ന്യൂഡല്‍ഹി: കേരളത്തിലെ നൂറ്റാണ്ടുകളായുള്ള മതസൗഹാര്‍ദം തകര്‍ക്കാന്‍ കണ്ടുപിടിച്ച മുദ്രാവാക്യമാണ് ലവ് ജിഹാദ് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നിരുത്തരവാദപരവും അപകടകരവുമായ പ്രസ്താവനകളിലൂടെ ഇസ്ലാമിക ഭീകരതയുടെ വിളനിലമായി ബി.ജെ.പി നേതാക്കള്‍ കേരളത്തെ ചിത്രീകരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സമൂഹ മാധ്യമങ്ങളിലൂടെ കേരളത്തിന്റെ പ്രതിച്ഛായ തകർക്കാൻ നിരവധി ശ്രമങ്ങൾ നടക്കുന്നുണ്ട്. ഉപതെരഞ്ഞെടുപ്പ് നടന്ന വേങ്ങരയിലൂടെ ജനരക്ഷാ യാത്ര നടത്തിയ ബിജെപി പ്രകോപനപരമായ മുദ്രാവാക്യങ്ങൾ മുഴക്കിയിട്ടും തെരഞ്ഞെടുപ്പ് ഫലം കേരളത്തിൽ ബിജെപിയെ എവിടെ നിർത്തിയിരിക്കുന്നതെന്നു കാണിച്ചു കൊടുത്തെന്നും പിണറായി അഭിപ്രായപ്പെട്ടു.
ജനാധിപത്യവും മതേതരത്വവും സോഷ്യലിസവും മുറുകെ പിടിക്കുന്നതു കൊണ്ടാണ് കേരളത്തെ വർഗീയ ശക്തികൾ ഉന്നംവയ്ക്കുന്നത്.നോട്ട് നിരോധനത്തിനെതിരേയും ബീഫ് നിരോധനത്തിനെതിരേയും ഒറ്റക്കെട്ടായാണ് കേരളം ശബ്ദമുയർത്തിയത്. അതിനെതിരേ ഇപ്പോൾ ലൗ ജിഹാദെന്നും ഇസ്ലാമിക് ഭീകരവാദത്തിന്റെയും വിളനിലമെന്നും നിരുത്തരവാദപരമായ ആരോപണം ഉന്നയിച്ച് കേരളത്തിനെതിരേ പ്രചാരണം അഴിച്ചുവിടുകയാണു ബിജെപി നേതാക്കൾ. അതിനു ചില മാധ്യമങ്ങളെയും ഉപയോഗിക്കുന്നു.
കേരളത്തിന്റെ പ്രതിച്ഛായ തകർക്കാൻ സമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണങ്ങളാണ് നടത്തിയത്. ഫുട്ബോൾ മാച്ചിന്റെ ആഘോഷ പ്രകടനം കേരളത്തിൽ കൊലപാതകം ആഘോഷിക്കുന്നതിന്റെ വീഡിയോ ആയി പ്രചരിപ്പിച്ചു. മറ്റേതോ സംസ്ഥാനത്ത് നടന്ന കലാപം കേരളത്തിലേതാക്കി ട്വിറ്ററില്‍ പോസ്റ്റിട്ടു. മറ്റെവിടെയോ ഉള്ള ചിത്രംവെച്ച് കേരളത്തിലെ റോഡുകളില്‍ കൂട്ട ഗോഹത്യയാണെന്ന പ്രചാരണമുണ്ടായി.
ഗൗരി ലങ്കേഷിന്റെ വധത്തിനെതിരായ തെരുവുനാടകം കേരളത്തില്‍ പകല്‍വെളിച്ചത്തില്‍ നടുറോഡില്‍ ഹിന്ദുസ്ത്രീ കൊല്ലപ്പെടുന്നതിന്റെ വിഡിയോ എന്ന് പറഞ്ഞ് പ്രചരിപ്പിച്ചു. ഇതെല്ലാം വ്യാജ പ്രചാരണങ്ങളായിരുന്നുവെന്ന് പിന്നീട് തെളിഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
Post Your Comments