മലപ്പുറം: അച്ചനള കോളനിയില്‍ മാനസികരോഗിയായ മാതി എന്ന യുവതി മരിച്ചത് പട്ടിണികിടന്നെന്ന് റിപ്പോർട്ട്. മാനസിക രോഗിയായിരുന്നു മാതി ചികിത്സയിലിരിക്കുമ്പോൾ മരണമടഞ്ഞതിനെ തുടർന്ന് മൃതദേഹം കിലോമീറ്ററുകളോളം ചുമന്നു കൊണ്ടുപോയത് വിവാദമായിരുന്നു. നാമാവശേഷമായിക്കൊണ്ടിരിക്കുന്ന നാനൂറില്‍ത്താഴെ മാത്രം ജനസംഖ്യയുള്ള പ്രാക്തന ആദിവാസി വിഭാഗമായ ചോലനായ്ക്കരില്‍ 14 പേര്‍ മാനസികരോഗബാധിതരാണ് എന്നാണു ഞെട്ടിപ്പിക്കുന്ന വിവരം.
പുനരധിവാസത്തിനുവേണ്ടി സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ ആവിഷ്കരിക്കുന്നുണ്ടെങ്കിലും ഇവരെ ചികിത്സിക്കാനും പരിചരിക്കാനും സംവിധാനങ്ങളില്ല. പ്രസവാനന്തര മരണവും അസുഖ ബാധിത മരണവും ഇവിടെ സാധാരണമാണ്. ഭക്ഷണം ലഭിക്കാതെ മരണപ്പെട്ട മാതി മാനസിക രോഗിയായിരുന്നു. അച്ചനള കോളനിയിലെ മാതിയുടെ മൃതദേഹം ഒൻപത് കിലോമീറ്റര്‍ ചുമന്നാണ് ഊരിലെത്തിച്ചത്. രണ്ടാഴ്ച മുമ്പ് ഊരില്‍നിന്നു കാണാതായ മാതി ഭക്ഷണം കഴിക്കാതെ ക്ഷീണിച്ച് അവശയായിരുന്നു.
ആദ്യം നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലും ബുധനാഴ്ച കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും വ്യാഴാഴ്ച രാത്രി എട്ടരയോടെ മാതി മരണപ്പെട്ടിരുന്നു. മാതി മാനസിക രോഗത്തിന് ചികിത്സ തേടിയിരുന്നു. മാനസികരോഗത്തിന് ചികിത്സിച്ചിരുന്ന ഡോക്ടര്‍ ഇവരെ പുനരധിവാസ കേന്ദ്രത്തിലേക്കു മാറ്റണെമെന്ന് ബന്ധുക്കളോട് പറഞ്ഞിരുന്നു. എന്നാൽ അവർ അത് ചെയ്തിരുന്നില്ല. മുൻപും മാതിയെ കാണാതായതായി റിപ്പോർട്ട് ഉണ്ട്. അന്ന് പോലീസിന്റെ സഹായത്തോടെ കണ്ടെത്തിയിരുന്നു.
Post Your Comments