ദസന: തല്‍വാര്‍ ദമ്പതികള്‍ ഇനി എല്ലാ മാസവും ദസന ജയില്‍ സന്ദര്‍ശിക്കും. നോയിഡയിലെ ഇരട്ടക്കൊലപാതകക്കേസില്‍ അലഹാബാദ് ഹൈക്കോടതി വെറുതെ വിട്ട ദമ്പതികൾ പതിനഞ്ച് ദിവസത്തിലൊരിക്കല്‍ ജയില്‍ സന്ദര്‍ശിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ദന്ത ഡോക്ടര്‍മാരായ ഇരുവരും ദസന ജയിലില്‍ തങ്ങളുടെ സഹതടവുകാരായിരുന്നവരുടെ ദന്തപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനാണ് ജയിൽ സന്ദർശനം നടത്തുക. 2013 നവംബര്‍ മുതല്‍ കേസില്‍ ശിക്ഷിക്കപ്പെട്ട ഇരുവരും ദസന ജയിലില്‍ ആയിരുന്നു.
കഴിഞ്ഞ ആഴ്ചയാണ് മകളുടേയും വീട്ടുജോലിക്കാരന്റെയും കൊലപാതകത്തിന് ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് ദസന ജയിലില്‍ കഴിഞ്ഞിരുന്ന തല്‍വാര്‍ ദമ്പതികളെ കോടതി വെറുതെ വിട്ടത്. തല്‍വാര്‍ ദമ്പതികള്‍ വിധിപ്പകര്‍പ്പ് പുറത്ത് വരുന്ന മുറയ്ക്ക് നാളെ ജയില്‍മോചിതരാകും. പതിനഞ്ച് ദിവസത്തിലൊരിക്കല്‍ ജയിലില്‍ എത്തി തടവുകാരെ പരിശോധിക്കാമെന്ന് തടവുകാരുടെ ദന്താരോഗ്യത്തെക്കുറിച്ചുള്ള ആശങ്ക അറിയിച്ചപ്പോള്‍ അവര്‍ സമ്മതിച്ചതായി ജയില്‍ ഡോക്ടര്‍ സുനില്‍ ത്യാഗി അറിയിച്ചു.
തല്‍വാര്‍ ദമ്പതികള്‍ ജയിലില്‍ കഴിയവെ തടവുകാരെയും ജയില്‍ ഉദ്യോഗസ്ഥരെയും പരിശോധിച്ചിരുന്നു. ഇവർക്ക് പുറമെ ഗാസിയാബാദ് ഡെന്റല്‍ കോളജിലെ ഡോക്ടര്‍മാരും ജയിലില്‍ എത്തിയിരുന്നു. രാജേഷ് തല്‍വാറിന്റെ സഹോദരന്‍ ഒഫ്താല്‍മോളജിസ്റ്റ് ദിനേഷ് തല്‍വാറും ദസന ജയില്‍ സന്ദര്‍ശിക്കുമെന്ന് ജയില്‍ അധികൃതര്‍ അറിയിച്ചു.
Post Your Comments