ചെന്നൈ: തമിഴ്നാട്ടില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളത്തില്‍ 20 ശതമാനം വര്‍ധന. ഏഴാം ശമ്പളക്കമ്മിഷന്‍ ശുപാര്‍ശ നടപ്പാക്കുന്നതുവരെ താത്കാലിക ആശ്വാസമായിട്ടാണിത്. ഏഴാം കമ്മിഷന്റെ ശുപാര്‍ശകള്‍ പരിശോധിച്ച് ജീവനക്കാരുടെ ശമ്പളം പരിഷ്‌കരിക്കുമെന്ന് മന്ത്രിസഭായോഗത്തിനുശേഷം മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമി അറിയിച്ചു.
കമ്മിഷന്റെ ശുപാര്‍ശകള്‍ നടപ്പാക്കണമെന്നും അതുവരെ 20 ശതമാനം വര്‍ധന നല്‍കണമെന്നും ആവശ്യപ്പെട്ട് സര്‍ക്കാര്‍ ജീവനക്കാരും സ്‌കൂള്‍ അധ്യാപകരും സെപ്റ്റംബര്‍ ഏഴുമുതല്‍ ഒന്‍പതുദിവസം പണിമുടക്കിയിരുന്നു. ജീവനക്കാര്‍ ഒരുമണിക്കൂറിനകം ജോലിക്ക് തിരിച്ച് കയറണമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടതിനെത്തുടര്‍ന്നാണ് പണിമുടക്ക് പിന്‍വലിച്ചത്. സമരം പിന്‍വലിച്ചാല്‍ ജീവനക്കാരുമായി ചര്‍ച്ചനടത്താന്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കുമെന്നും കോടതി അറിയിച്ചിരുന്നു. തുടര്‍ന്ന് സെപ്റ്റംബര്‍ 22-ന് ജീവനക്കാരുമായി ചീഫ് സെക്രട്ടറി ചര്‍ച്ചനടത്തി.
Post Your Comments