CinemaLatest NewsMollywoodEast Coast SpecialParayathe VayyaEditorialCinema KaryangalWriters' CornerReader's Corner

മാധ്യമഗുണ്ടായിസമേ കടക്കൂ പുറത്ത് !!!

ശ്രീലക്ഷ്മി ഭാസ്കർ

ക്ഷീണിക്കാത്ത മനീഷയും മഷിയുണങ്ങീടാത്ത പൊൻപേനയും എന്ന ആ പഴയ മഹത്തായ വാക്യത്തിനു എന്തുകൊണ്ടും യോഗ്യരായ എത്രയോ മാധ്യമപ്രവര്‍ത്തകര്‍ ജീവിച്ചിരുന്ന നാടാണിത്. മാധ്യമപ്രവര്‍ത്തനം പത്രങ്ങളില്‍ മാത്രമായി ഒതുങ്ങി നില്‍ക്കാതെ ടെലിവിഷന്‍ ജെര്‍ണലിസമായി മാറിയപ്പോഴും മാധ്യമപ്രവർത്തനം എന്ന വാക്കിനോട് നീതി കാണിക്കാന്‍ കഴിഞ്ഞ കാലത്തെ മാധ്യമ പ്രവര്‍ത്തന രംഗത്തെ മഹാരഥന്മാർക്ക് കഴിഞ്ഞിരുന്നു.എന്നാല്‍ ഇന്ന്?

ആരുടെയൊക്കെയോ വികലമായ ആരോപണങ്ങൾക്കും ജല്പനങ്ങൾക്കുമനുസരിച്ച് ഓരോ നിമിഷവും കീഴ്മേൽ മറിഞ്ഞുകൊണ്ടിരിക്കുന്ന ചിന്താഗതികൾക്ക് അടിമപ്പെട്ടുകൊണ്ടിരിക്കുകയാണ് ഈ പൊതുസമൂഹം.അതിനവരെ പ്രേരിപ്പിക്കുന്നതാകട്ടെ മാധ്യമപ്രവർത്തനം എന്ന ആ മഹത്തായ ഉത്തരാവാദിത്ത്വത്തിന്റെ ശരിയായ അർഥം ഉൾക്കൊള്ളാതെ ഒരേ സമയം മാധ്യമപ്രവർത്തനത്തിലും ഗുണ്ടായിസത്തിലും പുതിയ ചേരുവകൾ ചേർത്തിണക്കി ദയാദാക്ഷിണ്യവും മാന്യതയുമില്ലാത്ത മൂർച്ചയേറിയ വാക്കുകളാൽ ജീവിതങ്ങളെ തച്ചുടയ്ക്കാൻ കച്ചകെട്ടിയിറങ്ങിയിരിക്കുന്ന ഗുണ്ടകളെക്കാൾ അപകടകാരികളായ ചില മാധ്യമപ്രവർത്തകർ .നമ്മുടെ അകത്തളങ്ങള്‍ ഇന്ന് കയ്യേറിയിരിക്കുന്നത് ഇവരാണ് .മുന്നിലെത്തുന്ന എന്തിനെയും ഇഴ കീറി പരിശോധിച്ച് തങ്ങള്‍ പറയുന്നതാണ് സത്യം അതാവണം നിങ്ങളുടെയും സത്യം എന്ന ദ്രവിച്ച മനോഭാവത്തോടെ,ധാര്‍ഷ്ട്യം കൈമുതലായുള്ള ഇത്തരം മാധ്യമപ്രവർത്തകരെ വീട്ടില്‍ ഇരുത്തേണ്ട സമയം എപ്പോഴേ അതിക്രമിച്ചിരിക്കുന്നു.

കഴിഞ്ഞ കുറച്ചു കാലങ്ങളായി എന്റെ ചുറ്റിലും സംഭവിച്ചുകൊണ്ടിരിക്കുന്ന ചിലതാണ് ഈ വിഷയത്തില്‍ എന്റെ തൂലിക ചലിപ്പിക്കാന്‍ എന്നെ പ്രേരിപ്പിച്ചത്. ഇതൊരു പെണ്ണെഴുത്താണ്. മാധ്യമങ്ങള്‍ ആഘോഷമാക്കിയ ഇപ്പോഴും ആഘോഷിച്ചു കൊണ്ടിരിക്കുന്ന “നടി ആക്രമിക്കപെട്ട കേസിലെ’ അപമാനിക്കപെട്ട പെണ്ണിനെ പോലൊരു പെണ്ണ്.ആ വാര്‍ത്ത‍ ഒരു ഞെട്ടലോടെ ശ്രവിച്ച ഒരായിരം പെണ്ണുങ്ങളില്‍ ഒരുവള്‍.എന്നാല്‍ ഞാനൊരു ഫെമിനിസ്ടല്ല. ഫെമിനിസ്റ്റെന്ന് അവകാശപ്പെടാന്‍ മാത്രം ബുദ്ധിഭ്രമം എനിക്ക് ബാധിച്ചിട്ടില്ല എന്ന സത്യത്തില്‍ സന്തോഷിക്കുന്ന ഒരു പെണ്ണ്.അത്തരമൊരു ദുരനുഭവം ഉണ്ടായിട്ടും കണ്ണീർ കഥയിലെ സ്ഥിരം നായികയായി കണ്ണീരൊലിപ്പിച്ച് ഇരുട്ടിൽ ഒളിക്കാതെ സത്യം വിളിച്ചു പറയാൻ ധൈര്യം കാണിച്ച് മുന്നോട്ട് വന്ന ആ പെണ്ണിന്റെ മനഃസാന്നിധ്യത്തിൽ അഭിമാനിക്കുന്ന മറ്റൊരു പെണ്ണ്.

എന്നാൽ പറഞ്ഞു കൊള്ളട്ടെ എനിക്ക് ഭൂമിയിലെ പെണ്ണുങ്ങളോട് മാത്രമല്ല സ്നേഹം. അച്ഛനും ആങ്ങളയും അടങ്ങുന്ന ആൺസമൂഹത്തിനോടും എനിക്ക് സ്നേഹമുണ്ട് ബഹുമാനമുണ്ട്.ആ ബഹുമാനത്തോടും സ്നേഹത്തോടും കൂടി നടിയെ ആക്രമിച്ചു എന്ന ആരോപണത്തിന്മേൽ ജയിലിലായ,ഇപ്പോൾ ജാമ്യത്തിൽ പുറത്തു വന്ന ആ മനുഷ്യന് വേണ്ടിയും ഞാനൊന്ന് ചിന്തിച്ചുകൊള്ളട്ടെ.അതി ഗംഭീരമായ ഒരു നിയമവ്യവസ്ഥിതിയാണ് ഈ രാജ്യത്ത് നിലകൊള്ളുന്നത്.ആ നിയമവ്യവസ്ഥിതിയിലൂന്നി എനിക്ക് ചോദിക്കാനുള്ളത് ചാനലുകളിൽ ആടിത്തിമിർക്കുന്ന മാധ്യമഗുണ്ടകളോടാണ്.ഒരു മനുഷ്യന്റെ പതനം മാത്രം ലക്‌ഷ്യം വെച്ച്, അയാളാവണം കുറ്റവാളി എന്ന് മനസിലുറപ്പിച്ച് ഘോരഘോരം പ്രസംഗിക്കുന്ന എപ്പോഴോ ബോധം നഷ്ടപ്പെട്ട ചില മാധ്യമ പ്രവർത്തകരോട് .

തുറന്ന ചാനൽ ചർച്ചകൾക്ക്, മാധ്യമപ്രവർത്തനത്തിന്റെ നേരായ നേര് ഒരു തരിപോലും ഇല്ല എന്ന് തെളിയിക്കുന്നതാണ് ദിലീപ് വിഷയം. ദിലീപുമായി ബന്ധപ്പെട്ട ചാനൽ ചർച്ചകളിൽ അഭിപ്രായഭിന്നതകളുള്ള വിവിധ വ്യക്തികളെ വിളിച്ചുവരുത്തി മാധ്യമ പ്രവർത്തകരെന്ന് സ്വയം വിശേഷിപ്പിക്കുന്ന കഴുകന്മാർ സ്‌ക്രീനിൽ അലമുറയിടുമ്പോൾ സത്യം പറയട്ടെ അതിനൊരു ചന്തമുണ്ട്.ഒരു കോമാളി ചന്തം.

ചിലർക്കൊക്കെ ചാനൽ ഫ്ലോറിലേയ്ക്ക് ടിക്കറ്റ് നൽകിയത് പോലും നടി ആക്രമിക്കപ്പെട്ട കേസ് ദിലീപിലേയ്ക്ക് തിരിഞ്ഞപ്പോൾ മാത്രമാണ് എന്നത് ശ്രദ്ധേയമായ കാര്യം.ദിലീപ് എന്ന നടന്റെ വളർച്ചകണ്ട്‌ തളർന്നു നിൽക്കുന്നവരെയാണ് ചാനൽ ചർച്ചകളിലേയ്ക് കൂടുതലായി കൊണ്ടുവന്നതും .ഇത്തരക്കാരുടെ മൂട് താങ്ങി നിൽക്കുന്ന ചില മാധ്യമപ്രവർത്തകർക്ക് മാധ്യമപ്രവർത്തനത്തിന്റെ അർഥം ശരിക്ക് അറിയില്ലെങ്കിൽ മനസ്സിലാക്കിക്കൊടുക്കാൻ ആരെങ്കിലുമൊക്കെ തുനിഞ്ഞിറങ്ങിയേ മതിയാകുവെന്നാണ് ഈ സാഹചര്യത്തിൽ നിന്നും മനസ്സിലാകുന്നത്.ഒരു മാധ്യമപ്രവർത്തകന് തൊലിക്കട്ടി വളരെയത്യാവശ്യം തന്നെ.എന്നാൽ അതിലും വലുതാണ് മാധ്യപ്രവർത്തനം എന്ന വാക്കിന് ഞാനടക്കമുള്ള മാധ്യമപ്രവർത്തനത്തെ സ്നേഹിക്കുന്ന ഒരു കൂട്ടം ജീവനുകൾ കൊടുത്തിരിക്കുന്ന സ്ഥാനവും ബഹുമാനവും. ഒരു മാധ്യമവിദ്യാർത്ഥികളും ഇവരെ മനസ്സിൽ വെച്ച് പൂജിക്കാതിരിക്കട്ടെ. അനുകരിക്കാതിരിക്കട്ടെ.മാധ്യമപ്രവർത്തനം ഒരു തൊഴിലല്ല, കച്ചവടവുമല്ല.വ്യക്തിഹത്യക്കായി ഉപയോഗിക്കേണ്ട ആയുധവുമല്ല.
അന്തഃസ്സുള്ളവർക്ക് മാത്രം മനസ്സിലാകുന്ന ഒരു വികാരമാണത്.
ഒരു മാറ്റം അനിവാര്യമാണ്.നല്ലതിന് വേണ്ടിയുള്ള മാറ്റം. ആ മാറ്റങ്ങൾക്ക് വേണ്ടിയാകണം നാവിനു മൂർച്ച വരുത്തേണ്ടത്. ഓരോ മാധ്യപ്രവർത്തകന്റെയും ഉത്തരവാദിത്വമാണത്.

സത്യത്തിൽ ദിലീപിന് ഇപ്പോൾ കിട്ടുന്ന ഇത്രയും വലിയ പിന്തുണ പുള്ളിയുടെ ആരാധക ബലമോ ഇരയോടുള്ള എതിർപ്പോ ഒന്നുമല്ല.. ദിലീപിന് 10% ആളുകൾ പോലും പിന്തുണ നൽകാത്ത സാഹചര്യം ഉണ്ടായിരുന്നു.എന്നാൽ റെക്കോർഡ് കളക്ഷനിൽ എത്തി നിൽക്കുന്ന രാമലീലയും ജയിൽ മോചിതനായ ദിലിപിന് കിട്ടുന്ന സ്വീകരണങ്ങൾക്കുമെല്ലാം നന്ദി പറയേണ്ടത് ഇവിടുത്തെ മാധ്യമങ്ങളോടാണ്. അമ്മാതിരി വെറുപ്പിക്കല്ലല്ലായിരുന്നൊ പഹയന്മാര്.. കേരളത്തിലെ മാധ്യമങ്ങളെല്ലാം ഒറ്റ തിരിഞ്ഞ് ഒരാളെ ആക്രമിക്കുന്നുണ്ടെങ്കിൽ അയാൾ തെറ്റുകാരൻ ആയിരിക്കില്ല എന്ന പൊതുബോധത്തിലേക്ക് ജനങ്ങൾ എത്തി നില്കുന്നു .അത്രയേ ഉള്ളൂ ഇവിടുത്തെ മാധ്യമങ്ങളുടെ വിശ്വാസ്യത.ഒപ്പം മാധ്യമങ്ങൾ സൃഷ്ടിക്കുന്ന സദാചാര കമ്മറ്റികളിൽ ഫെമിനിസ്റ്റ് കൊച്ചമ്മമാരും ആരും പരിഗണിക്കാത്ത ചില സിനിമ പ്രവർത്തകരും കൂടി ചേർന്നതോടെ ജനത്തിന് ദിലീപിനോടുള്ള രോഷം തണുത്ത് തുടങ്ങി.പല സംഘടനകളുടേയും പേരിൽ ഇറങ്ങുന്ന ഭൂരിഭാഗം ഫെമിനിസ്റ്റുകളും സ്വന്തം കുടുംബം പോലും നോക്കാത്തവരാണ്. ഇവർക്കൊക്കെ സ്ത്രീയോടുള്ള മതിപ്പ് എന്നതിനേക്കാൾ പുരുഷനോടുള്ള എതിർപ്പ് മാത്രമായിരിക്കും ഉണ്ടാവുക. ഇതൊക്കെ ഭൂരിഭാഗം ഫെമിനിസ്റ്റുകളുടേയും ലക്ഷണങ്ങളാണ്..പിന്നെ ഒരു സിനിമ പോലും വാണിജ്യപരമായോ കലാപരമായോ ശ്രദ്ധിക്കപ്പെടാതെ പോയ ചില ലൊട്ട് ലൊടുക്ക് സംവിധായകരും കലാകാരന്മാരും.ഇവരും ഒരു പ്രശസ്തി നേടാനുള്ള ഒരു ചവിട്ടുപടിയായി ദിലീപിനെ ഉപയോഗിക്കുകയാണ് ചെയ്തത്.ഇമ്മാതിരി ടീമുകളെ വെറുത്ത് ജനം ഒരു കുറ്റാരോപിതനെ പിന്തുണക്കുന്നതിനെ കുറ്റം പറയാൻ പറ്റില്ല.
#നീതിക്കൊപ്പം

shortlink

Related Articles

Post Your Comments

Related Articles


Back to top button