കൊച്ചി: ഇരുകൈകളും ഒരേ സമയം മാറ്റിവയ്ക്കുന്ന അപൂര്‍വ ശസ്ത്രക്രിയ കൊച്ചിയിലെ അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിൽ വിജയകരമായി പൂർത്തിയായി. വാഹനാപകടത്തില്‍ മസ്തിഷ്ക മരണം സംഭവിച്ച എറണാകുളം രാജഗിരി കോളേജിലെ ബികോം അവസാന വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്ന സച്ചിന്റെ കൈകള്‍ മണിപ്പാല്‍ സ്വദേശി ശ്രേയയിൽ ചലിച്ചു തുടങ്ങിയിരിക്കുകയാണ്. പുരുഷന്റെ കൈകളാണ് മാറ്റി വെച്ചതെങ്കിലും ശ്രേയ അതുമായി പൊരുത്തപ്പെട്ടു കഴിഞ്ഞു.
ആരെയും ആശ്രയിക്കാതെ സ്വതന്ത്രമായി ജീവിക്കാനും സ്വപ്‌നങ്ങള്‍ സഫലമാക്കാനും എനിക്ക് കൈകള്‍ വേണമായിരുന്നു. പുതിയ കൈകള്‍ എനിക്ക് ഏറെ ആത്മവിശ്വാസം പകരുന്നുവെന്ന് ശ്രേയ വ്യക്തമാക്കി. പുണെ ടാറ്റ മോട്ടോഴ്‌സിലെ സീനിയര്‍ മാനേജര്‍ ഫക്കിര്‍ ഗൗഡ സിദ്ധന ഗൗഡരുടെയും സുമ നാഗിഹള്ളിയുടെയും ഏക മകളായ ശ്രേയയുടെ കൈകൾ ഒരു ബസ് ആസിഡന്റിലാണ് നഷ്ടപ്പെട്ടത്. കഴിഞ്ഞ സെപ്റ്റംബറില്‍ പുണെയില്‍ നിന്ന് മംഗളൂരുവിലെ കോളേജിലേക്ക് പോകുംവഴിയായിരുന്നു അപകടം. കൈ മാറ്റി വെക്കൽ ശസ്ത്രക്രിയയുടെ സാധ്യതകൾ അറിഞ്ഞപ്പോൾ ഓഗസ്റ്റിൽ സർജറി നടത്തുകയായിരുന്നു. കൈത്തണ്ടയ്‌ക്കോ, കണംകൈയ്‌ക്കോ മുകളില്‍ കൈമാറ്റി വയ്ക്കുന്നതിനെക്കാള്‍ കടുത്ത വെല്ലുവിളിയാണ് കൈമുട്ടിനു മുകളില്‍ ശസ്ത്രക്രിയ നടത്തുന്നതെന്ന് പ്ലാസ്റ്റിക് ആന്‍ഡ് റീകണ്‍സ്ട്രക്ടീവ് സര്‍ജറി വിഭാഗം മേധാവി ഡോ. സുബ്രഹ്മണ്യ അയ്യര്‍ വ്യക്തമാക്കി.
ആശുപത്രിയിലെ ചികിത്സയ്ക്കു ശേഷം ശ്രേയ ഇന്റന്‍സീവ് ഫിസിയോ തെറാപ്പിയും റിഹാബിലിറ്റേഷന്‍ ചികിത്സയും ചെയ്ത് വരികയാണ്. വിരലുകളും കണങ്കൈയും തോളും ചലിപ്പിക്കുന്ന വ്യായാമത്തിലാണ് ശ്രേയയിപ്പോള്‍. അമൃത ആശുപത്രിയിലെ ഡോക്ടര്‍മാരോടും കൈകള്‍ ദാനം ചെയ്ത സച്ചിന്റെ കുടുംബത്തോടും ശ്രേയയും മാതാപിതാക്കളും നന്ദി പറഞ്ഞു.
Post Your Comments