തിരുവനന്തപുരം: പത്തനംതിട്ടയില്‍ പീഡനത്തിനിരയായ അഞ്ചുവയസുകാരിയ്ക്ക് ആശുപത്രിയില്‍ ചികിത്സ നിഷേധിച്ചതായി പരാതി. ചികിത്സിക്കുന്നതില്‍ കോഴഞ്ചേരി ജില്ലാ ആശുപത്രിക്ക് വീഴ്ച സംഭവിച്ചതായാണ് കളക്ടറുടെ റിപ്പോര്‍ട്ട്. പൊലീസ് സംരക്ഷണയില്‍ ആശുപത്രിയിലെത്തിച്ച ബാലികയെ ആറുമണിക്കൂറോളം ചികിത്സ നല്‍കാതെ കാത്തിരിപ്പിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് ഗുരുതരമായ വീഴ്ചയാണ്. കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയ രണ്ട് ഡോക്ടര്‍മാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും കളക്ടര്‍ ശുപാര്‍ശ ചെയ്തു. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ ആരോഗ്യ വകുപ്പ് സെക്രട്ടറിയ്ക്ക് കൈമാറിയിട്ടുണ്ട്.
സെപ്തംബര്‍ 15ന് ഉച്ചയോടെ പൊലീസുകാരുടെ അകമ്പടിയോടെ പീഡനത്തിനിരയായ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും വൈദ്യപരിശോധന നടത്താന്‍ ആശുപത്രി അധികൃതര്‍ തയ്യാറായില്ല. ഏതാണ്ട് ആറുമണിക്കൂര്‍ കാത്തിരുന്ന ശേഷം രാത്രിയോടെ സംഘം മടങ്ങി. പിന്നീട് പിറ്റേദിവസം പത്തനംതിട്ട ജില്ലാ ആശുപത്രിയിലാണ് കുട്ടിയുടെ വൈദ്യപരിശോധന പൂര്‍ത്തിയാക്കിയത്. സംഭവം വിവാദമായതോടെ അന്വേഷണം നടത്തിയ ഡി.എം.ഒ ഗൈനക്കോളജി വിഭാഗം ഡോക്ടര്‍മാരായ ഗംഗ, ലേഖ എന്നിവര്‍ കുറ്റക്കാരാണെന്ന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പിന്നീട് ജില്ലാ കളക്ടര്‍ നടത്തിയ അന്വേഷണത്തിലാണ് ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നും ഗുരുതര കൃത്യവിലോപമുണ്ടായതായി കണ്ടെത്തിയത്.
Post Your Comments