തിരുവനന്തപുരം: ഏത് ആപത്തില്‍പ്പെട്ടാലും പൊലീസിനെ വിളിയ്ക്കാനുള്ള മൊബൈല്‍ ആപ്ലിക്കേഷന്‍ നിലവില്‍ വന്നു. പോലീസിനെ സംബന്ധിച്ച വിവരങ്ങള്‍ക്കും അടിയന്തര സഹായത്തിനും ഈ ആപ്ലിക്കേഷന്‍ ഉപയോഗിക്കാവുന്നതാണ്. ‘രക്ഷ’ എന്ന പേരിലാണ് മൊബൈല്‍ ആപ്ലിക്കേഷന്‍ പരീക്ഷണാടിസ്ഥാനത്തില്‍ നിലവില്‍വന്നത്.
സുരക്ഷയ്ക്കും ട്രാഫിക് ബോധവത്കരണത്തിനുമായി മൂന്നു മൊബൈല്‍ ആപ്പുകളും പരീക്ഷണാടിസ്ഥാനത്തില്‍ തയ്യാറാക്കിയിട്ടുണ്ട്. പോലീസ് സംബന്ധിയായ പൊതുവിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന മൊബൈല്‍ ആപ്പാണ് ‘രക്ഷ’. ആന്‍ഡ്രോയിഡ്, ഐ.ഒ.എസ്. പ്ലാറ്റ്‌ഫോമുകളില്‍ പ്രവര്‍ത്തിക്കുന്ന ഈ മൊബൈല്‍ ആപ്പ് പോലീസ് ഇന്‍ഫര്‍മേഷന്‍ സെന്ററിന്റെ മേല്‍നോട്ടത്തില്‍ കേരള സ്റ്റാര്‍ട്ട് അപ് മിഷന്‍വഴിയാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നേരിട്ടോ https://play.google.com/store/apps/details?id=org.keralapolice.raksha എന്ന ലിങ്കില്‍ നിന്നോ ഡൗണ്‍ലോഡ് ചെയ്യാം.
സ്റ്റേഷന്‍ എസ്.എച്ച്.ഒ.മാര്‍ മുതല്‍ സംസ്ഥാന പോലീസ് മേധാവി വരെയുള്ളവരുടെ ഫോണ്‍ നമ്പരുകള്‍, വിവിധ യൂണിറ്റുകളിലെ ഫോണ്‍ നമ്പരുകള്‍ ഉള്‍പ്പെടെയുള്ള പോലീസ് ടെലിഫോണ്‍ ഡയറക്ടറി എന്നിവ ഇതില്‍ ലഭ്യമാണ്. ഇതിലൂടെ എല്ലാ പോലീസ് ഓഫീസുകളിലേക്കും ബന്ധപ്പെടാം. തൊട്ടടുത്ത പോലീസ് സ്റ്റേഷനുകളും ഓരോ പ്രദേശത്തിന്റേയും അധികാരപരിധിയിലുള്ള പോലീസ് സ്റ്റേഷനും കണ്ടെത്തുന്നതിനും ആ സ്റ്റേഷനിലേക്ക് ബന്ധപ്പെടുന്നതിനും സ്റ്റേഷനിലേക്കുള്ള മാര്‍ഗ്ഗം ജി.പി.എസ്. മുഖേന മനസ്സിലാക്കുന്നതിനുമുള്ള സംവിധാനവും ‘രക്ഷ’യിലുണ്ട്. എമര്‍ജന്‍സി ഹെല്‍പ്ലൈന്‍ നമ്പരുകള്‍, സ്ത്രീ സുരക്ഷാ നിര്‍ദേശങ്ങള്‍, പോലീസ് വാര്‍ത്തകളും അറിയിപ്പുകളും, ഗതാഗതസുരക്ഷാ നിര്‍ദേശങ്ങള്‍, ജനങ്ങള്‍ക്കുള്ള ജാഗ്രതാ നിര്‍ദേശങ്ങള്‍ തുടങ്ങിയവയും ഇതില്‍ ലഭിക്കും.
പാസ്സ്‌പോര്‍ട്ട് വെരിഫിക്കേഷന്‍ സ്റ്റാറ്റസ്, എഫ്.ഐ.ആര്‍ ഡൗണ്‍ലോഡ് ചെയ്യല്‍, പെറ്റിഷന്റെ നിലവിലുള്ള സ്ഥിതി മനസ്സിലാക്കല്‍ തുടങ്ങി വെബ്‌സൈറ്റില്‍ ലഭ്യമായ ഇ-സര്‍വ്വീസുകളിലേക്കുള്ള ലിങ്കുകളും ഇതില്‍ ലഭ്യമാണ്.
Post Your Comments