ഡൽഹി: ഇനി പ്രകൃതിയെ അടുത്തറിയാന്‍ ഇന്ത്യക്കാര്‍ക്ക് രാജ്യത്തിന്റെ സ്വന്തം ചാനല്‍ വരുന്നു. ഡിഡി പ്രകൃതി എന്ന പേരിലാണ് ഇന്ത്യയുടെ നാഷണല്‍ ജ്യോഗ്രഫിക് എന്നു വിശേഷിപ്പിക്കാവുന്ന ചാനല്‍ സംപ്രേഷണമാരംഭിക്കുക. രാജ്യം ഇങ്ങനെയൊരു സംരംഭത്തിന് തുടക്കമിടുന്നത് പ്രകൃതി സംരക്ഷണത്തെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ്.
പരിസ്ഥിതി മന്ത്രാലയം വിദേശ ചാനലുകളായ നാഷണല്‍ ജ്യോഗ്രഫികിന്റെയും ഡിസ്‌കവറി ചാനലിന്റേയും മാതൃകയില്‍ ഡിഡിപ്രകൃതി എന്ന പേരില്‍ ടെലിവിഷന്‍ ചാനല്‍ ആരംഭിക്കാന്‍ നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം, ദൂരദര്‍ശന്‍ എന്നിവയുടെ സഹകരണത്തോടെയാണ് ചാനല്‍ ആരംഭിക്കുന്നത്.
ചാനല്‍ സംബന്ധിച്ച നിര്‍ദ്ദേശമുള്ളത് പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ മൂന്നാമത് നാഷണല്‍ വൈല്‍ഡ്‌ലൈഫ് ആക്ഷന്‍ പ്ലാനിലാണ്. ഡിഡി പ്രകൃതി ചാനല്‍ പരിസ്ഥിതി സംരക്ഷണത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പ്രകൃതിയുമായ ബന്ധപ്പെട്ട ദൃശ്യങ്ങളും പരിപാടികളുമാണ് സംപ്രേഷണം ചെയ്യുക. രാജ്യത്തെക്കുറിച്ചും പ്രകൃതി സമ്പത്തിനെക്കുറിച്ചും ബോധവത്കരിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യക്കാര്‍ തന്നെ നിര്‍മ്മിച്ച ഷോട്ട്ഫിലിമുകളും മറ്റ് പരിപാടികളും ചാനല്‍ സംപ്രേഷണം ചെയ്യും.
Post Your Comments