മുംബൈ: കോണ്‍ഗ്രസിൽ നിന്ന് പുറത്ത് വന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് നാരായണ്‍ റാണെ പുതിയ പാര്‍ട്ടി രൂപീകരിക്കുന്നു. ഞായറാഴ്ച രൂപീകരിക്കപ്പെടുന്ന പാര്‍ട്ടി ബിജെപിയുമായി കൂട്ടുചേരുമെന്നും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് റാണെയെ മന്ത്രിസഭയിലേക്കു ക്ഷണിക്കുമെന്നുമാണ് സൂചന.
തിങ്കളാഴ്ച ബിജെപി അധ്യക്ഷന്‍ അമിത് ഷായുമായി നടക്കുന്ന റാണെയുടെ കൂടിക്കാഴ്ചയ്ക്കുശേഷമായിരിക്കും ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുക. റാണെയെ കൂടെക്കൂട്ടിയാല്‍ മുന്നണി വിടാനൊരുങ്ങുന്ന ശിവസേനയെ നിലയ്ക്കു നിര്‍ത്താമെന്നും ബിജെപി നേതൃത്വം കണക്കുകൂട്ടുന്നുണ്ട്.
കഴിഞ്ഞയാഴ്ചയാണ് മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും കൊങ്കണ്‍ മേഖലയിലെ പ്രമുഖ നേതാവുമായ നാരായണ്‍ റാണെ കോണ്‍ഗ്രസ് വിട്ടത്. തന്നെ മുഖ്യമന്ത്രിയാക്കാമെന്ന വാഗ്ദാനം കോണ്‍ഗ്രസ് പാലിച്ചില്ലെന്നു റാണെ കുറ്റപ്പെടുത്തി.
റാണെയുടെ മകനും മുന്‍ എംപിയുമായ നിലേഷ് റാണെയും കോണ്‍ഗ്രസ് വിട്ടു. എംഎല്‍എയായ മറ്റൊരു മകന് നിതേഷ് ഉടന്‍ കോണ്‍ഗ്രസ് വിടുമെന്നാണു സൂചന. നിതേഷ് രാജിവച്ചാല്‍ മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിന് വൻ തിരിച്ചടിയായിരിക്കും.
Post Your Comments