ന്യൂഡല്‍ഹി: ആരുഷി വധക്കേസില്‍ മാതാപിതാക്കൾക്ക് ജയിലില്‍ നിന്ന് പുറത്തിറങ്ങാനായില്ല. ആരുഷിയുടെ അഛന്‍ രാജേഷ് തല്‍വാറിനേയും അമ്മ നൂപൂറിനേയും വ്യാഴാഴ്ചയാണ് കേസ് പരിഗണിച്ച അലഹബാദ് ഹൈക്കോടതി വെറുതേ വിട്ടത്. ജയില്‍ അധികൃതര്‍ക്ക് ഇരുവരേയും വെറുതെവിട്ടുകൊണ്ടുള്ള ഉത്തരവ് കൈമാറാത്തതിനാലാണ് ഇരുവരുടേയും മോചനം നീളുന്നത്.
ഇരുവരേയും ഉത്തര്‍പ്രദേശിലെ ദസ്‌ന ജയിലിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. ദസ്‌ന ജയിലില്‍ ഇവരെ മോചിപ്പിക്കുന്നതിന് മുമ്പ് അലഹബാദില്‍ നിന്നും കോടതി ഉത്തരവിന്റെ ഒപ്പുവെച്ച പകര്‍പ്പ് എത്തിക്കേണ്ടതുണ്ട്. എന്നാല്‍ ശനി, ഞായര്‍ അവധി ദിനങ്ങള്‍ കൂടി വന്നതോടെ ദമ്പതികള്‍ തിങ്കളാഴ്ച വരെ കാത്തിരിക്കേണ്ടി വരും.
ഇവരെ മോചിപ്പിക്കാൻ ഫാക്‌സിലോ ഇമെയിലിലോ ലഭിക്കുന്ന ഉത്തരവ് മതിയാവില്ലെന്ന് ജയില്‍ ഉദ്യോഗസ്ഥനായ ദാധിരാം മൗര്യ പറഞ്ഞു. കോടതിയാണ് കാലതാമസം വരുത്തുന്നതെന്നും ജയില്‍ അധികൃതരല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇരട്ട കൊലപാതകത്തില്‍ തല്‍വാര്‍ ദമ്പതിമാരുടെ പങ്ക് സ്ഥാപിക്കാന്‍ സി.ബി.ഐക്ക് ആയില്ല എന്ന് വ്യക്തമാക്കിയാണ് കോടതി ഇരുവരേയും വെറുതേ വിട്ടത്.
Post Your Comments