KeralaLatest NewsNews

രാജീവിനെ കൊലപ്പെടുത്തുന്നതിനു പിന്നില്‍ കോടികളുടെ കള്ളപ്പണം : കൊല്ലപ്പെട്ട രാജീവുമായി ജോണിയ്ക്കും കൂട്ടാളികള്‍ക്കും വന്‍ സാമ്പത്തിക ഇടപാട്

 

കൊച്ചി : ഭൂമി ഇടപാടുകാരന്‍ അങ്കമാലി നായത്തോട് വീരന്‍പറമ്പില്‍ രാജീവിനെ കൊലപ്പെടുത്താനുള്ള പ്രധാന കാരണം കോടികളുടെ കള്ളപ്പണമാണെന്ന് കണ്ടെത്തല്‍. ഭൂമി ഇടപാടിനു പുറമെ വഴിവിട്ട സാമ്പത്തിക ഇടപാടുകളും രാജീവുമായി ജോണിക്കും കൂട്ടാളികള്‍ക്കുമുണ്ടായിരുന്നതായി പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ഇടപാടുകളില്‍ ഇവരുടെ വിശ്വസ്തനായിരുന്ന രാജീവിനെ കോടികളുടെ കള്ളപ്പണമാണ് ഏല്‍പിച്ചിരുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ നോട്ടു നിരോധനത്തോടെ രാജീവിന്റെ പക്കലുണ്ടായിരുന്ന അനധികൃത കറന്‍സി മാറ്റിയെടുക്കാന്‍ കഴിയാതായത് ഇവര്‍ തമ്മില്‍ ഭിന്നിപ്പിനു കാരണമായി.

രാജീവിനെ കൊലപ്പെടുത്തനുള്ള ഗൂഢാലോചന നടത്തിയതു കൊച്ചിയിലെ സ്വകാര്യ അപ്പാര്‍ട്‌മെന്റിലാണെന്ന് പൊലീസ് കണ്ടെത്തി. സ്ഥിരതാമസക്കാരില്ലാത്ത ഈ അപ്പാര്‍ട്‌മെന്റില്‍ കേസിലെ മുഖ്യപ്രതി ചക്കര ജോണി കൊലയ്ക്കു മുന്‍പുള്ള ഒരു മാസത്തിനിടെ നാലു തവണ എത്തിയതിന്റെ തെളിവു പൊലീസിനു ലഭിച്ചു.

സ്വന്തം മൊബൈല്‍ ഫോണ്‍ അങ്കമാലിയിലെ വീട്ടില്‍ ഉപേക്ഷിച്ചാണു ജോണി കൊച്ചിയിലെ അപ്പാര്‍ട്‌മെന്റില്‍ എത്തിയിരുന്നത്. ഇക്കാലയളവില്‍ 12 തവണ കൊച്ചിയില്‍ എത്തിയ ജോണി എന്തുകൊണ്ടാണു നാലുതവണ മാത്രം മൊബൈല്‍ ഫോണ്‍ ഇല്ലാതെ എത്തിയതെന്ന അന്വേഷണത്തിലാണു ഗൂഢാലോചനയെ കുറിച്ചുള്ള സൂചന പുറത്തുവരുന്നത്.

ഈ നാലു തവണയും ജോണിയുടെ മൊബൈല്‍ നമ്പര്‍ അങ്കമാലി സ്വകാര്യ ബസ് സ്റ്റാന്‍ഡ് ടവര്‍ ലൊക്കേഷനില്‍ നിശ്ചലമായ അവസ്ഥയിലായിരുന്നു. പുറത്തുനിന്നുള്ള വിളികള്‍ക്കൊന്നും ഈ സമയം ആരും മറുപടി പറഞ്ഞിട്ടില്ല. രാജീവിനെ തട്ടിക്കൊണ്ടുപോകാനും കൊലപ്പെടുത്താനുള്ള തീരുമാനം ആരുടേതാണെന്ന കാര്യത്തില്‍ പൊലീസിന് ഇപ്പോഴും വ്യക്തതയില്ല.

അപ്പാര്‍ട്‌മെന്റില്‍ ജോണി എത്തുമ്പോള്‍ ആരെല്ലാമാണ് അവിടെയുണ്ടായിരുന്നതെന്ന അന്വേഷണം പൂര്‍ത്തിയാവുന്നതോടെ ഗൂഢാലോചനയിലെ പങ്കാളികളുടെ വിവരങ്ങള്‍ ലഭിക്കും. കേസില്‍ കൂടുതല്‍ അറസ്റ്റിനു സാധ്യതയുണ്ട്.രാജീവിനെ ശാരീരികമായി പീഡിപ്പിച്ച അക്രമി സംഘത്തിലുള്ളവര്‍ക്കു ഗൂഢാലോചന സംബന്ധിച്ച വിവരങ്ങള്‍ അറിയില്ല.

ഭൂമി ഇടപാടിനായി രാജീവിനെ വന്‍തുക ഏല്‍പിച്ചിരുന്ന മുഴുവന്‍ പേരുടെയും മൊഴിയെടുക്കും. കൊലപാതകത്തിനു ശേഷം പ്രതികള്‍ ബന്ധപ്പെട്ട അഭിഭാഷകന്റെ മൊഴികളും രേഖപ്പെടുത്തും.കൊല്ലപ്പെട്ട രാജീവിനെയും പ്രതി ജോണിയെയും അഭിഭാഷകനെന്ന നിലയില്‍ പരിചയമുണ്ടെന്ന് ഇദ്ദേഹം പൊലീസിനെ അറിയിച്ചിരുന്നു. ഇതിനപ്പുറം ഇവര്‍ക്കിടയില്‍ എന്തെങ്കിലും ബിസിനസ് ഇടപാടുകളുണ്ടോയെന്നാണു പ്രത്യേക അന്വേഷണ സംഘം തിരയുന്നത്.

ഇന്നലെ പിടിയിലായ ചക്കര ജോണി ആദ്യഘട്ട ചോദ്യം ചെയ്യലില്‍ കൂടുതല്‍ രഹസ്യങ്ങള്‍ വെളിപ്പെടുത്താന്‍ തയാറായിട്ടില്ല. അടുത്ത ദിവസം അന്വേഷണ സംഘം ഇയാളെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button