തിരുവനന്തപുരം•സംസ്ഥാനത്തെ മുഴുവന്‍ വകുപ്പുകളുടെയും പ്രധാന പദ്ധതികള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അവലോകനം ചെയ്യുന്ന പ്രക്രിയ ആരംഭിച്ചു. ഓരോ വകുപ്പിന്റെയും 3 പ്രധാന പദ്ധതികളാണ് വിലയിരുത്തുന്നത്. പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുക എന്ന ലക്ഷ്യത്തോടെയാണിത്. പദ്ധതികള്‍ നടപ്പാക്കാന്‍ വൈകുന്നുണ്ടെങ്കില്‍ അതിന്റെ കാരണം കണ്ടെത്തി തടസ്സങ്ങള്‍ നീക്കും. 38 വകുപ്പുകളുടെ 114 പദ്ധതികളാണ് മുഖ്യമന്ത്രിയുടെ പരിശോധനയ്ക്ക് വരുന്നത്.
മുഖ്യമന്ത്രി ഉള്‍പ്പെടെ ആറ് മന്ത്രിമാരുടെ വകുപ്പുകളിലെ പദ്ധതികളാണ് ആദ്യദിവസമായ തിങ്കളാഴ്ച വിലയിരുത്തിയത്. 10-ന് ചൊവ്വാഴ്ച 12 മന്ത്രിമാരുടെ വകുപ്പുകളിലെ പദ്ധതികള്‍ അവലോകനം ചെയ്യും.
സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ഏറ്റെടുക്കാന്‍ ഉദ്ദേശിക്കുന്ന 12 പദ്ധതികള്‍ ചീഫ് സെക്രട്ടറി ഡോ.കെ.എം. അബ്രഹാം പ്രത്യേകമായി അവതരിപ്പിച്ചു.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖവുമായി ബന്ധപ്പെടുത്തി അനുബന്ധ സൗകര്യവികസനം, എരമല്ലൂര്‍-കൊടുങ്ങല്ലൂര്‍ മേഖലയില്‍ ബസ് റാപ്പിഡ് ട്രാന്‍സിറ്റ് കോറിഡോര്‍, കൊച്ചിയിലെയും കോഴിക്കോട്ടെയും നിര്‍ദിഷ്ട ലൈറ്റ് മെട്രോയുടെ പുനരാവിഷ്‌കരണം, സെക്രട്ടറിയറ്റ്-തമ്പാന്നൂര്‍ സ്‌കൈ വാക്ക്, ടെക്‌നോപാര്‍ക്കിലേക്കും ടെക്‌നോ സിറ്റിയിലേക്കും ദേശീയപാത വഴി കണക്ടിവിറ്റി, വയനാട്ടിലും മൂന്നാറിലും സുവോളജിക്കല്‍-ബൊട്ടാണിക്കല്‍ പാര്‍ക്ക്, കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ നിന്നും കോഴിക്കോടിന്റെ പ്രാന്തപ്രദേശങ്ങളിലേക്ക് അതിവേഗം എത്താന്‍ കഴിയുന്ന പാതകള്‍, കൊച്ചി-കോയമ്പത്തൂര്‍ വ്യവസായ ഇടനാഴി, റായ്പൂരില്‍ നിന്ന് മാടക്കത്തറയിലേക്ക് ഹൈവോള്‍ട്ടേജ് വൈദ്യുതി ലൈന്‍ വരുന്നതിന് മുന്നോടിയായി സംസ്ഥാനത്തെ പ്രസരണ ശൃംഗല ശക്തിപ്പെടുത്തുന്ന പദ്ധതി, ഇടുക്കി അണക്കെട്ടിന്റെ ചുറ്റുപാടും ഹൈഡല്‍ ടൂറിസം പദ്ധതി, ആലപ്പുഴയിലെ ജലാശയങ്ങളുടെ വികസനം, റബ്ബര്‍ മേഖലയില്‍ മൂല്യവര്‍ധിത ഉല്പന്നങ്ങള്‍ക്കുളള വ്യവസായങ്ങള്‍ എന്നീ പദ്ധതികളാണ് ചീഫ് സെക്രട്ടറി അവതരിപ്പിച്ചത്. ഇതിന്റെ വിശദമായ പരിശോധന പിന്നീട് നടക്കും. അതിന് ശേഷമേ ഏതെല്ലാം ഏറ്റെടുക്കണമെന്ന് തീരുമാനിക്കൂ.
നിര്‍ദിഷ്ട വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് 2018 ജൂലൈയില്‍ ആരംഭിക്കാന്‍ കഴിയുമെന്ന് മുഖ്യമന്ത്രിയുടെ വകുപ്പുകളുടെ അവലോകനത്തില്‍ വ്യക്തമായി. തോന്നയ്ക്കലാണ് ഇന്‍സ്റ്റിറ്റ്യൂട്ട് വരുന്നത്. സെക്രട്ടറിയറ്റ് ജീവനക്കാര്‍ക്ക് ഇലക്‌ട്രോണിക് സര്‍വീസ് ബുക്ക് ഏര്‍പ്പെടുത്തുന്നതിനുളള നടപടികള്‍ പുരോഗമിക്കുകയാണ്.
സെക്രട്ടറിയറ്റില്‍ വകുപ്പതല ഫയല്‍ അദാലത്ത്
സെക്രട്ടറിയറ്റില്‍ ഉദ്യോഗസ്ഥര്‍ ജോലി സമയത്ത് സീറ്റില്‍ ഉണ്ടാവണമെന്ന് ഉറപ്പ് വരുത്താനും ഫയലുകളുടെ നീക്കം വേഗത്തിലാക്കാനും ഉതകുന്ന ഫലപ്രദമായ സംവിധാനം ഉണ്ടാക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. വകുപ്പുതലത്തില്‍ അദാലത്തു നടത്തി ഫയലുകള്‍ തീര്‍പ്പാക്കണം. സെക്രട്ടറിയറ്റ് കാന്റീന്‍ നവീകരിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.
പ്രവാസിക്ഷേമം
പ്രവാസികളുടെ സ്ഥിതിവിവരക്കണക്ക് ശേഖരിക്കുന്നതിനുളള പ്രവര്‍ത്തനം മുന്നോട്ടുപോവുകയാണ്. എല്ലാ പ്രവാസികളുടെയും വിവരങ്ങളും റജിസ്റ്റര്‍ ചെയ്യുന്നതിന് സോഫ്റ്റ്‌വേര്‍ ഉണ്ടാക്കാന്‍ ഉദ്ദേശിക്കുന്നു. പ്രവാസികളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യുന്നതിന് 2018 ജനുവരിയില്‍ തിരുവനന്തപുത്ത് ലോക കേരള സഭ ചേരും. പ്രവാസി സംഘടനകള്‍ക്ക് പ്രാതിനിധ്യമുളള സഭ, പ്രവാസി പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനുളള വേദിയാണ്. വിദേശത്ത് ജോലിക്ക് പോകുന്നവര്‍ക്ക് വിദഗ്ധ പരിശീലനം നല്‍കുന്ന പദ്ധതി നോര്‍ക്ക റൂട്‌സ് ആരംഭിച്ചിട്ടുണ്ട്. ഈ വര്‍ഷം തന്നെ പരിശീലന പരിപാടി ആരംഭിക്കും.
വാഹനങ്ങളുടെ അമിതവേഗം നിയന്ത്രിക്കുന്നതിനും മറ്റു കുറ്റകൃത്യങ്ങള്‍ കണ്ടെത്തുന്നതിനും സംസ്ഥാനത്തെ പ്രധാന റോഡുകളില്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിക്കുന്നതിന് ആഭ്യന്തര വകുപ്പ് നടപടി ആരംഭിച്ചിട്ടുണ്ട്. 2018 മാര്‍ച്ചില്‍ ഇതിന് കരാര്‍ നല്‍കും. സംസ്ഥാനത്തെ 57 ജയിലുകളിലും 139 കോടതികളിലും വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം ഏര്‍പ്പെടുത്തുന്നുണ്ട്. തടവുകാരുടെ റിമാണ്ടുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വീഡിയോ കോണ്‍ഫറന്‍സിങ് വഴി കോടതിക്ക് തീരുമാനമെടുക്കാന്‍ കഴിയും. 2018-ല്‍ ഇതു പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു.
ജലവിഭവം
കോഴിക്കോട്-നീലേശ്വരം വെസ്റ്റ് കോസ്റ്റ് കനാല്‍ വികസിപ്പിക്കുന്നതിനുളള നടപടികള്‍ ആരംഭിച്ചു. ഇതിനാവശ്യമായ ഭൂമി എടുക്കുന്നത് വേഗത്തിലാക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു. പാര്‍വതി പുത്തനാര്‍ ശുദ്ധീകരിക്കുന്നതിനും വികസിപ്പിക്കുന്നതിനും 333 കോടി രൂപയുടെ പദ്ധതി നടപ്പാക്കുന്നുണ്ട്. ഭൂമി ഏറ്റെടുക്കല്‍ ആവശ്യമില്ലാത്ത ശുചീകരണ പദ്ധതി ആദ്യം നടപ്പാക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു.
ഐടി
ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വകുപ്പില്‍ 1028 കോടി രൂപ മുതല്‍ മുടക്കില്‍ വരുന്ന കേരള ഫൈബര്‍ ഓപ്ടിക് നെറ്റ്‌വര്‍ക്ക് (കെഫോണ്‍) പദ്ധതിക്ക് ഭരണാനുമതി നല്‍കിക്കഴിഞ്ഞു. കേരള സ്റ്റേറ്റ് ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് എന്ന കമ്പനിയാണ് നിര്‍വഹണ ഏജന്‍സി.
കെഫോണ്‍ പദ്ധതി വരുമ്പോള്‍ 20 ലക്ഷം പേര്‍ക്ക് സൗജന്യമായി ഇന്റര്‍നെറ്റ് ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്. 5 വര്‍ഷം കൊണ്ട് അയ്യായിരം കേന്ദ്രങ്ങളില്‍ സൗജന്യ വൈഫൈ ഹോട്ട് സ്‌പോട്ട് ഏര്‍പ്പെടുത്താനുളള നടപടികളും പുരോഗമിക്കുന്നു. ആദ്യഘട്ടത്തില്‍ 2000 സൗജന്യ വൈഫൈ കേന്ദ്രങ്ങളുണ്ടാകും. സര്‍ക്കാര്‍ ഓഫീസുകള്‍, ആശുപത്രികള്‍, പാര്‍ക്കുകള്‍ തുടങ്ങി ജനങ്ങള്‍ കൂടുതലായി എത്തുന്ന സ്ഥലങ്ങളിലാണ് സൗജന്യ വൈഫൈ സൗകര്യം ഏര്‍പ്പെടുത്തുന്നത്. എഞ്ചിനീയറിംഗ് കോളേജുകളെ സംസ്ഥാനത്തെ ഐടി പാര്‍ക്കുകളായി ബന്ധപ്പെടുത്തി വിദ്യാര്‍ത്ഥികളുടെ നൈപുണ്യം വികസിപ്പിക്കാനും അവരുടെ തൊഴില്‍പരമായ കഴിവ് വളര്‍ത്താനുമുളളതാണ് മറ്റൊരു പദ്ധതി. 2018 ജനുവരിയാകുമ്പോള്‍ പദ്ധതി പൂര്‍ണ തോതില്‍ ആരംഭിക്കാന്‍ കഴിയും.
പട്ടികജാതി/പട്ടികവര്‍ഗ്ഗ, സാംസ്‌കാരിക വകുപ്പ്
പട്ടികജാതി പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം, സാമൂഹ്യസുരക്ഷ എന്നിവ ലക്ഷ്യമാക്കി ‘വാത്സല്യനിധി’ എന്ന പദ്ധതി നടപ്പാക്കുന്നുണ്ട്. പെണ്‍കുട്ടികളുടെ ജനനം മുതല്‍ 18 വയസ്സ് വരെയുളള കാര്യങ്ങള്‍ പട്ടികജാതി വകുപ്പ് ശ്രദ്ധിക്കും. കുട്ടികള്‍ക്ക് ഇന്‍ഷൂറന്‍സ് പദ്ധതി എല്‍.ഐ.സിയുമായി യോജിച്ച് നടപ്പാക്കും.
പട്ടികജാതി വിദ്യാര്‍ത്ഥികളുളള വീടുകളില്‍ പഠനമുറി ഉണ്ടാക്കിക്കൊടുക്കുന്ന പദ്ധതിയാണ് മറ്റൊന്ന്. പഠനമുറിക്ക് 2 ലക്ഷം വരെ അനുവദിക്കും. ഈ മുറിയില്‍ പഠനത്തിനുളള എല്ലാ സൗകര്യങ്ങളും ഏര്‍പ്പെടുത്തും. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ മെച്ചപ്പെടുത്തുന്നതിനുളള പദ്ധതി 2018-ല്‍ പൂര്‍ത്തിയാകും. ആദിവാസി ഊരുകളില പഠനമുറി ഒരുക്കുന്ന ‘ഗോത്രബന്ധു’ എന്ന പദ്ധതിയും നടപ്പാക്കുന്നുണ്ട്. ഊര് അടിസ്ഥാനത്തിലാണ് ഈ സൗകര്യം.
എല്ലാ ജില്ലകളിലും സാംസ്‌കാരിക നിലയങ്ങള്‍ സ്ഥാപിക്കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചിട്ടുണ്ട്. ഓരോ നിലയത്തിനും 50 കോടി രൂപയാണ് ചെലവ്. ആറ് ജില്ലകളില്‍ ഭൂമി ഉടനെ ലഭ്യമാകും. തിരുവനന്തപുരം, കോട്ടയം ഒഴികെയുളള ജില്ലകളില്‍ ഭൂമി കണ്ടെത്തിയിട്ടുണ്ട്.
തുറമുഖ വികസനം
അഴീക്കല്‍ തുറമുഖ വികസത്തിന് 500 കോടി രൂപയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്. ഇതിന് വേണ്ടി പ്രത്യേക കമ്പനി രൂപീകരിക്കും. 2019-ല്‍ പ്രവൃത്തി ആരംഭിക്കാന്‍ കഴിയും. ആലപ്പുഴ മറീന, പൊന്നാനി തുറമുഖങ്ങളുടെ വികസനത്തിനുളള നടപടികളും ആരംഭിച്ചു. 760 കോടി രൂപയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്.
ഗതാഗതം
കമ്പ്യൂട്ടര്‍ അധിഷ്ഠിത ഡ്രൈവിംഗ് ടെസ്റ്റ് നടപ്പാക്കാനുളള നടപടികള്‍ വേഗത്തില്‍ നീങ്ങുന്നു. സ്വകാര്യ പങ്കാളിത്തത്തോടെയാണ് ഇതു നടപ്പാക്കുന്നത്. എന്നാല്‍ ടെസ്റ്റ് നടത്തി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് വകുപ്പായിരിക്കും.
വിദ്യാഭ്യാസം
കിഫ്ബി പണം ഉപയോഗിച്ച് 138 സ്‌കൂളുകള്‍ മികവിന്റെ കേന്ദ്രങ്ങളാക്കുന്നുണ്ട്. 113 സ്‌കൂളുകളടെ പദ്ധതി കിഫ്ബി അംഗീകരിച്ചു. ചെലവ് 565 കോടി രൂപ. 25 സ്‌കൂളുകള്‍ക്ക് ഉടനെ അനുമതി ലഭിക്കും. അതിന് 125 കോടി രൂപയാണ് ചെലവ്. ഹൈസ്‌കൂള്‍ ക്ലാസ് മുറികള്‍ ഹൈടെക് ആക്കാനുളള പദ്ധതിയും വേഗത്തില്‍ നീങ്ങുന്നു. 45,000 ക്ലാസ് മുറികള്‍ ഹൈടെക് ആക്കുന്നതിന് 493 കോടി രൂപയുടെ പദ്ധതി കിഫ്ബി അംഗീകരിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി അധ്യാപകര്‍ക്ക് പരിശീലനം നല്‍കി. 48 ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജുകള്‍ മികവിന്റെ കേന്ദ്രങ്ങളാക്കാന്‍ നടപടി ആരംഭിച്ചു. 9 പോളിടെക്‌നിക്കുകളും 8 എഞ്ചിനീയറിംഗ് കോളേജുകളും 4 പൈതൃക കോളേജുകളും അതോടൊപ്പം മികവിന്റെ കേന്ദ്രങ്ങളാകും. 2018 ഡിസംബര്‍ ആകുമ്പോള്‍ പദ്ധതി പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്നു. ആറ് സര്‍വകലാശാലകളും മികവിന്റെ കേന്ദ്രങ്ങളാക്കും. കൊച്ചി സാങ്കേതിക സര്‍വകലാശാലയില്‍ 240 കോടി രൂപയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്. ഇതു നടപ്പാകുമ്പോള്‍ കുസാറ്റ് ഐ.ഐ.ടി നിലവാരത്തിലേക്ക് ഉയരും. എം.ജി, കണ്ണൂര്‍, കോഴിക്കോട് സര്‍വകലാശാലകള്‍ മെച്ചപ്പെടുത്തുന്നതിന് വിശദമായ പദ്ധതി തയ്യാറായി വരികയാണ്.
ജലവിഭവ മന്ത്രി മാത്യു ടി തോമസ്, പട്ടികജാതി പട്ടികവര്‍ഗ സാംസ്‌കാരിക മന്ത്രി എ.കെ. ബാലന്‍, തുറമുഖ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പളളി, ഗതാഗത മന്ത്രി തോമസ് ചാണ്ടി, വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് എന്നിവരുടെയും മുഖ്യമന്ത്രിയുടെയും കീഴിലുളള വകുപ്പുകളിലെ പദ്ധതികളാണ് ആദ്യദിവസം വിലയിരുത്തിയത്. ചീഫ് സെക്രട്ടറി ഡോ.കെ.എം. അബ്രഹാം, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നളിനി നെറ്റോ, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി (കോ-ഓര്‍ഡിനേഷന്‍) വി.എസ്. സെന്തില്‍, ഐ.ടി സെക്രട്ടറി എം. ശിവശങ്കര്‍, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി. ജയരാജന്‍ എന്നിവരും അതത് വകുപ്പുകളുടെ സെക്രട്ടറിമാരും അവലോകനത്തില്‍ പങ്കെടുത്തു.
Post Your Comments