കൊച്ചി•ബാഡ്മിന്റണ്‍ മുതല്‍ ബാസ്‌ക്കറ്റ്‌ബോള്‍ വരെയുള്ള വിവിധ തരം കളികള്‍ കളിക്കാനുള്ള സൗകര്യങ്ങള്‍ എവിടെയെല്ലാമുണ്ടെന്നും അവിടെ ഒപ്പം കളിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ ആരെല്ലാമെന്നും കണ്ടെത്താനുള്ള ലളിത സുന്ദരന്‍ ആപ് വികസിപ്പിച്ചിരിക്കുകയാണ് കൊച്ചി ആസ്ഥാനമായ പേരക്ക മീഡിയ. കമ്പനി വികസിപ്പിച്ച അപ്അപ്അപ് എന്ന ആപ്പാണ് കായികപ്രേമികളെ വിവിധ വേദികളുമായും സഹകളിക്കാരുമായും ബന്ധിപ്പിക്കുന്നത്.
വിനോദത്തിനായി കായികയിനങ്ങള്‍ എന്ന ആശയം പ്രചരിപ്പിക്കാനും കായികപ്രേമികളുടെ ഒരു സമൂഹം രൂപപ്പെടുത്താനും ലക്ഷ്യമിട്ടാണ് ഈ ആപ് വികസിപ്പിച്ചിരിക്കുന്നതെന്ന് പേരക്ക മീഡിയ സ്ഥാപക ഡയറക്ടറായ എം.സി. ജോസഫ് പറഞ്ഞു. ഇഷ്ടമുണ്ടായിട്ടും സ്‌കൂള്‍, കോളേജ് കാലത്തിന് ശേഷം ജോലിത്തിരക്കുകള്‍ കാരണം തങ്ങളുടെ പ്രിയപ്പെട്ട കായികയിനം പരീക്ഷിക്കാന്‍ അവസരം ലഭിക്കാത്തവരെ ഉദ്ദേശിച്ചാണ് ആപ് വികസിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. വെര്‍ച്വല്‍ കണക്ടിവിറ്റിക്ക് പകരം റിയല്‍ കണക്ടിവിറ്റി സാധ്യമാക്കുന്നുവെന്നതാണ് അപ്അപ്അപ് ആപ്പിന്റെ സവിശേഷത. ഉപയോക്താക്കള്‍ക്ക് തങ്ങളുടെ പരിസരത്തുള്ള കളിസ്ഥലങ്ങള്‍ കണ്ടെത്താനും ബുക്ക് ചെയ്യാനുമാകുന്നു. കൂടാതെ കായികയിനം ആപ്പില്‍ രേഖപ്പെടുത്തിയാല്‍ കൂടെ കളിക്കാനുള്ള ആളുകളേയും ലഭിക്കുന്നു.
‘സാധാരണയായി ഇന്ന് ഒരാള്‍ക്ക് ഏതെങ്കിലും കായികയിനം കളിക്കാനായി വന്‍ തുക ഫീസായി നല്‍കി ഏതെങ്കിലും ക്ലബില്‍ ചേരേണ്ടി വരും. എന്നാല്‍ അവര്‍ക്ക് തുടര്‍ച്ചയായി ക്ലബില്‍ പോകാന്‍ പറ്റിയെന്ന് വരില്ല. ക്രമേണ അവര്‍ ക്ലബില്‍ പോകുന്നത് നിര്‍ത്തുകയും ചെയ്യുന്നു. കൂടാതെ ഇവിടെ കളിക്കാനുള്ള സമയം നിശ്ചയിക്കുന്നതും ക്ലബ്ബാണ്. ഈ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമാണ് അപ്അപ്അപ്,’ ജോസഫ് പറഞ്ഞു.
വളരെ ലളിതവും യൂസര്‍ ഫ്രണ്ട്‌ലിയുമാണ് ഈ ആപ്. പരിസരത്തുള്ള കളിസ്ഥലങ്ങളുടേയും കളിക്കാരുടേയും ലിസ്റ്റ് നല്‍കുന്നതിന് പുറമേ ഉപയോക്താവിന് വേദി തെരഞ്ഞെടുക്കാനുള്ള അവസരവും നല്‍കുന്നു. ഒരു കായികയിനത്തില്‍ മാച്ച് സംഘടിപ്പിക്കാനും അതില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവരെ ക്ഷണിക്കാനും ആപ് അവസരമൊരുക്കുന്നു.
നിലവില്‍ കൊച്ചി, തിരുവനന്തുപരം, കോഴിക്കോട്, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ സേവനങ്ങള്‍ ലഭ്യമാക്കുന്ന ഈ ആപ്പില്‍ കൊച്ചിയില്‍ മാത്രം 300-ലേറെ കളിസ്ഥലങ്ങള്‍ ലഭ്യമാക്കിക്കഴിഞ്ഞുവെന്ന് എം.സി. ജോസഫ് പറഞ്ഞു.
സാധാരണയായി മൈതാനങ്ങളും കോര്‍ട്ടുകളും അംഗത്വമുള്ളവര്‍ക്ക് മാത്രമാണ് അനുവദിക്കുന്നത്. എന്നാല്‍ ഈ ആപ്പിലൂടെ താല്‍പര്യമുള്ള കളിക്കാര്‍ക്ക് ഉയര്‍ന്ന സൗകര്യങ്ങളുള്ള വേദികളില്‍ പ്രവേശനം ലഭിക്കുന്നു. ഇത്തരം വേദികള്‍ രാവിലെയും വൈകുന്നേരങ്ങളിലുമാണ് സാധാരണയായി തുറക്കുന്നത്. പകല്‍ സമയങ്ങളിലേറെയും ഇവ അടഞ്ഞു കിടക്കുകയാണ് പതിവ്. ആപ്പിലൂടെ ബുക്ക് ചെയ്യുന്നവര്‍ക്ക് കളിസ്ഥലം അനുവദിക്കുന്നതിലൂടെ അവര്‍ക്ക് കൂടുതല്‍ വരുമാനമുണ്ടാക്കാനുള്ള അവസരം ലഭിക്കുകയാണ് ചെയ്യുന്നതെന്നും ജോസഫ് പറഞ്ഞു.
10-അംഗ സംഘമാണ് അപ്അപ്അപ് വികസിപ്പിച്ചത്. സംസ്ഥാനത്തെ വിവിധ മൈതാനങ്ങളും വേദികളും സന്ദര്‍ശിച്ച ഇവര്‍ക്ക് അവിടങ്ങളിലെ അധികൃതരില്‍ നിന്നും ക്രിയാത്മകമായ പ്രതികരണമാണ് ലഭിച്ചതെന്ന് അവര്‍ സാക്ഷ്യപ്പെടുത്തുന്നു. മറ്റ് മൊബൈല്‍ ആപ്പുകളിലെന്ന പോലെ അപ്അപ്അപ്പില്‍ ഉപയോക്താക്കള്‍ക്ക് ഓഫറുകള്‍ ലഭ്യമാക്കുകയും വേദികളെ റേറ്റ് ചെയ്യാനും റിവ്യുകള്‍ രേഖപ്പെടുത്താനുമുള്ള സൗകര്യമൊരുക്കുകയും ചെയ്യുന്നു.
ആപ്പിന്റെ രണ്ടാംഘട്ടത്തില്‍ കോച്ചിങ് സൗകര്യങ്ങളേക്കുറിച്ചും ട്രെയിനര്‍മാരെക്കുറിച്ചുമുള്ള വിവരങ്ങളടങ്ങിയ ലിങ്കും സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍ വാങ്ങാനുള്ള ലിങ്കും ഉള്‍പ്പെടുത്തുമെന്ന് ജോസഫ് പറഞ്ഞു. ആന്‍ഡ്രോയ്ഡ് പ്ലേസ്‌റ്റോറില്‍ UpUpUp എന്ന പേരില്‍ സൗജന്യ ഡൗണ്‍ലോഡുകള്‍ക്കായി ആപ് സജ്ജമായിക്കഴിഞ്ഞു.
Post Your Comments