പത്മപ്രിയ എന്ന നടിയെ മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട കാര്യമില്ല. കൈകാര്യം ചെയ്ത വേഷങ്ങളൊക്കെത്തന്നെ തന്റേതായ രീതിയിൽ മികച്ചതാക്കി വിജയിപ്പിച്ച ചരിത്രമാണ് ഈ നടിക്കുള്ളത്.പഠനത്തിലും ഗവേഷണത്തിലും ശ്രദ്ധ കേന്ദ്രികരിച്ചപ്പോൾ തന്റെ സിനിമാജീവിതത്തിനു ചെറിയൊരു ഇടവേള നല്കാൻ ഈ നടി തയ്യാറായി.പിന്നെ വിവാഹ വാർത്തയും വന്നപ്പോൾ മറ്റു നടിമാരെപോലെ ഒരാൾ കൂടി കുടുംബം എന്ന പേരിൽ അഭിനയം മതിയാക്കി പോകുന്നു എന്നേ എല്ലാവരും കരുതിയുള്ളൂ.എന്നാൽ തനിക്ക് പഠനവും ഗവേഷണവും പോലെ തന്നെ അഭിനയവും പാഷൻ ആണെന്നും ഒരിക്കലും ഒഴിവാക്കില്ലെന്നും പദ്മപ്രിയ പറയുന്നു.ആ പാഷനും ആത്മാർത്ഥയും മനസ്സിലാക്കിയതുകൊണ്ട് തന്നെയാവാം സംവിധായകൻ രാജ കൃഷ്ണ മേനോൻ ഒരു ഹോളിവുഡ് ചിത്രം ഹിന്ദിയിൽ ഒരുക്കിയപ്പോൾ അതിലെ സൽസയും ഭരതനാട്യവും അറിയുന്ന ഒരു ഭാര്യയാവാൻ പദ്മപ്രിയയെ ക്ഷണിച്ചതും.സംവിധായകന് ഉറപ്പുണ്ടായിരുന്നു ആ വേഷം പദ്മപ്രിയയുടെ കയ്യിൽ ഭദ്രമായിരിക്കുമെന്ന്.
ചിത്രത്തിൽ മുൻ ഭർത്താവിനോട് മഹാമനസ്കത കാണിക്കുന്ന ഒരു ഭാര്യയാണ് രാധ മേനോൻ എന്ന പദ്മപ്രിയ. സെയിഫ് അവതരിപ്പിക്കുന്ന റോഷൻ എന്ന സെലിബ്രിറ്റി സ്റ്റാറ്റസുള്ള ഷെഫിൽ നിന്നും വിവാഹമോചനം നേടി, മകനൊപ്പം കൊച്ചിയിൽ താമസിക്കുന്ന ഒരു കോസ്മോപോളിറ്റൻ ലേഡി. ഒരു അവസരത്തിൽ ജോലി നഷ്ടപ്പെട്ട് കൊച്ചിയിൽ മകന്റെ അടുത്തേക്കെത്തുന്ന ഭർത്താവിനോട് സ്നേഹത്തോടെ പെരുമാറാൻ മനസ്സ് കാണിക്കുന്ന,ഒപ്പം ഭർത്താവിന്റെ കഴിവിനനുസരിച്ച് ഫുഡ് ട്രക്ക് തുടങ്ങാൻ പ്രേരിപ്പിക്കുന്ന ഒരു ഭാര്യയായി തന്റെ വേഷം വളരെയധികം ഭംഗിയാക്കിയിട്ടുണ്ട് പദ്മപ്രിയ.സങ്കീർണമായ ബന്ധങ്ങൾക്കിടയിലും തന്റെ വ്യക്തിത്വവും സ്വത്വവും കാത്തുസൂക്ഷിക്കാൻ പദ്മപ്രിയയിലൂടെ രാധ മേനോന് കഴിയുന്നു .
Post Your Comments