
കാഞ്ഞങ്ങാട്: മദ്യശാല തൊഴിലാളികള്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് കോടതി പരിസരത്തെ വെയര്‍ഹൗസ് ഗോഡൗണില്‍ പ്രവര്‍ത്തിക്കുന്ന ബീവറേജ് മദ്യശാല അടച്ചുപൂട്ടുന്നു. വെയര്‍ഹൗസിനകത്തെ 14 തൊഴിലാളികളാണ് ഔട്ട്ലറ്റിലേക്ക് കൊണ്ടുവരുന്ന മദ്യം ലോറിയില്‍ നിന്നും ഇറക്കിയിരുന്നത്. എന്നാല്‍ ഇവിടെ സാധനങ്ങള്‍ ഇറക്കാനുള്ള അവകാശം തങ്ങള്‍ക്കാണെന്ന് പുറമെയുള്ള തൊഴിലാളികള്‍ അവകാശവാദമുന്നയിച്ചതോടെ തർക്കമുണ്ടാകുകയായിരുന്നു.
നേരത്തെ പുതിയകോട്ടയില്‍ ബീവറേജസ് ഔട്ട്ലറ്റ് പ്രവര്‍ത്തിക്കുമ്പോള്‍ ഇവിടെ മദ്യം ഇറക്കിയിരുന്നത് പുറമെ നിന്നുള്ള തൊഴിലാളികളായിരുന്നു. വെയര്‍ഹൗസ് കെട്ടിടത്തില്‍ ബിവറേജസ് ഔട്ട്ലെറ്റ് തുടങ്ങിയപ്പോള്‍ തുടക്കത്തില്‍ പുറമെ നിന്നുള്ള തൊഴിലാളികളെയും അനുവദിച്ചിരുന്നെങ്കിലും പിന്നീട് പൂർണമായും വെയർഹോബ്സ് തൊഴിലാളികളെ ചുമതല ഏൽപ്പിക്കുകയായിരുന്നു. തര്‍ക്കം തീര്‍ക്കാന്‍ ജില്ലാ കലക്ടറുടെ സാന്നിധ്യത്തിലുള്‍പ്പെടെ ചര്‍ച്ച നടത്തിയെങ്കിലും പരിഹാരം കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതേ തുടര്‍ന്നാണ് ഔട്ട്ലെറ്റ് പൂട്ടാന്‍ ബീവറേജസ് കോര്‍പ്പറേഷന്‍ തീരുമാനിച്ചത്. നഗരസഭയ്ക്ക് കീഴിലെ കോട്ടച്ചേരി മത്സ്യ മാര്‍ക്കറ്റിലേക്ക് ബിവറേജ് മാറ്റി പ്രവർത്തിപ്പിക്കാൻ അനുമതി നൽകിയിട്ടുണ്ട്.
Post Your Comments