ജിതിൻ ജേക്കബ്
ചീഫ് എഡിറ്റർക്ക്,
ആദ്യമേ പറയട്ടെ ചീഫ് എഡിറ്ററെ ഇത്രയും ചീപ്പാകരുത്. താങ്കൾ ചീഫ് എഡിറ്ററാണോ അതോ ചീപ്പ് എഡിറ്ററാണോ ? പത്രത്തിൽ വരുന്ന വർത്തകളെക്കുറിച്ച് താങ്കൾ അറിയുന്നില്ലേ ?1888 ൽ സ്ഥാപിച്ച ഈ മാധ്യമ സ്ഥാപനം ഇത്രക്ക് അധഃപതിച്ചതിൽ താങ്കൾക്കും പങ്കുണ്ട്. താങ്കൾ ഓർക്കുന്നുണ്ടോ താങ്കളുടെ സാന്നിധ്യത്തിൽ കുറച്ചുനാൾ മുമ്പ് അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞത് ‘ മാധ്യമങ്ങൾ വാർത്ത സൃഷ്ട്ടിക്കുന്നവരായിരിക്കരുത് മറിച്ച് റിപ്പോർട്ട് ചെയ്‌യുന്നവരായിരിക്കണം’ എന്ന്.
നിങ്ങളുടെ രാഷ്ട്രീയ വിധേയത്വം നിങ്ങളുടെ പത്രത്തിൽ കാട്ടുന്നതിൽ ഇന്നത്തെകാലത്ത് തെറ്റൊന്നുമില്ല. പക്ഷെ മറ്റു പല പത്രങ്ങളും നാണിച്ചുപോകുന്ന രീതിയിൽ ഇങ്ങനെ മുട്ടിലിഴയരുത്. ഇന്നത്തെ നിങ്ങളുടെ പ്രധാന തലക്കെട്ട് “പൊള്ളിച്ച് ഗ്യാസും ” എന്നതാണ്. സബ് ഹെഡിങ് ആയി ഗ്യാസിന് 49 രൂപ കൂടിയെന്നും എഴുതിയിരിക്കുന്നു. സബ്സിഡി ഉള്ളവർക്ക് ആകെ കൂടിയിരിക്കുന്നത് വെറും ഒന്നര രൂപയാണ് എന്ന വാർത്ത ചെറിയ തലക്കെട്ടിൽ കൊടുത്തിരിക്കുന്നു.
സബ്സിഡി ഇല്ലാത്ത ഗ്യാസ് വാങ്ങുന്നവർക്കാണ് 49 രൂപയുടെ വിലവർദ്ധനവ്. കേരളത്തിലെ നാലരലക്ഷംപേരെയാണ് ഇത് ബാധിക്കുക എന്നും താങ്കൾ എഴുതിയിട്ടുണ്ട്. എഡിറ്റർ സാറെ, ഈ സബ്സിഡി ഇല്ലാത്ത ഗ്യാസിന്റെ വില കൂടിയതിൽ നിങ്ങളെന്തിനാണ് കുണ്ഠിതപ്പെടുന്നത് ? പാവപെട്ടവരെയല്ല പണക്കാരെയാണ് ആ വിലവർദ്ധനവ് ബാധിക്കുക എന്നറിയാൻ പാടില്ലാഞ്ഞിട്ടല്ലല്ലോ വാർത്താ ഈ രീതിയിൽ കൊടുത്തത് ? താങ്കളെ പോലുള്ള പണക്കാർക്കാണ് ഇനിമുതൽ 49 രൂപ കൂടുതൽ കൊടുത്തു ഗ്യാസ് വാങ്ങേണ്ടിവരുക.
പണക്കാരായ വെറും 10% ഉപഭോക്താക്കളെമാത്രം ബാധിക്കുന്ന വിഷയത്തെ പ്രധാന തലക്കെട്ടായി കൊടുത്ത താങ്കളുടെ ഉളുപ്പില്ലായ്മയെ ഓർത്ത് ഞങ്ങൾക്ക് നാണം വരുന്നു. രാഷ്ട്രീയത്തെ എതിർക്കാം. എതിർക്കേണ്ട കാര്യത്തെ എതിർക്കുക തന്നെ വേണം. പക്ഷെ പത്രവും ചാനലും അതിനായി മാത്രം തുറന്നുവെക്കരുത്. വാർത്തകൾ വളച്ചൊടിച്ചും കള്ളത്തരങ്ങൾ പ്രചരിപ്പിച്ചും നടന്നിട്ടാണ് നിങ്ങളൊക്കെ മാധ്യമ ധർമത്തെകുറിച്ചു വാചാലരാകുന്നത് എന്നോർക്കണം.
നിങ്ങളുടെയൊക്കെ മഹത്തരമായ റിപോർട്ടുകൾ പ്രസിദ്ധീകരിച്ചതിൽ പിന്നെ ഫാദർ ടോം ഉഴുന്നാലിൻ സോഷ്യൽ മീഡിയയിൽ പരിഹാസം കൊണ്ട് പീഡിപ്പിക്കപ്പെടുകയാണ്. നിങ്ങൾ ആ വൈദികനെ വെറുതെ വിടുക. യെമനിൽ നേരിട്ട പീഡനങ്ങളെക്കാൾ വലുതാണ് നിങ്ങൾ അദ്ദേഹത്തോട് ചെയ്യുന്നത്.
ഷാനി പ്രഭാകറിനെ പോലുള്ളവരെയും ചില രാഷ്ട്രീയ അടിമകളെയും വെച്ച് ഓരോന്നും ഇങ്ങനെ പടച്ചു വിടുമ്പോൾ ചീഫ് എഡിറ്റർ ഒന്നോർക്കണം നിങ്ങളുടെ കള്ള പ്രചാരണങ്ങൾക്ക് നിമിഷങ്ങളുടെ ആയുസ്സേ ഉള്ളൂ. സോഷ്യൽ മീഡിയയുടെ കാലമാണ്. ഓരോ വ്യക്തിയും മാധ്യമ പ്രവർത്തകനാകുന്ന കാലം.
നിങ്ങൾ എന്തൊക്കെ എഴുതിപ്പിടിപ്പിച്ചാലും പഴയതുപോലെ ഏൽക്കില്ല. സത്യം എന്താണെന്ന് തിരിച്ചറിയാൻ ജനത്തിന് ഇന്ന് വേറെ മാർഗങ്ങളുണ്ട്!!
Post Your Comments