അംബാല : ഇന്ത്യ ഫ്രാന്‍സില്‍ നിന്നു വാങ്ങുന്ന റഫാല്‍ യുദ്ധവിമാനങ്ങളുടെ ആദ്യ സ്ക്വാഡ്രണു ഹരിയാനയിലെ അംബാല വ്യോമതാവളം ആസ്ഥാനമാകും. മിസൈലുകളും ആണവ പോര്‍മുനകളും വഹിക്കാനാകുന്ന മധ്യദൂര ബഹുദൗത്യ പോര്‍വിമാനമായ റഫാലിന്റെ ആദ്യബാച്ചിനെ പാക്കിസ്ഥാന് അതിര്‍ത്തിയോടു ചേര്‍ന്ന തന്ത്രപ്രധാന വ്യോമതാവളത്തിലാണു വിന്യസിക്കുന്നത്. 150 കിലോമീറ്ററിലേറെ സഞ്ചാര ശേഷിയുള്ള ആകാശ മിസൈലുകള്‍ വഹിക്കാനാകുന്ന റഫാല്‍ അംബാല താവളമാക്കുന്നതു നിര്‍ണായകമാണ്. റഫാലിനെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങള്‍ അംബാലയില്‍ ആരംഭിച്ചു.
36 യുദ്ധവിമാനങ്ങളില്‍ 18 എണ്ണമാണ് അംബാലയിലെ ‘ഗോള്‍ഡന്‍ ആരോസ്’ എന്നു പേരിടുന്ന ആദ്യ സ്ക്വാഡ്രണിലുണ്ടാകുക. ബാക്കി 18 എണ്ണത്തിന്റെ സ്ക്വാഡ്രണ്‍ ബംഗാളിലെ ഹാസിമാറ വ്യോമതാവളത്തിലാണു പ്രവര്‍ത്തിക്കുക. ഇവിടെയും അടിസ്ഥാന സൗകര്യങ്ങളൊരുക്കാനുള്ള പ്രവര്‍ത്തനം തുടങ്ങി. 59,000 കോടി രൂപയുടെ കരാറില്‍ ഉള്‍പ്പെട്ട യുദ്ധവിമാനങ്ങളുടെ ആദ്യബാച്ച് 2019 സെപ്റ്റംബറില്‍ ലഭിക്കുമെന്നാണു കരുതുന്നത്.
അംബാലയില്‍ 14 ഷെല്‍ട്ടറുകള്‍, ഹാങ്ങറുകള്‍, അറ്റകുറ്റപ്പണിക്കുള്ള സംവിധാനം എന്നിവ ഒരുക്കുന്നതിനായി 220 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. അടുത്ത 40-50 വര്‍ഷത്തെ ആവശ്യങ്ങള്‍ മുന്നില്‍ കണ്ടാണു സൗകര്യങ്ങളൊരുക്കുക. റഫാലിന്റെ നിര്‍മാതാക്കളായ ഡസാള്‍ട്ട് ഏവിയേഷനില്‍ നിന്നുള്ള വിവിധ സംഘങ്ങള്‍ അംബാല സന്ദര്‍ശിച്ചു നിര്‍ദേശം നല്‍കിയിരുന്നു. റഫാല്‍ പറത്താനുള്ള ആദ്യസംഘം പൈലറ്റുമാര്‍ ഫ്രാന്‍സില്‍ പരിശീലനത്തിലാണ്. നിലവില്‍ ജഗ്വാറിന്റെ രണ്ടു സ്ക്വാഡ്രണ്‍, മിഗ് -21 ബിസിന്റെ ഒരു സ്ക്വാഡ്രണ്‍ എന്നിവ അംബാലയിലുണ്ട്. ഇതിനു പുറമേയാണു റഫാലിന്റെ ആദ്യ സ്ക്വാഡ്രണും അംബാലയുടെ കരുത്താകുക.
Post Your Comments