KeralaLatest NewsNews

സോളാര്‍ കേസ്: അന്വേഷണ സംഘത്തലവനെ സ്ഥാനത്തുനിന്ന് നീക്കി

തിരുവനന്തപുരം: സോളാര്‍ കേസ് അന്വേഷിച്ചിരുന്ന എ.ഹേമചന്ദ്രനെ ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്ത് നിന്ന് നീക്കി. കൂടാതെ എഡിജിപി കെ പത്മകുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്നും സര്‍ക്കാര്‍ നീക്കുകയും ചെയ്തു.

കെഎസ്ആര്‍ടിസി സിഎംഡി സ്ഥാനത്തേക്കാണ് എ.ഹേമചന്ദ്രനെ മാറ്റിയത്. മാര്‍ക്കറ്റ്ഫെഡ് എം.ഡിയായി പത്മകുമാറിനെയും നിയമിച്ചു. സോളാര്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇരുവരുടെയും സ്ഥാനമാറ്റം. ഉമ്മന്‍ചാണ്ടിയെ ക്രിമിനല്‍ കുറ്റത്തില്‍ നിന്നും രക്ഷപെടുത്താന്‍ പ്രത്യേക അന്വേഷണ സംഘം കുത്സിത ശ്രമങ്ങള്‍ നടത്തിയെന്ന് ജുഡീഷ്യല്‍ അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

ഐജി പത്മകുമാര്‍ ഐപിഎസ്, ഡിവൈഎസ്പി ഹരികൃഷ്ണന്‍ എന്നിവര്‍ തെളിവുകള്‍ നശിപ്പിച്ചു. സംഘം പ്രധാന രേഖകള്‍ പരിശോധിച്ചിട്ടില്ലെന്നും കമ്മീഷന്‍ കണ്ടെത്തിയിരുന്നു. കേരള പോലീസ് അസോസിയേഷന്‍ ഭാരവാഹികളും അതിന്റെ ജനറല്‍സെക്രട്ടറി ജി.ആര്‍. അജിത്തും 20 ലക്ഷം രൂപ സോളാര്‍ പ്രതികളില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്ന ആരോപണത്തില്‍ സര്‍വീസ് ചട്ടപ്രകാരം വകുപ്പുതല നടപടിയും വിജിലന്‍സ് അന്വേഷണവും നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

കേസില്‍ ബന്ധപ്പെട്ട കേന്ദ്രസംസ്ഥാന മന്ത്രിമാര്‍, എംഎല്‍എമാര്‍, പോലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുടെ കുറ്റകരമായ പങ്കിനെ സംബന്ധിച്ച് തെളിവുകളും മറ്റ് രേഖകളും പരിശോധിച്ചിട്ടില്ലെന്നും കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ നിഗമനമുണ്ട്. ഐജി പത്മകുമാര്‍ ഐപിഎസ്, ഡിവൈഎസ്പി ഹരികൃഷ്ണന്‍ എന്നിവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button