ന്യൂഡൽഹി: ടാറ്റ ഗ്രൂപ്പിന്റെ നഷ്ടത്തിലുള്ള കൺസ്യൂമർ ടെലികോം ബിസിനസിനെ ഭാരതി എയർടെൽ ഏറ്റെടുക്കാനൊരുങ്ങുന്നു. ടാറ്റ ഗ്രൂപ്പിൽ നിന്ന് ടാറ്റ ടെലി സർവീസസ് ലിമിറ്റഡ്, ടാറ്റ ടെലി സർവീസസ് മഹാരാഷ്ട്ര ലിമിറ്റഡ് എന്നീ കമ്പനികളെയാണ് എയർടെൽ ഏറ്റെടുക്കുന്നത്. നവംബർ ഒന്നോടെയാണ് ടാറ്റയുടെ നാലു കോടിയിലേറെ വരുന്ന വരിക്കാരെ എയർടെൽ ഏറ്റെടുക്കുന്നത്.
ടാറ്റ ടെലി സർവീസസ് സംരംഭങ്ങൾ ഇതോടെ എയർടെല്ലിൽ ലയിക്കും. ടാറ്റ ഗ്രൂപ്പിന്റെ ഒപ്‌റ്റിക്കൽ ഫൈബർ ശൃംഖല ഉപയോഗിക്കാനുള്ള അവകാശവും ഭാരതി എയർടെല്ലിന് ലഭിക്കും. ടാറ്റ ടെലിയുടെ 31,000 കോടി രൂപയുടെ കടബാധ്യത ടാറ്റ ഗ്രൂപ്പ് തന്നെ തുടർന്നും വഹിക്കും. അതേസമയം, ടെലികോം സ്പെക്‌ട്രത്തിന് ടാറ്റ ഗ്രൂപ്പ് സർക്കാരിന് നൽകാനുള്ള 9,000-10,000 കോടി രൂപയിൽ 20 ശതമാനം എയർടെൽ നൽകും. വരിക്കാരുടെ എണ്ണം ഉയർത്താനും സ്പെക്‌ട്രം ശക്തിപ്പെടുത്താനും കഴിയുമെന്നതാണ് ഏറ്റെടുക്കലിലൂടെ എയർടെല്ലിനുള്ള നേട്ടം.
Post Your Comments