ഹൈദരാബാദ്: തൊടുപുഴ സ്വദേശിയായ അരുണ്‍ പി.ജോര്‍ജിനെ ഹൈദരാബാദിലെ വാടക വീട്ടില്‍ വെട്ടിക്കൊന്ന കേസില്‍ ഉറ്റസുഹൃത്തായ മലയാളിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.
റെയില്‍വേ പ്രത്യേകസംരക്ഷണ സേനയിലെ (ആര്‍.പി.എസ്.എഫ്.) എ.എസ്.ഐയും സെക്കന്തരാബാദ് ആനന്ദബാഗില്‍ താമസക്കാരനുമായ യുവാവിനെയാണ് മുഷീറാബാദ് ക്രൈംബ്രാഞ്ച് പോലീസ് തിങ്കളാഴ്ച പുലര്‍ച്ചെ കസ്റ്റഡിയിലെടുത്തത്. വ്യക്തിവൈരാഗ്യമാണ് കൊലയ്ക്കുപിന്നിലെന്നാണ് സൂചന.
കൊലപാതകം നടന്ന വെള്ളിയാഴ്ച രാത്രി ഇയാള്‍ അരുണിന്റെ വീട്ടില്‍ വന്നതായി സി.സി.ടി.വി. ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിട്ടുണ്ട്. പ്രതി ഉപയോഗിച്ച ഹെല്‍മെറ്റ്, മഴക്കോട്ട് എന്നിവയും അരുണിന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്.
തെളിവിന്റെ അടിസ്ഥാനത്തിലാണ് മലയാളിയെ കസ്റ്റഡിയില്‍ എടുത്തത്. 12 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ ഇയാള്‍ കുറ്റം സമ്മതിച്ചതായാണ് സൂചന. എന്നാല്‍ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. അടുപ്പമുള്ള ആരോ ആണ് കൊലപാതകത്തിന് പിന്നിലെന്ന സംശയത്തിന്റെ പിന്‍ബലത്തില്‍ പോലീസ് അരുണിന്റെ സുഹൃത്തുക്കളെ നിരീക്ഷിച്ചുവരികയായിരുന്നു.
അരുണിന്റെ മരണശേഷം ആശുപപത്രിയിലും മറ്റുമായി എത്തിയ സുഹൃത്തുക്കള്‍ക്കൊപ്പം ഇപ്പോള്‍ കസ്റ്റഡിയിലുള്ള ആളും ഉണ്ടായിരുന്നു. മഫ്തിയിലെത്തിയ പോലീസിന് ഇയാളുടെ അസാധാരണ പെരുമാറ്റത്തില്‍ സംശയം തോന്നി. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സി.സി.ടി.വി. ദൃശ്യത്തില്‍ കണ്ടയാളുമായി സാമ്യം കണ്ടെത്തിയത്. തിങ്കളാഴ്ച പുര്‍ച്ചെ അഞ്ചുമണിയോടെയാണ് ഇയാളെ വീട്ടില്‍ നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തത്.
അതേസമയം കൊലപാതകത്തില്‍ ഒരാള്‍ക്കുകൂടി പങ്കുണ്ടെന്ന നിഗമനത്തിലാണ് പോലീസ്. രണ്ടുപേരുടെ വിരലടയാളം അരുണിന്റെ മൃതദേഹത്തില്‍ ഉണ്ട്. ഇത് കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
ശനിയാഴ്ച രാത്രിയാണ് തൊടുപുഴ പന്നൂര്‍ പറനിലയം വീട്ടില്‍ ജോര്‍ജിന്റെയും എല്‍സമ്മയുടെയും മകന്‍ അരുണ്‍ പി. ജോര്‍ജിനെ(37) സെക്കന്തരാബാദ് രാംനഗറിലെ വാടകവീടിന്റെ കുളിമുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടത്.
Post Your Comments