Latest NewsNewsGulf

യുവത്വത്തെ വിലപ്പെട്ടതായി കാണുന്ന യു.എ.ഇയുടെ മന്ത്രിസഭാ വികസനം ശ്രദ്ധേയമാകുന്നു

 

ദുബായ്: യു.എ.ഇ. മന്ത്രിസഭ പുനഃസംഘടിപ്പിച്ചു. യുവത്വത്തിന് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള മന്ത്രിസഭാ പുന: സംഘടനയാണ് ഇത്തവണ നടന്നത്. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് മന്ത്രിസഭ പുനഃസംഘടിപ്പിച്ച് പുതിയ വകുപ്പുകള്‍ പ്രഖ്യാപിച്ചത്.

യു.എ.ഇ. പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാനുമായും അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധസേനയുടെ ഉപസര്‍വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായും കൂടിയാലോചിച്ചശേഷമാണ് മന്ത്രിസഭ പുനഃസംഘടിപ്പിക്കുന്നതെന്ന് ശൈഖ് മുഹമ്മദ് ട്വിറ്ററിലൂടെ അറിയിച്ചു. യു.എ.ഇ. സെന്റണിയല്‍ പദ്ധതി 2017-ന്റെ മുന്നോടിയായി നടന്ന വാര്‍ഷിക സമ്മേളനങ്ങള്‍ക്ക് ശേഷമാണ് മന്ത്രിസഭയില്‍ മാറ്റങ്ങള്‍ വരുത്താന്‍ തീരുമാനമായതെന്നും ശൈഖ് മുഹമ്മദ് ട്വീറ്റ് ചെയ്തു. പുനഃസംഘടനവഴി കൂടുതല്‍ യുവാക്കള്‍ മന്ത്രിസഭയിലെത്തുകയാണെന്നും വ്യക്തമാക്കി.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (കൃത്രിമ ബുദ്ധി) ഒരു പ്രത്യേക വകുപ്പായി ഉള്‍പ്പെടുത്തി, ഇരുപത്തിയേഴുകാരനായ ഒമര്‍ ബിന്‍ സുല്‍ത്താന്‍ അല്‍ ഒലാമയെ മന്ത്രിയായി നിയമിച്ചതാണ് പുനഃസംഘടനയിലെ സുപ്രധാനതീരുമാനം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ ലോകത്തെ നയിക്കാന്‍ കെല്‍പുള്ള രാജ്യമായി യു.എ.ഇ.യെ മാറ്റുകയാണ് ലക്ഷ്യം. വരുംതലമുറകള്‍ക്ക് മെച്ചപ്പെട്ട ഭാവി ഉറപ്പാക്കാന്‍ ശാസ്ത്രം, സാങ്കേതികവിദ്യ എന്നിവയ്ക്കും പുതിയ മന്ത്രിസഭ ഊന്നല്‍ നല്‍കിയിട്ടുണ്ട്. നൂതന ശാസ്ത്രമാണ് മറ്റൊരു പുതിയവകുപ്പ്. മുപ്പതുകാരിയായ സാറ അല്‍ അമീറിക്കാണ് ഈ വകുപ്പിന്റെ ചുമതല. ഭക്ഷ്യസുരക്ഷാ മന്ത്രിയായി മറിയം അല്‍ മെഹിരി നിയമിതയായി.

ഉന്നതവിദ്യാഭ്യാസമന്ത്രി അഹമ്മദ് അബ്ദുല്ല ഹുമൈദ് ബെല്‍ ഹോള്‍ അല്‍ ഫലസിക്ക് ‘അഡ്വാന്‍സ്ഡ് സ്‌കില്‍സ്’ എന്ന പുതിയ വകുപ്പിന്റെ ചുമതലകൂടി നല്‍കാനും തീരുമാനമായി. സാമൂഹിക വികസന മന്ത്രിയായി ശൈഖ് മുഹമ്മദ് നിയമിച്ചത് ഹെസ്സ ബിന്‍ത് ഈസ ബു ഹുമൈദിനെയാണ്. മനുഷ്യ വിഭവശേഷി-സ്വദേശിവത്കരണ മന്ത്രിയായി നാസ്സര്‍ ബിന്‍ താനി അല്‍ ഹമേലി നിയമിതനായി. സഹിഷ്ണുതാ വകുപ്പിന്റെ പുതിയ അമരക്കാരനായി പ്രഖ്യാപിച്ചിരിക്കുന്നത് ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാനെയാണ്. നൂറ അല്‍ കഅബിയാണ് പുതിയ സാംസ്‌കാരിക-വൈജ്ഞാനിക വികസന മന്ത്രി.

ദീര്‍ഘകാലം സേവനമനുഷ്ഠിച്ച് മന്ത്രിസഭയില്‍നിന്ന് പുറത്തേക്കുപോകുന്ന മന്ത്രിമാര്‍ക്ക് ഹൃദയംനിറഞ്ഞ നന്ദി രേഖപ്പെടുത്തിയാണ് ശൈഖ് മുഹമ്മദ് ട്വിറ്റര്‍ സന്ദേശം അവസാനിപ്പിച്ചത്. വിജ്ഞാനം വര്‍ധിപ്പിക്കുക, ശാസ്ത്ര ഗവേഷണങ്ങള്‍ക്ക് പിന്തുണ നല്‍കുക, യുവാക്കളെ നേതൃനിരയിലേക്ക് കൊണ്ടുവരിക മുതലായവയാണ് പുതിയ മന്ത്രിസഭയുടെ പ്രധാന ലക്ഷ്യങ്ങളെന്നും ശൈഖ് മുഹമ്മദ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button