കോട്ടയം: ഫാ. ടോം ഉഴുന്നാലിൽ കേരളത്തിലെത്തി. രാവിലെ 7 മണിയോടെയാണ് നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയത്. വന്‍ സ്വീകരണമാണ് വിമാനത്താവളത്തില്‍ അദ്ദേഹത്തിന് നല്‍കിയത്. രാഷ്ട്രീയ നേതാക്കളുടെയും സഭാ പ്രതിനിധികളുടെയും വന്‍ നിര തന്നെയുണ്ടായിരുന്നു. വെണ്ണലയിലെ ഡോൺ ബോസ്കോ ഹൗസിൽ പ്രഭാതഭക്ഷണം കഴിച്ച ശേഷം പത്തിന് എറണാകുളം മേജർ ആർച്ച് ബിഷപ്സ് ഹൗസിലെത്തുന്ന ഫാ. ഉഴുന്നാലിലിനെ ഏറണാകുളം-അങ്കമാലി അതിരൂപത സഹായമെത്രാൻ മാർ ജോസ് പുത്തൻവീട്ടിലിന്റെ നേതൃത്വത്തിൽ സ്വീകരിക്കും. ഇവിടെ മാധ്യമപ്രവർത്തകരെയും കാണും.
വരാപ്പുഴ ആർച്ച് ബിഷപ്സ്ഹൗസിൽ ഉച്ചഭക്ഷണം. കൊച്ചിയിൽ നിന്ന് വൈകീട്ട് നാലിന് പാലാ ബിഷപ്സ് ഹൗസിൽ എത്തുന്ന ഫാ. ടോമിനെ ബിഷപ്പുമാരായ മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ, മാർ ജേക്കബ് മുരിക്കൻ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിക്കും. പരീക്ഷണ കാലഘട്ടത്തിലെ വേദനകളെയും ദുരിതങ്ങളെയും അതിജീവിച്ചെത്തുന്ന ടോമച്ചനെ ഹൃദയപൂർവം സ്വീകരിക്കാൻ അദ്ദേഹത്തിന്റെ ജന്മനാടായ രാമപുരം ഒരുങ്ങി. 5.30ന് രാമപുരം സെന്റ് അഗസ്റ്റിൻസ് പള്ളിയിൽ അദ്ദേഹത്തിന്റെ മുഖ്യകാർമികത്വത്തിൽ കൃതജ്ഞതാബലി നടക്കും. തുടർന്ന് പൗരാവലിയുടെയും ഇടവകയുടെയും നേതൃത്വത്തിൽ സ്വീകരണവും ഒരുക്കും. ഇതിനുശേഷം രാത്രി എട്ടരയോടെയാകും രാമപുരത്തെ ജന്മഗൃഹത്തിലെത്തുക.
കുടുംബത്തിലെ എല്ലാ അംഗങ്ങളും റോസാപ്പൂ നൽകിയാകും സ്വീകരിക്കുക. അമ്പതിലേറെ കുടുംബാംഗങ്ങളാകും ഇവിടെ ഒത്തുചേരുക. കുടുംബാംഗങ്ങൾ അച്ചനോടൊപ്പം ജപമാല ചൊല്ലി നന്ദിയർപ്പിക്കും. അടുത്തദിവസം അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവരെയും സന്ദർശിക്കും. ബന്ദിയാക്കപ്പെട്ട കാലത്ത് വിമോചന അഭ്യർഥനയുമായി കുടുംബാംഗങ്ങൾ വിദേശകാര്യമന്ത്രി സുഷമ സ്വരാജ്, ഗവർണർ ജസ്റ്റിസ് പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവരെ സന്ദർശിച്ചിരുന്നു. ഒന്നരവർഷമായി കുടുംബാംഗങ്ങൾ അഖണ്ഡ ജപമാലയും ഉപവാസ പ്രാർഥനകളുമായി കാത്തിരിക്കുകയായിരുന്നു. മോചിതനായശേഷം ഫാ. ടോം രാമപുരത്തെ ബന്ധുക്കളുമായി റോമിൽനിന്ന് ഫോണിൽ സംസാരിച്ചിരുന്നു.
Post Your Comments