Latest NewsNewsIndia

ഗുര്‍മീതിനെതിരെ പരസ്യമായി രംഗത്ത് വന്നവരെ കൊലപ്പെടുത്താനായി ആഹ്വാനം : ദേരയിലെ മുന്‍ സന്യാസിയ്ക്ക് വധഭീഷണി

 

ചണ്ഡീഗഡ് : ദേര സച്ച സൗദ തലവന്‍ ഗുര്‍മീത് റാം റഹിം സിങ്ങ് ബലാത്സംഗ കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലിലായിട്ടും വിവാദങ്ങള്‍ക്കും ഗുണ്ടാപ്രവര്‍ത്തനങ്ങള്‍ക്കും അവസാനമില്ല. ഗുര്‍മീതിനെതിരെ പരസ്യമായി ആരോപണമുന്നയിച്ച ദേരയിലെ മുന്‍ സന്യാസിക്ക് വധഭീഷണി. ഖുര്‍ബാനി ഗാങ് എന്ന സംഘടനയുടെ പേരില്‍ മാധ്യമങ്ങള്‍ക്കു ലഭിച്ച കത്തിലാണ് ആറു വര്‍ഷത്തോളം ദേരയില്‍ അന്തേവാസിയായിരുന്ന ഗുരുദാസ് സിങ് ടൂറിനെതിരായ ഭീഷണിയുള്ളത്. ഗുര്‍മീതിനെതിരായ കോടതിവിധി വന്ന ദിവസം ഗുരുദാസ് സിങ്ങിന്റെ വസതിയിലെ സിസിടിവി ക്യാമറകള്‍ ഒരുസംഘം തകര്‍ത്തിരുന്നു. രണ്ടു സംഭവങ്ങളും കാണിച്ച് ഇദ്ദേഹം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സിര്‍സ പൊലീസ് കേസെടുത്തു. ഗുരുദാസ് സിങ്ങിനുള്ള സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഭീഷണിക്കത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയും പരാമര്‍ശമുണ്ട്. കത്തിന്റെ ഉറവിടം പരിശോധിച്ചു വരികയാണെന്നു പൊലീസ് അറിയിച്ചു.

ദത്തുപുത്രി ഹണിപ്രീതിന് ഗുര്‍മീതുമായി വഴിവിട്ട ബന്ധം ഉണ്ടായിരുന്നുവെന്ന മുന്‍ ഭര്‍ത്താവ് വിശ്വാസ് ഗുപ്തയുടെ ആരോപണങ്ങള്‍ കളവാണെന്ന് ഹണിപ്രീതിന്റെ ബന്ധു വിനയ് തനേജ വ്യക്തമാക്കി. കഴിഞ്ഞ ദിവസം അറസ്റ്റിലായ ഗുര്‍മീതിന്റെ അടുത്ത അനുയായി രാകേഷ് കുമാറില്‍ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഹണിപ്രീതിനായി രാജസ്ഥാനിലെ ആറു സ്ഥലങ്ങളില്‍ ഹരിയാന പൊലീസ് പരിശോധന നടത്തി. ഗുര്‍മീതിന്റെ മുന്‍ മാനേജര്‍ രഞ്ജിത് സിങ്ങിന്റെ കൊലപാതകക്കേസില്‍ പുതിയ മൊഴി നല്‍കാന്‍ അനുമതി തേടി ഗുര്‍മീതിന്റെ മുന്‍ ഡ്രൈവര്‍ ഖട്ട സിങ് ഹൈക്കോടതിയെ സമീപിച്ചു. 2007ല്‍ ഗുര്‍മീതിനെതിരെ മൊഴി നല്‍കിയ ഇയാള്‍ 2012ല്‍ തിരുത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button