Latest NewsNewsGulf

സിംഹം കൂടുവിട്ട് പുറത്തിറങ്ങിയെന്ന് വ്യാജ സന്ദേശം; ജനങ്ങൾ പരിഭ്രാന്തരായി

റാസൽ ഖൈമ: സിംഹം കൂടുവിട്ട് പുറത്തിറങ്ങിയെന്ന വ്യാജ വാർത്ത റാസൽഖൈമയിലെ ജനങ്ങളെ പരിഭ്രാന്തരാക്കി. പുറത്തിറങ്ങി നടക്കുന്ന ഒരു സിംഹക്കുട്ടിയുടെ ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. അല്‍ സഹ്റ, അല്‍ ബരീറാത്ത് തുടങ്ങിയ പ്രദേശങ്ങളിൽ സിംഹം കറങ്ങി നടക്കുന്നുണ്ടെന്ന ശബ്ദ സന്ദേശത്തോടൊപ്പം സിംഹത്തിന്റെ ഫോട്ടോയും ചേർത്താണ് പ്രചരിപ്പിച്ചിരുന്നത്. കുട്ടികളെ പുറത്തിറക്കുമ്പോൾ ശ്രദ്ധിക്കണമെന്നും സന്ദേശത്തില്‍ പറഞ്ഞിരുന്നു. ഈ സന്ദേശത്തെ തുടർന്ന് കുട്ടികളെ പുറത്തിറക്കിയില്ലെന്ന് മാത്രമല്ല മുതിർന്നവർ പോലും കതകടച്ചിരുന്നു. വൈകുന്നേരമായതോടെയാണ് ഇതേക്കുറിച്ചുള്ള വിവരം പൊലീസിന് ലഭിക്കുന്നത്. വിവരമറിഞ്ഞയുടൻ പോലീസ് കൂട് വിട്ടിറങ്ങിയ സിംഹത്തിനെ തിരഞ്ഞ് നാനാ ഭാഗങ്ങളിലും അന്വേഷണം ആരംഭിച്ചു. മയക്ക് വെടിയുൾപ്പടെയുള്ള സർവ്വ സന്നാഹങ്ങളോട് കൂടിയായിരുന്നു പോലീസിന്റെ തിരച്ചിൽ.

പക്ഷെ, മൂന്ന് മണിക്കൂറിലേറെ നേരം തിരച്ചിൽ നടത്തിയെങ്കിലും സിംഹത്തിന്റെ നിഴൽ വെട്ടം പോലും കാണാനായില്ല. പിന്നീട് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചിരുന്ന ചിത്രത്തെ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിൽ ചിത്രം പഴയതായിരുന്നുവെന്ന് കണ്ടെത്തുകയായിരുന്നു. അതോടെ തിരച്ചിൽ അവസാനിപ്പിക്കാൻ അധികൃതർ നിർദേശം നൽകുകയും ഒരിടത്തും കൂടി വിട്ട് സിംഹം പുറത്തിറങ്ങിയിട്ടില്ലെന്നും പോലീസ് അറിയിച്ചു.

സിംഹം ഇല്ലെന്ന് പോലീസ് പറഞ്ഞെങ്കിലും ജനങ്ങളുടെ മനസ്സിലെ ഭീതി വിട്ടുമാറിയിരുന്നില്ല. ഇത് പോലുള്ള വ്യാജ പ്രചാരണം നടത്തി ജനങ്ങളിൽ ഭീതി സൃഷ്ടിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. ഈ വ്യാജ സന്ദേശം പ്രചരിപ്പിക്കാനിടയാക്കിയ സാഹചര്യത്തെക്കുറിച്ചുള്ള അന്വേഷണം റാസൽ ഖൈമ പോലീസ് നടത്തി വരികയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button