കോഴിക്കോട്: കേരളം സുരക്ഷിതമല്ലെന്ന വ്യാജസന്ദേശം എത്തിയത് മലയാളിയുടെ നമ്പറില്‍നിന്ന്. മലയാളിയുടെ പേരിലുള്ള സിം കാര്‍ഡാണ് ഉപയോഗിച്ചിരിക്കുന്നത്. കോടഞ്ചേരി സ്വദേശി ഷമീര്‍ എന്ന ഹോട്ടല്‍തൊഴിലാളിയുടെ പേരിലുള്ള മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചാണ് വാട്‌സ് ആപ്പില്‍ ഓഡിയോ പ്രചരിക്കുന്നത്.
ഷമീറിന്റെ പേരില്‍ ബംഗാളി സ്വദേശിയായ ഷാരൂഖ് ഖാനാണ് സിം കാര്‍ഡ് എടുത്തതെന്നും ഇതുപയോഗിക്കുന്നത് ഷാരൂഖ് ഖാനാണെന്നുമാണ് പോലീസിനു ലഭിച്ച വിവരം. ഹോട്ടല്‍തൊഴിലാളിയായ എം.ഡി. ആലത്തിനെ ചോദ്യം ചെയ്തപ്പോഴാണ് ഷമീറിന്റെ പേരിലുള്ള സിം കാര്‍ഡിനെക്കുറിച്ച് പോലീസിനു വിവരം ലഭിച്ചത്. ആലത്തിന്റെ മൊെബെല്‍ ഫോണില്‍ കേരളം സുരക്ഷിതമല്ലെന്ന് പറയുന്ന ഓഡിയോയും ചിത്രങ്ങളുമുണ്ടായിരുന്നു.
ആലത്തിന്റെ ഫോണിലേക്ക് സന്ദേശം അയച്ച നമ്പറും പോലീസ് പരിശോധിച്ചു. കോടഞ്ചേരിയിലെ ഷമീറിന്റെ വീട്ടില്‍ പോലീസ് എത്തിയെങ്കിലും നടക്കാവിലെ ഹോട്ടലില്‍ ജോലി ചെയ്യുന്ന ഷാരൂഖ് ഖാനാണ് സിം ഉപയോഗിക്കുന്നതെന്ന് മനസിലായി. ഇയാള്‍ ബംഗാളിലേക്ക് പോയെന്നും കൂടുതല്‍ വിവരങ്ങള്‍ അറിയില്ലെന്നുമാണ് കൂടെ ജോലി ചെയ്യുന്നവര്‍ പറയുന്നത്.
അതേസമയം ബിഹാറി ഭാഷയായ ഭോജ്പുരിയിലുള്ള സന്ദേശം ഷാരൂഖ് ഖാന്റെതല്ലെന്നാണ് കൂടെ ജോലി ചെയ്യുന്നവര്‍ പറയുന്നത്. ഇക്കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല. വ്യാജപ്രചരണം നടത്തിയ കര്‍ണാടക സ്വദേശി മുങ്ങി. പോലീസ് അന്വേഷണം ആരംഭിച്ചതോടെയാണ് നഗരത്തിലെ ഹോട്ടലില്‍ ജോലി ചെയ്തിരുന്ന ഇയാള്‍ ഒളിവില്‍ പോയത്.
Post Your Comments