ലക്നോ: പീഡനത്തിനിരയായ പെൺകുട്ടി ആത്മഹത്യ ചെയ്ത നിലയിൽ. കൂട്ടമാനഭംഗത്തിനിരയാക്കിയവർ പരാതി പിൻവലിച്ചില്ലെങ്കിൽ വീണ്ടും പീഡിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് മാനസിക സമ്മർദ്ദം താങ്ങാൻ കഴിയാതെ പതിനാറുകാരിയാണ് ആത്മഹത്യ ചെയ്തത്. ഉത്തർപ്രദേശ് ബാഗ്പത് ജില്ലയിലെ കിർത്തൽ ഗ്രാമത്തിലാണു വേദനാജനകമായ സംഭവം നടന്നത്. പോലീസ് അനാസ്ഥയാണ് ഇതിനു കാരണമെന്ന് പെൺകുട്ടിയുടെ കുടുംബം ആരോപിക്കുന്നു.
അഞ്ചുപേർചേർന്നു ജൂലൈ അഞ്ചിന് പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയിഅഞ്ചു ദിവസത്തെ പീഡനത്തിനുശേഷം വഴിയിൽ ഉപേക്ഷിച്ചു. വീട്ടിൽ തിരിച്ചെത്തിയ പെണ്‍കുട്ടി മാതാപിതാക്കൾക്കൊപ്പം പോലീസിലെത്തി പരാതി നൽകിയെങ്കിലും കേസിന്റെ ചുമതലയുണ്ടായിരുന്ന എസ്ഐ അജയ് കുമാർ യാതൊരു വിധ നടപടികളും കൈക്കൊണ്ടില്ല. പെണ്‍കുട്ടിയും മാതാപിതാക്കളും രണ്ടു മാസം മുന്‍പ് പരാതിയുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കണ്ടു. തുടർന്ന് മുഖ്യമന്ത്രി നിർദേശിച്ചിട്ടും പോലീസ് നടപടിയെടുത്തില്ല.
കഴിഞ്ഞ വെള്ളിയായ്ച്ച ചന്തയിൽ പോയ പെണ്‍കുട്ടിയെ പീഡിപ്പിച്ചവർ തടഞ്ഞുനിർത്തി തങ്ങൾക്കെതിരായ കേസ് പിൻവലിച്ചില്ലെങ്കിൽ വീണ്ടും പീഡിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തുകയും കൈയേറ്റം ചെയ്യുകയും ചെയ്തു. ഇതേ തുടർന്ന് കടുത്ത മാനസിക സമ്മർദ്ദത്തിലായ പെണ്‍കുട്ടി കഴിഞ്ഞ ദിവസം ജീവനൊടുക്കുകയായിരുന്നു.
Post Your Comments