തൃശ്ശൂര്‍: ചാലക്കുടിയില്‍ റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ രാജീവിന്റെ കൊലപാതകം ചുരുളഴിക്കുന്നത് ആദായ നികുതി വെട്ടിക്കുന്നതിനായി വമ്പന്‍ സ്രാവുകള്‍ നടത്തിയ ഭൂമി ഇടപാടിലേയ്ക്ക്. ഇതേ തുടര്‍ന്ന് രാജീവിന്റെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകളെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി. ഒളിവില്‍ പോയ അങ്കമാലിയിലെ ജോണി, ആരോപണ വിധേയനായ അഭിഭാഷകന്‍ എന്നിവര്‍ കൊല്ലപ്പെട്ട രാജീവുമായി നടത്തിയ റിയല്‍ എസ്റ്റേറ്റ് ഇടപാടുകളുടെ വിശദാംശങ്ങള്‍ ശേഖരിക്കും.
പരിയാരത്ത് കൊല്ലപ്പെട്ട റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ രാജീവ് ജൂണ്‍ 18 ന് തനിക്കും കുടുംബത്തിനും ഭീഷണിയുണ്ടെന്നുകാണിച്ച് മുഖ്യമന്ത്രിക്കയച്ച പരാതിയില്‍ റിയല്‍ എസ്റ്റേറ്റ് ഇടപാടുകളെപ്പറ്റി സൂചിപ്പിച്ചിരുന്നു. ആദായ നികുതി വെട്ടിക്കുന്നതിനായി ഭൂമിയില്‍ നിക്ഷേപം നടത്താന്‍ തയാറായി റിയല്‍ എസ്റ്റേറ്റ് ബ്രോക്കറായ തന്നെ ആരോപണ വിധേയരായവര്‍ സമീപിച്ചു എന്നാണ് പറഞ്ഞിരുന്നത്.
അങ്കമാലിയിലെ റിയല്‍ എസ്റ്റേറ്റ് ബ്രോക്കറായ ചെറുമഠത്തില്‍ ജോണിയും പൈനാടത്ത് രഞ്ജിത്തും ഇടപാടുകളില്‍ പങ്കാളികളായിരുന്നു. നോട്ട് നിരോധനമെത്തിയതോടെ കച്ചവടം മുടങ്ങി. മുടക്കിയ പണം തിരിച്ചു പിടിക്കുന്നതിനായാണ് രാജീവിനെ പ്രതികള്‍ ലക്ഷ്യം വച്ചതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കൊലപാതകത്തില്‍ നേരിട്ട് പങ്കാളിയായ ഷൈജു ജോണിയുടെ ബന്ധുവാണ്.
റിയല്‍ എസ്റ്റേറ്റ് ഇടപാടാണ് കൊലപാതകത്തിന് കാരണമെന്ന് ഷൈജു മൊഴി നല്‍കിയിട്ടുണ്ട്. എത്ര പണം ആരൊക്കെ രാജീവ് വഴി നിക്ഷേപിച്ചിട്ടുണ്ടെന്നറിയാനാണ് അന്വേഷണം സംഘത്തിന്റെ ഇപ്പോഴത്തെ ശ്രമം. ഒളിവില്‍ പോയ ജോണിയ്ക്കും രഞ്ജിത്തിനുമായുള്ള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ജോണിയെ കസ്റ്റഡിയിലെടുത്തശേഷം സാമ്പത്തിക ഇടപാടുകളില്‍ വ്യക്തത വരുത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
രാജീവുമായി അഭിഭാഷകനുള്ള സാമ്പത്തിക ഇടപാടുകളുടെ വിശദാംശങ്ങളും അന്വേഷണ സംഘം തേടും.രാജീവ് കൊല്ലപ്പെടുന്നതിന് മുമ്പം പിന്‍പും പ്രതികള്‍ നടത്തിയ ഫോണ്‍ സംഭാഷണങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. പിടിയിലായ നാലു പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
Post Your Comments