കഴക്കൂട്ടം: തിരുവനന്തപുരം കോളേജ് ഓഫ് എന്‍ജിനിയറിംഗ് (സി.ഇ.ടി) ഹോസ്റ്റലില്‍ റാഗിംഗ് പീഡനത്തെ തുടർന്ന് വിദ്യാര്‍ത്ഥികള്‍ വാടകവീടുകളിലേക്ക് മാറുന്നു. പരാതിയെ തുടര്‍ന്ന് സീനിയര്‍ വിദ്യാര്‍ത്ഥികളായ ജോണ്‍ എം. ജേക്കബ്, പി.എസ്. അഭിലാഷ്, ടി.ആര്‍. റൂബിള്‍ എന്നിവരെ കോളേജ് അധികൃതര്‍ സസ്പെന്‍ഡ് ചെയ്തു. റാഗിംഗ് എന്ന പേരിൽ ക്രൂരമായ മർദ്ദനമാണ് ജൂനിയർ വിദ്യാർഥികൾ നേരിട്ടത്. ഓണ അവധിക്കുശേഷം ഹോസ്റ്റലില്‍ തിരിച്ചെത്തിയ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിക്കുകയും നിര്‍ബന്ധിച്ച് മദ്യം കഴിക്കാന്‍ പ്രേരിപ്പിക്കുന്നതായും ചില ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പലിന് പരാതി നല്‍കിയിരുന്നു.
പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പ്രാഥമിക അന്വേഷണത്തെ തുടര്‍ന്നാണ് മൂന്ന് പേരെ കോളേജില്‍ നിന്നു സസ്പെന്‍ഡ് ചെയ്തത്. സീനിയേഴ്‌സിന്റെ പീഡനം സഹിക്കാനാവാതെ പല വിദ്യാർത്ഥികളും ഹോസ്റ്റൽ വിട്ടു വാടക വീടുകളിലേക്കും മറ്റും മാറുകയും ചെയ്തിരുന്നു. തുടർന്ന് അദ്ധ്യാപകരായ ഡോ. കെ. അശോകന്‍, ലീന പീറ്റര്‍, എ. പ്രവീണ്‍ എന്നിവരടങ്ങുന്ന സംഘത്തെ റാഗിംഗിനെക്കുറിച്ച് വിശദമായി അന്വേഷിക്കാനായി പ്രിൻസിപ്പാൾ നിയോഗിച്ചു.
Post Your Comments