കൊട്ടാരക്കര: സോളാർ വിഷയം കത്തി നിൽക്കുമ്പോൾ കേരള കോണ്‍ഗ്രസ് (ബി) നേതാവ് ആര്‍.ബാലകൃഷ്ണപിള്ള, മകന്‍ കെ.ബി.ഗണേശ്കുമാര്‍ എംഎല്‍എ എന്നിവര്‍ക്കെതിരെയും പരാതി നൽകാനുറച്ച് കോൺഗ്രസ്. സോളര്‍ കേസില്‍ സരിത നായരുടെ വെളിപ്പെടുത്തലിനു പിന്നില്‍ ബാലകൃഷ്ണപിള്ളയും ഗണേശ് കുമാറുമാണെന്നാണ് ആരോപണം. ഗൂഢാലോചനയില്‍ ഇവര്‍ക്കുള്ള പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പരാതി നല്‍കുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങൾ സൂചിപ്പിച്ചു.
ഗണേശ്കുമാറിന്റെ രണ്ടു മുന്‍ ഡ്രൈവര്‍മാരുടെ മരണത്തിനു പിന്നിലെ ദുരൂഹതകളും അന്വേഷിക്കണം. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെയും കോണ്‍ഗ്രസ് നേതാക്കളെയും പ്രതികളാക്കിയ ഗൂഢാലോചന നടന്നതു പത്തനാപുരത്തും കൊട്ടാരക്കരയിലുമാണ്. സരിത പത്തനംതിട്ട ജയിലില്‍ കിടക്കുമ്ബോള്‍ അവിടെയെത്തി സരിത എഴുതിയെന്നു പറയുന്ന കത്ത് വാങ്ങിയവരാരാണെന്നു കണ്ടെത്തണം. പ്രമുഖരുടെ പേരുകള്‍ ഉള്‍പ്പെടുത്തി തയാറാക്കിയ കത്തുപയോഗിച്ച് ഭീഷണിപ്പെടുത്തി കോടികളുടെ തട്ടിപ്പ് നടത്തിയതായി സംശയിക്കുന്നതായും കെ പി സി സി നിർവാഹക സമിതി അംഗങ്ങൾ സൂചിപ്പിച്ചു.
സോളാര്‍ കേസില്‍ കെ.ബി. ഗണേശ്കുമാറിന്റെ പങ്കിനെകുറിച്ച് ബിജു രാധാകൃഷ്ണന്‍ നടത്തിയ വെളിപ്പെടുത്തലിനെകുറിച്ചും അന്വേഷണം നടക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.നിര്‍വാഹക സമിതിയംഗങ്ങളായ സി.ആര്‍. നജീബ്, അഡ്വ. അലക്സ് മാത്യു, റെജിമോന്‍ വര്‍ഗീസ്, ഡി.സി.സി ജനറല്‍ സെക്രട്ടറി നടുക്കുന്നില്‍ വിജയന്‍, യൂത്ത് കോണ്‍ഗ്രസ് മുന്‍ നിയോജകമണ്ഡലം പ്രസിഡന്റ് കുളക്കട അനില്‍ എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കടുത്തു.
Post Your Comments