മുംബൈ : മോദി സര്‍ക്കാറിന്റെ കീഴില്‍ കൊണ്ടുവന്ന സാമ്പത്തിക പരിഷ്‌കാരങ്ങള്‍ ശുദ്ധ മണ്ടത്തരമാണെന്ന അഭിപ്രായവുമായി മുന്‍ ധനമന്ത്രി യശ്വന്ത് സിന്‍ഹ രംഗത്തെത്തിയപ്പോള്‍ അല്ല എന്ന് തെളിയിക്കുന്ന മറുപടിയുമായാണ് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി രംഗത്തെത്തിയിരിക്കുന്നത് . പ്രധാനമന്ത്രി നരേന്ദ്ര മോദിയിയുടെ കീഴില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ തളര്‍ന്നുവെന്ന യശ്വന്ത് സിന്‍ഹയുടെ പരിഹാസത്തിന് മറുപടിയായി ചില കാര്യങ്ങള്‍ അക്കമിട്ട് നിരത്തി ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി ചൂണ്ടികാണിക്കുകയും ചെയ്തു.
മോദി സര്‍ക്കാര്‍ നടത്തിയ സാമ്പത്തിക പരിഷ്‌ക്കാരങ്ങളായ നോട്ട് നിരോധനവും ജി.എസ്.ടിയും, പൂര്‍ണ പരാജയമാണെന്നും രാജ്യത്ത് തൊഴിലില്ലായ്മ വര്‍ധിച്ചുവെന്നും മുന്‍ മന്ത്രി യശ്വന്ത് സിന്‍ഹ ചൂണ്ടിക്കാട്ടി. ഇത് 2019 ലെ പൊതുതെരഞ്ഞെടുപ്പിനെ ബാധിക്കുമെന്നും വിലയിരുത്തി.
യശ്വന്ത് സിന്‍ഹ തന്നെ പിന്തുണയ്ക്കുന്ന സാമ്പത്തിക വസ്തുതകള്‍ എന്തൊക്കെയാണെന്നും സൂചിപ്പിക്കുന്നു. രാജ്യത്തെ ജിഡിപി വളര്‍ച്ച കഴിഞ്ഞ തവണയേക്കാള്‍ കുറഞ്ഞു. പഴയ കണക്ക്പ്രകാരം 5.7 % ആണെങ്കില്‍ അത് ഇത്തവണ 3.75 ആയി കുറഞ്ഞു. വ്യവസായിക വളര്‍ച്ചയിലും ഇന്ത്യ പുറകോട്ടാണ് പോയിരിക്കുന്നത്. 1.6 ശതമാനത്തില്‍ നിന്ന് 1.9 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതെല്ലാം പ്രധാനമന്ത്രിയുടെ പ്രതിച്ഛായയ്ക്ക് കോട്ടം തട്ടുമെന്ന് യശ്വന്ത് സിന്‍ഹ അഭിപ്രായപ്പെടുന്നു. ഇക്കാരണങ്ങളാല്‍ വരുന്ന 2019 ലെ പൊതു തെരഞ്ഞെടുപ്പില്‍ മോദി സര്‍ക്കാറിന് കോട്ടം തട്ടുമെന്നും അദ്ദേഹം വിലയിരുത്തി.
അതേസമയം എയര്‍സെല്‍ – മാക്‌സിസ് അഴിമതി അന്വേഷണം ആവശ്യപ്പെട്ട ശേഷം തന്റെ ഫോണുകള്‍ ആഭ്യന്തര മന്ത്രിയായിരിക്കെ ചിദംബരം ചോര്‍ത്തിയെന്ന സിന്‍ഹയുടെ മുന്‍കാല ആരോപണവും ജയ്റ്റ്‌ലി ചികഞ്ഞെടുത്തു. ചിദംബരവുമായി ഇപ്പോള്‍ ഒന്നിച്ചെങ്കിലും രണ്ടാം യുപിഎ ഭരണകാലത്തു സാമ്പത്തിക വളര്‍ച്ചാനിരക്ക് ഇടിഞ്ഞതും വിലക്കയറ്റവും ബാങ്കുകളിലെ കിട്ടാക്കടം കുമിഞ്ഞുകൂടിയതും യശ്വന്ത് സിന്‍ഹയ്ക്കു മറക്കാന്‍ കഴിയുമോയെന്നും ജയ്റ്റ്‌ലി ചോദിച്ചു.
നോട്ട് അസാധുവാക്കലും ജിഎസ്ടി നടപ്പാക്കിയതും പരാജയമാണെന്ന യശ്വന്ത് സിന്‍ഹയുടെ വിമര്‍ശനങ്ങളും ജയ്റ്റ്‌ലി തള്ളിക്കളഞ്ഞു. നോട്ട് അസാധുവാക്കിയതോടെ സമ്പദ് വ്യവസ്ഥയിലുണ്ടായിരുന്ന കള്ളപ്പണത്തിന്റെ ഉടമകളെ തിരിച്ചറിഞ്ഞു നികുതി ഈടാക്കാന്‍ സാഹചര്യമൊരുങ്ങി.
പ്രത്യക്ഷ നികുതി വരുമാനം നടപ്പു വര്‍ഷം ഇതേവരെ മുന്‍ വര്‍ഷത്തേക്കാള്‍ 15% കൂടിയിട്ടുണ്ടെന്നും ജയ്റ്റ്‌ലി അവകാശപ്പെട്ടു. ഒരു രാജ്യം, ഒരു നികുതിയെന്ന വന്‍ പരിഷ്‌കരണമാണു ജിഎസ്ടിയിലൂടെ നടപ്പായതെന്നും അദ്ദേഹം പറഞ്ഞു. ജിഎസ്ടി കൗണ്‍സിലില്‍ ഭൂരിപക്ഷ പിന്തുണയുണ്ടായിരുന്നിട്ടും തീരുമാനങ്ങളെല്ലാം അഭിപ്രായ സമന്വയത്തോടെയാണു കൈക്കൊണ്ടതെന്നു വിശദീകരിച്ചു.
Post Your Comments