Latest NewsNewsPrathikarana Vedhi

ബി.ജെ.പിയുടെ ജനരക്ഷാ യാത്ര ചരിത്രം കുറിച്ച് മുന്നോട്ട്; യോഗി ആദിത്യനാഥ് എത്തിയപ്പോഴും അമിത് ഷാ വീണ്ടും നാളെ എത്തുമ്പോഴും മലയാളികള്‍ക്ക് നല്‍കുന്ന സന്ദേശം വിലപ്പെട്ടത്; മുതിർന്ന മാധ്യമ പ്രവർത്തകൻ കെവിഎസ് ഹരിദാസ് എഴുതുന്നു

കെ.വി.എസ് ഹരിദാസ്

കേരളം ഒരു ചരിത്രം കുറിക്കുകയാണിപ്പോൾ. ഭീകരതക്കെതിരെ, കൊലപാതക രാഷ്ട്രീയത്തിനെതിരെ, ലവ് ജിഹാദിനെതിരെ ……….. കേരളത്തെ ദൈവത്തിന്റെ സ്വന്തം നാടായി നിലനിർത്താനായി … … മലയാളിയുടെ തനിമ സംരക്ഷിക്കാനായി ………… അതെ ഒരു രക്ഷായാത്ര ………. കേരള രക്ഷായാത്ര. കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ ബിജെപി ദേശീയാധ്യക്ഷൻ അമിത് ഷാ കൊളുത്തിയ ആ പ്രതീക്ഷയുടെ തിരിനാളം ഇന്നിപ്പോൾ കേരളത്തിന്റെ മാത്രമല്ല രാജ്യത്തിൻറെ തന്നെ ആവേശമായിത്തീർന്നിരിക്കുന്നു. കുമ്മനം രാജശേഖരൻ നയിക്കുന്ന, മുതിർന്ന ബിജെപി നേതാക്കൾ അനുഗമിക്കുന്ന യാത്ര സംശയം വേണ്ട കേരളത്തിന്റെ ഭാവി തിരുത്തിക്കുറിക്കുന്നത് തന്നെയാവും.

എത്രയോ വർഷമായി കേരളം കൊലപാതക രാഷ്ട്രീയത്തിന്റെ കേളീരംഗമാണ്. അഭിപ്രായഭിന്നതകൾ എല്ലാക്കാലത്തും ഇവിടെയുണ്ടായിട്ടുണ്ട്. രാഷ്ട്രീയകക്ഷികൾക്കിടയിൽ ഭിന്നത ഉണ്ടാവുന്നത് സ്വാഭാവികമാണല്ലോ. എന്നാൽ അഭിപ്രായഭിന്നത പ്രകടിപ്പിച്ചതുകൊണ്ട് ജീവിതം തന്നെ നശിപ്പിക്കുന്ന ഒരു രാഷ്ട്രീയസംസ്കാരം ഉടലെടുത്തത് കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികർക്കിടയിൽ തന്നെയാണ്. സംഘ പ്രസ്ഥാനത്തിന്റെ വേരോട്ടം പതുക്കെപ്പതുക്കെ തുടങ്ങുന്ന കാലത്ത് തലശ്ശേരിയിലും ആലുവയിലും മറ്റും സിപിഎമ്മുകാരും ചില ഇസ്ലാമിക ഗ്രൂപ്പുകളും അക്രമത്തിന് തയ്യാറായിട്ടുണ്ട്. കൊലപാതകങ്ങളും അന്ന് നടന്നിട്ടുണ്ട്. എന്നാലത് ഏറ്റവുമധികമായത് 1977- 81 കാലഘട്ടത്തിലാണ്.

അതിനുപിന്നിലേത് സിപിഎമ്മിന്റെ ഒരു ആസൂത്രിത പദ്ധതിയായിരുന്നു എന്നത് പിൽക്കാലത്ത് സിപിഎം വിട്ടവർ തന്നെ സമ്മതിച്ചിട്ടുമുണ്ട്. അടിയന്തരാവസ്ഥ കാലത്ത് സിപിഎം സ്വീകരിച്ച നിലപാട് അവരുടെ അണികളെ വല്ലാതെ നിരാശരാക്കിയിരുന്നു. അതേസമയം ആർഎസ്എസും ജനസംഘവും കൈക്കൊണ്ട സമീപനവും അവർ നടത്തിയ സമരവുമൊക്കെ സഖാക്കൾ കാണുകയും ചെയ്തു. ജനതാപാർട്ടി കേന്ദ്രത്തിൽ അധികാരത്തിലേറുകകൂടി ചെയ്തതോടെ ആർഎസ്എസ് സഖാക്കൾക്കെല്ലാം പ്രിയങ്കരമായി. അടിയന്തരാവസ്ഥക്ക് ശേഷം നടന്ന തിരഞ്ഞെടുപ്പിൽ സിപിഎം -ആർഎസ്എസ് പ്രവർത്തകർ കൈകോർത്ത് പ്രവർത്തിച്ചത് അവരെ തമ്മിൽ അടുപ്പിച്ചിരുന്നു. അങ്ങിനെയാണ് പലയിടത്തും സഖാക്കൾ കൂട്ടത്തോടെ സംഘ ശാഖകളിൽ എത്തിത്തുടങ്ങിയത്. കേരളത്തിലെ ആർഎസ്എസിന്റെ വളർച്ചയുടെ ഒരു കാലഘട്ടമായിരുന്നു അതെന്നത് കൂടി ഓർമ്മിക്കുക. സിപിഎം മാത്രമുണ്ടായിരുന്ന മേഖലകളിൽ സംഘ ശാഖകൾ തുടങ്ങിയതും നേതൃത്വം പലവിധത്തിലും ചോദ്യം ചെയ്യപ്പെട്ടതുമൊക്കെ സിപിമ്മിനെ വല്ലാതെ വിഷമിപ്പിച്ചു. അതിന്റെ ഫലമായാണ് കൊലപാതക രാഷ്ട്രീയ സിദ്ധാന്തത്തിന് അവർ രൂപം നൽകിയത്. ഇഎംഎസിന്റെ മനസിലുയർന്ന ‘പരിഹാര മാര്ഗ്ഗ’മായിരുന്നു അതെന്നത് അന്ന് തന്നെ കേട്ടതാണ്. നമ്പൂതിരിപ്പാടായിരുന്നുവല്ലോ അന്ന് സിപിഎമ്മിന്റെ തലപ്പത്ത് .

കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കാൻ പലരും ആത്മാർഥമായി ആഗ്രഹിച്ചിരുന്നു എന്നത് ശരിയാണ് . എന്നാൽ അതൊന്നും ഫലവത്തായില്ല . ഒറ്റപ്പെട്ട സംഭവങ്ങളെ പോലും രാഷ്ട്രീയവൽക്കരിച്ചതും അത് പിന്നീട് വലിയ അക്രമങ്ങളിൽ കലാശിച്ചതും ചരിത്രത്തിന്റെ ഭാഗമാണ്. സ്വന്തം അണികളിലുള്ള അവിശ്വാസമാണ് പലപ്പോഴും അതിലേക്കൊക്കെ കാര്യങ്ങൾ കൊണ്ടുചെന്നെത്തിച്ചത് എന്നതും മറന്നുകൂടാ. എന്തുകൊണ്ടാണ് അത് സംഭവിക്കുന്നത് എന്നതിന് പുതിയ, വലിയ, വിശകലനങ്ങൾ ഒന്നും വേണ്ടതില്ല ; ഒറ്റവാക്കിൽ അതിനുത്തരമുണ്ട്, ആശയപരമായ ദയനീയത. പിൽക്കാലത്ത് പലപ്പോഴും ഇത്തരം ക്രിമിനൽ നടപടികൾ, മനുഷ്യത്വരഹിതമായ ആക്രമണങ്ങൾ, ഒരു കൂട്ടരുടെ സ്ഥിരം പരിപാടിയായി മാറുകയായിരുന്നു. കൊലപാതക രാഷ്ട്രീയം കൈകാര്യം ചെയ്യാൻ, ആസൂത്രണം ചെയ്ത് നടപ്പിലാക്കാൻ , ഒരു പാർട്ടിയിൽ പ്രത്യേകം പരിചയമുള്ളവരുണ്ടായിരുന്നു എന്നത് അടുത്തിടെ കോഴിക്കോട് ജില്ലയിൽ നടന്ന ഒരു കൊലപാതകം ഓർമ്മപ്പെടുത്തിയില്ലേ?. ഭരണകൂടം മാറുന്നതിനനുസരിച്ച് അക്രമത്തിന്റെയും അക്രമികളുടെയും രീതിയിൽ മാറ്റമുണ്ടാവുന്നതും ഇക്കാലങ്ങളിൽ നാമൊക്കെ കണ്ടിട്ടുണ്ട്. ഇത്തരം കേസുകളും അതിനെത്തുടർന്നുണ്ടാവുന്ന രാഷ്ട്രീയ ചർച്ചകളും മറ്റും പലരുടെയും മനസ് മാറ്റിയിട്ടുണ്ട് എന്നത് വ്യക്തമാണ്. പക്ഷെ അതൊന്നും ഏശാതെ കഴിയുന്നവർ കുറച്ചുപേർ ഇന്നുമുണ്ട് എന്നതാണ് കേരളം കാണിച്ചുതരുന്നത് .

നേരത്തെ സൂചിപ്പിച്ചുവല്ലോ, ‘സമാധാന ചർച്ച’കൾക്ക് എത്രയോ തവണ കേരളം സാക്ഷ്യം വഹിച്ചിട്ടുണ്ട്. ആർഎസ്എസിലെ തന്നെ മുതിർന്ന നേതാക്കൾ മുൻകയ്യെടുത്തതും ചരിത്രത്തിന്റെ ഭാഗമാണ്. 1980 -കളിലെ കാര്യം തന്നെയെടുക്കാമല്ലോ. അന്ന് ദേശീയ തലത്തിൽ ഒരു നീക്കം നടന്നതിന് ചുക്കാൻ പിടിച്ചത് പി പരമേശ്വരനും ആർ വേണുഗോപാലും ഒക്കെയാണ്. കേരളത്തിലെ ആർഎസ്എസിന്റെ മുതിർന്ന നേതാക്കളാണ് അവരിരുവരും. പി പരമേശ്വരൻ അക്കാലത്തു ദൽഹിയിൽ ദീനദയാൽ റിസർച്ച് ഇൻസ്റ്റിറ്റ്യു ട്ടിന്റെ ഡയറക്ടർ ആയി പ്രവർത്തിക്കുകയായിരുന്നു. ആർ വേണുഗോപാൽ ബിഎംഎസിലും ദേശീയ തലത്തിലുണ്ടായിരുന്നു. അവർക്ക് രണ്ടുപേർക്കും ഇടതു പക്ഷ നേതാക്കളുമായുണ്ടായിരുന്ന നല്ല ബന്ധമാണ് ചർച്ചകൾക്ക് വഴിയൊരുക്കിയത്. ഇഎംഎസ് നമ്പുതിരിപ്പാട്, ഇ ബാലാനന്ദൻ എന്നിവർ തന്നെയാണ് അക്കാലത്ത് സിപിഎം പക്ഷത്ത് ഇതുമായി ബന്ധപ്പെട്ടത്. പക്ഷെ അതൊന്നും പ്രയോജനപ്പെട്ടില്ല. സമാധാനമാണ് വേണ്ടതെന്ന് തോന്നാത്തവർക്കിടയിൽ വേദമോതുന്നത് വെറുതെയാണല്ലോ. അതൊക്കെക്കഴിഞ്ഞു ദശാബ്ദങ്ങൾ പിന്നിടുമ്പോഴാണ് ഇന്നത്തേത് പോലുള്ള ഒരു ദേശീയ പ്രക്ഷോഭത്തിന്‌ സംഘ പ്രസ്ഥാനങ്ങൾക്ക് ഇറങ്ങിപ്പുറപ്പെടേണ്ടിവന്നത്.

ഇന്നിപ്പോൾ പയ്യന്നൂരിൽ നിന്ന് തുടങ്ങി തിരുവനന്തപുരത്ത് അവസാനിക്കുന്ന കേരള രക്ഷാ യാത്ര-മാത്രമല്ല നടക്കുന്നത്. അതൊരു സാധാരണ പ്രചാരണ പരിപാടിമാത്രമല്ല. ഈ യാത്രയിൽ അനവധി മുഖ്യമന്ത്രിമാർ, കേന്ദ്ര മന്ത്രിമാർ, ബിജെപി നേതാക്കൾ തുടങ്ങിയവർ അണിനിരക്കുന്നു. കൊലപാതകങ്ങൾ മാത്രമല്ല വിഷയം എന്നതും ഓർമ്മിക്കേണ്ടതുണ്ട്. സിപിഎമ്മിന്റെ തണലിൽ നടക്കുന്ന ജിഹാദി പ്രവർത്തനങ്ങളും ചർച്ചചെയ്യപ്പെടുന്നു. ന്യൂനപക്ഷ സമുദായങ്ങളെ ആകർഷിക്കാൻ ശ്രമിച്ച്‌ പരാജയപ്പെട്ട സിപിഎം ചെന്നുപെട്ടത് ഇസ്ലാമിക സമൂഹത്തിലെ ചില ദേശവിരുദ്ധ -അക്രമോൽസുക ഗ്രൂപ്പുകൾക്കിടയിലാണ്. സംശയാസ്പദമായ വിദേശ ബന്ധം, ഭീകര പ്രവർത്തനത്തിന്റെ സ്വഭാവത്തിലുള്ള പ്രവർത്തനങ്ങൾ, രാജ്യത്ത് അസ്വാസ്ഥ്യമുണ്ടാക്കുന്ന രീതിയിലുള്ള പ്രവർത്തനം എന്നിവയെല്ലാം അവർക്ക് കൂട്ടായുണ്ടായിരുന്നു. അവരെ കൂട്ടുപിടിച്ചത്‌ കുറെ മുസ്ലിം വോട്ട് ലക്ഷ്യമിട്ടാണ്. പഞ്ചായത്ത് തിരഞ്ഞെടുപ്പിലും മറ്റും മുസ്ലിം ലീഗ് കേന്ദ്രങ്ങളിൽ സ്വാധീനമുണ്ടാക്കാൻ അതിലൂടെ സിപിഎമ്മിനായി. എന്നാൽ സിപിഎമ്മിന്റെ തണലിൽ അവർ ചെയ്തുകൂട്ടുന്നത് രാജ്യവിരുദ്ധവും ഹിന്ദു വിരുദ്ധവും രാജ്യതാല്പര്യത്തിനും മതേതരത്വത്തിനും എതിരാണ് എന്നത് പലരും മനസിലാക്കിയില്ല. അവരാണിപ്പോൾ ജിഹാദി പ്രസ്ഥാനത്തിന്റെ അമരക്കാർ. അവരിൽ ചിലർക്ക് പാക്കിസ്ഥാനിലും മറ്റും കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ചില സംഘടനകളുമായി ബന്ധമുണ്ടെന്നും മറ്റും സൂചനകൾ ഇതിനകം കേട്ടതാണ്. സിപിഎമ്മിന് കീഴിൽ, അധികാരത്തിന്റെ സൗജന്യം പാടിക്കൊണ്ട് ഇക്കൂട്ടർ കുറെയേറെ കുഴപ്പങ്ങൾ ഉണ്ടാക്കി. ലവ് ജിഹാദ് അതിന്റെ ഒരു രൂപമാണ്. ഐഎസ് പോലുള്ള സംഘടനകൾക്കായി റിക്രൂട്ട്മെന്റ് നടത്തിയവരും സാക്കിർ നായിക്കിനെപ്പോലുള്ളവർക്കായി വിടുപണിയെടുത്തവരെയും ഇക്കൂട്ടത്തിൽ കാണാനാവും. ഇവർക്കെല്ലാം ഒരു പൊതു അജണ്ടയുണ്ട്……. അത് സംഘ പ്രസ്ഥാനങ്ങളെ തകർക്കുക എന്നതാണ്. ബിജെപിയെ അധിക്ഷേപിക്കുക എന്നതാണ്, ഇന്ത്യയെ തളർത്തുക എന്നതാണ് ……..

മറ്റൊരു രാഷ്ട്രീയം കൂടി ഇവിടെ കാണേണ്ടതുണ്ട്. സിപിഎം നേരിടുന്ന വലിയ പ്രതിസന്ധിയാണത്. ദേശീയ രാഷ്ട്രീയത്തിൽ അവർ ഏതാണ്ട് നാമാവശേഷമായിരിക്കുന്നു. ബംഗാളിൽ പാർട്ടി ഏറെക്കുറെ ഇല്ലാതായി. തൃപുരയിൽ എന്താവും നാളത്തെ അവസ്ഥ എന്നത് അവർക്ക് തന്നെ അറിയാത്ത കാലമായി. ബാക്കിയുള്ളത് കേരളത്തിൽ മാത്രമാണ്. ഇന്ത്യയിൽ സിപിഎം ഉള്ള അവസാനത്തെ ദ്വീപായി കേരളം മാറുന്നു. ഇവിടെയും പിടിച്ചുനിൽക്കാൻ മേൽ സൂചിപ്പിച്ചതുപോലുള്ള സംശയത്തിന്റെ നിഴലിലുള്ള ഇസ്ലാമിക ഗ്രൂപ്പുകൾ കൂടെ വേണമെന്ന് കരുതാനും നിർബന്ധിതമായി. അതാണ് പ്രതിസന്ധിയുടെ രൂപം ഇത്തരത്തിലാക്കിയത്.

ഇതിങ്ങനെ പോയാൽ കേരളം കാശ്മീരായി മാറാൻ ഏറെക്കാലം വേണ്ടിവരില്ല എന്നതായിരുന്നു സംഘ പ്രസ്ഥാനങ്ങൾ, ബിജെപി എന്നിവരുടെ വിലയിരുത്തൽ. കേരളത്തിൽ അങ്ങിനെയൊരു സ്ഥിതി വന്നുകൂടാ എന്നുമവർ ചിന്തിച്ചു. അവിടെനിന്നാണ് ഇന്നത്തെതുപോലുള്ള ഒരു വലിയ പ്രക്ഷോഭപരിപാടിക്ക് രൂപമായത് എന്ന് കരുതുന്നയാളാണ് ഞാൻ. സിപിഎം കാണിച്ചുകൂട്ടുന്നത് ദേശവിരുദ്ധ പ്രവർത്തികളാണ്. അതിന് എത്രയോ ഉദാഹരണങ്ങൾ. ഒരു രാഷ്ട്രീയകക്ഷി എന്ന നിലക്കുള്ള പ്രസക്തി തന്നെ അതിന്റെ ദേശീയ നേതാക്കൾ നഷ്ടപ്പെടുത്തിക്കഴിഞ്ഞു. ഇനിയിപ്പോൾ കശ്മീരിലെ ഹുറിയത്തുകാരുടെയും മാറ്റ് വിഘടനവാദികളുടെയും ചുമലിൽ താങ്ങി നിൽക്കാനാവുമോ എന്നതാണ് ദേശീയ നേതാക്കൾ ചിന്തിച്ചത്. ജെഎൻയുവിലും ഹുറിയത് സൗഹൃദത്തിലും മറ്റും അതാണല്ലോ നാമൊക്കെ കണ്ടത് . അതൊക്കെ തിരിച്ചടിക്കപ്പെട്ടുവെങ്കിലും സിപിഎം നേതാക്കൾ മനസ്സ് മാറ്റിയിട്ടില്ല . അതുകൊണ്ടുതന്നെയാണ് ബിജെപിയുടെ ഈ പ്രക്ഷോഭത്തിന് പ്രസക്തിയും പ്രാധാന്യവുമേറുന്നത്.

keralayathraജീവിക്കാനുള്ള അവകാശം വേണമെന്നാണ് കുമ്മനവും മറ്റും യാത്രയിൽ ഉന്നയിക്കുന്നത്. തങ്ങൾ ജനിച്ചുവീണ നാട്ടിൽ മനുഷ്യനായി ജീവിക്കാനുള്ള അവകാശത്തിനുവേണ്ടിയുള്ള ഒരു സമരം. പഴയകാലത്ത് കമ്മ്യൂണിസ്റ്റുകൾ അതാണ് പറഞ്ഞിരുന്നത്. ഇന്ന് കമ്മ്യൂണിസ്റ്റുകൾക്കെതിരെ ബിജെപിക്ക് അതെ സമ്പ്രദായത്തിൽ അതെ നാണയത്തിൽ പോരാടേണ്ടിവരുന്നു . ചരിത്രം മാറ്റിക്കുറിക്കപ്പെടുന്നു എന്നതാണ് പ്രധാനം………….കേരള രക്ഷാ മാർച്ച് തിരുവനന്തപുരത്തെത്തുമ്പോൾ അതിന്റെ മാറ്റം കാണാനാവും എന്ന് ബിജെപി കരുതുന്നു…. രാഷ്ട്രീയമാറ്റം എന്നതിനെ വിളിക്കണോ അതോ കേരളത്തിന്റെ ചിന്തയിലും സംസ്കാരത്തിലുമുള്ള ഒരു വലിയ മാറ്റം എന്ന് പറയണം എന്നതറിയില്ല . എന്തായാലും വലിയ മാറ്റത്തിനാണ് തിരികൊളുത്തിയിരിക്കുന്നത് എന്നതിൽ സംശയമില്ല …….

shortlink

Related Articles

Post Your Comments

Related Articles


Back to top button