന്നത് കാണുന്നത്. യുവാവിനെ കണ്ടെത്തിയ സ്ഥലം എപ്പോഴും കാട്ടാനയുടെയും കടുവകളുടെയും സാനിധ്യമുള്ള സ്ഥലമാണ്. ഉടന്‍ വനപാലകര്‍ സുരക്ഷിതമായ സ്ഥലത്ത് എത്തിച്ച് യുവാവിന് ബിസ്കറ്റും വെള്ളവും നല്കി.
പമ്പ പൊലീസ് രണ്ടുദിവസമായി ശബരിമല തീര്‍ഥാടനത്തിനെത്തിയ കുപ്പുസ്വാമിയെ തിരയുകയായിരുന്നു. സന്നിധാനത്തെ സി.സി ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ കൊപ്രക്കളം ഭാഗത്തേക്കു പോകുന്നതായി ശ്രദ്ധയില്‍പെട്ടു. അവിടെ വനം വകുപ്പ് സ്ഥാപിച്ച സി.സി ടി.വി കാമറയില്‍ വെള്ളിയാഴ്ച വൈകീട്ട് 4.30ന് കുപ്പുസ്വാമിയെ കണ്ടു. വനപാലകരും പൊലീസും ചേര്‍ന്ന് തിരച്ചില്‍ നടത്തിയപ്പോഴാണ് കുപ്പുസ്വാമിയെ വനത്തിനുള്ളില്‍നിന്ന് കണ്ടുകിട്ടിയത്.
Post Your Comments