KeralaLatest NewsNews

പീഡനത്തിനിരയായ അഞ്ചു വയസുകാരിക്ക് പരിശോധന വൈകിയ സംഭവം; ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുക്കും

അയിരൂര്‍: പത്തനംതിട്ട അയിരൂരിൽ പീഡനത്തിരയായ അഞ്ചു വയസുകാരിക്ക് പരിശോധന വൈകിയ സംഭവത്തില്‍ ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുക്കാന്‍ നിയമോപദേശത്തിന്റെ ആവശ്യമില്ലെന്ന് പോക്‌സോ കോടതി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍. പീഡനത്തിനിരയായ കുഞ്ഞിനെ മണിക്കൂറുകളോളം പരിശോധിച്ചില്ലെന്നായിരുന്നു പാതി. ഐപിസി 166എ, 166ബി, എന്നീ വകുപ്പുകള്‍ അനുസരിച്ച് കേസെടുക്കാമെന്നാണ് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ പറഞ്ഞത്.

ബന്ധുവായ യുവാവ് കുട്ടിയെ ഉപദ്രവിച്ചെന്ന പരാതിയിൽ സെപ്റ്റംബർ 14നാണ് കോയിപ്രം പൊലീസ് കേസ് എടുത്തത്. തുടർന്നു കുട്ടിയെ മെഡിക്കൽ പരിശോധനയ്ക്കു കൊണ്ടുപോയപ്പോൾ ജില്ലാ ആശുപത്രിയിൽ ആറു മണിക്കൂറോളം പരിശോധനയ്ക്ക് ഡോക്ടർമാർ തയാറായില്ലെന്നാണു ബന്ധുക്കളുടെ പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ രണ്ടു ഗൈനക്കോളജിസ്റ്റുകളെ ആരോഗ്യവകുപ്പ് സസ്പെൻഡ് ചെയ്തിരിക്കുകയാണ്. ഡോ. ലേഖ മാധവ്, ഡോ. എം.സി. ഗംഗ എന്നിവരെയാണ് ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറിയുടെ നിർദേശ പ്രകാരം സസ്പെൻഡ് ചെയ്തത്. ഇതിൽ ഡോ. ഗംഗയ്ക്കെതിരെ കേസ് എടുക്കാൻ ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി കോയിപ്രം എസ്ഐക്ക് നിർദേശം നൽകിയിട്ടും നടപടി ഉണ്ടായില്ലെന്നു പരാതി ഉണ്ട്.

ഡോക്ടർമാർ പരിശോധനയ്ക്കു തയാറായില്ലെന്നു കുട്ടിയുടെ മാതാപിതാക്കളും പഞ്ചായത്ത് അംഗങ്ങളും ആരോഗ്യമന്ത്രിക്കും ജില്ലാ കലക്ടർക്കും ജില്ലാ മെഡിക്കൽ ഓഫിസർക്കും പരാതി നൽകിയിരുന്നു. ഇതേതുടർന്ന് ബാലികയെ പരിശോധിക്കുന്നതിൽ ഡോക്ടർമാർ ഗുരുതര വീഴ്ചവരുത്തിയെന്ന റിപ്പോർട്ട് കഴിഞ്ഞദിവസം ജില്ലാ കലക്ടർ ആരോഗ്യ വകുപ്പ് സെക്രട്ടറിക്കു നൽകി. സംഭവത്തിൽ ആശുപത്രി അധികൃതർക്കു വീഴ്ച സംഭവിച്ചതായി ജില്ലാ മെഡിക്കൽ ഓഫിസറും കണ്ടെത്തിയിരുന്നു. ആരോപണ വിധേയരായ ഡോക്ടർമാർക്കെതിരായ റിപ്പോർട്ട് പരിശോധിച്ചു നടപടിയെടുക്കാൻ മന്ത്രി കെ.കെ.ശൈലജ ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറിയോട് നിർദേശിച്ചിരുന്നു.

പീഡനത്തിനിരയായ കുട്ടിക്ക് പരിശോധന നിഷേധിച്ചതു ന്യായീകരിക്കാനാവില്ലെന്നു മന്ത്രി പറഞ്ഞു. പെൺകുട്ടികൾക്കു നേരെ ലൈംഗികാതിക്രമമുണ്ടാകുമ്പോൾ തെളിവു നശിച്ചുപോകരുത് എന്ന ലക്ഷ്യത്തോടെ ശാസ്ത്രീയ മാർഗം സർക്കാർ നിർദേശിച്ചിട്ടുണ്ട്. ഇത്തരം പദ്ധതികൾ നടപ്പാക്കാതിരിക്കാൻ ചില ഉദ്യോഗസ്ഥർ ശ്രമിക്കുന്നുണ്ട്. ഇത് അംഗീകരിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു. സ്കൂളിൽ നിന്നു വീട്ടിലേക്കു പോകാൻ സ്കൂൾ ബസിൽ കയറാൻ നിൽക്കുകയായിരുന്ന പെൺകുട്ടിയെ അയൽവാസിയും ബന്ധുവുമായ യുവാവ് ഓട്ടോയിലെത്തി അയാളുടെ ബന്ധുവിന്റെ ആളൊഴിഞ്ഞ വീട്ടിൽ കൊണ്ടുപോയി ശാരീരികമായി ഉപദ്രവിക്കുകയായിരുന്നു. സംഭവത്തിൽ പിന്നീട് കോയിപ്രം പൊലീസ് കേസെടുത്തു. കുട്ടിയെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെത്തിച്ചപ്പോൾ പരിശോധന ആറു മണിക്കൂറോളം വൈകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button