ഏത്തക്കായ വറുത്തത്, കുരുമുളക്, ഏലം, തേൻ, മുളയരി തുടങ്ങി മലയാളിയുടെ തനത് ഉൽപന്നങ്ങളെല്ലാം ആമസോൺ ഉപഭോക്താക്കളുടെ പക്കലേക്ക് പോകുന്നതു തിരുവനന്തപുരത്തെ ക്രിസ്റ്റി ട്രീസ ജോർജിന്റെ വീട്ടിൽനിന്നാണ്. ഇത്തരത്തിൽ പ്രതിമാസം പത്ത് ലക്ഷത്തിലേറെ രൂപയാണ് ക്രിസ്റ്റി സമ്പാദിക്കുന്നത്. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിൽനിന്നുള്ള ചെറുകിട ഉൽപാദകരിൽനിന്നു വാങ്ങുന്ന സാധനങ്ങളാണ് ക്രിസ്റ്റി പായ്ക്ക് ചെയ്ത് ആമസോണിന്റെ പെട്ടിക്കുള്ളിലാക്കി അയയ്ക്കുന്നത്.
ഹാൻടെക്സിലെ ഫാഷൻ ഡിസൈനർ ജോലി ഉപേക്ഷിച്ചു 2013ൽ ക്രിസ്റ്റി കൈത്തറി വസ്ത്രങ്ങൾ വിൽക്കുന്ന ലൂംസ് ആൻഡ് വീവ്സ് എന്ന സ്ഥാപനം തുടങ്ങിയെങ്കിലും ഇത് നഷ്ടത്തിലായി. പിന്നീട് ആമസോൺ രാജ്യത്ത് തുടങ്ങിയ സമയത്ത് ആദ്യത്തെ 10,000 സെല്ലർമാരുടെ കൂട്ടത്തിൽ ക്രിസ്റ്റിയെയും തിരഞ്ഞെടുത്തു. ആദ്യമൊക്കെ ബാലരാമപുരം, കണ്ണൂർ കൈത്തറി വസ്ത്രങ്ങളായിരുന്നു വിറ്റിരുന്നത്. പിന്നീട് ബെഡ്ഷീറ്റ്, ഏത്തക്കായ വറുത്തത്, ആയുർവേദ ഉൽപന്നങ്ങൾ, ചണ ബാഗുകൾ തുടങ്ങി പലതരം ഉൽപന്നങ്ങൾ വിൽക്കാൻ ആരംഭിച്ചു. ആമസോൺ കൈമാറിയിട്ടുള്ള പായ്ക്കറ്റുകളിൽ ഉൽപന്നങ്ങൾ നിറച്ചു സീൽ ചെയ്ത് ഉപഭോക്താവിന് നേരിട്ട് അയച്ചു കൊടുക്കും. ദിവസേന 200 ഓർഡറെങ്കിലും ഇപ്പോൾ ലഭിക്കുന്നുണ്ടെന്നാണ് ക്രിസ്റ്റി പറയുന്നത്.
Post Your Comments