Latest NewsKeralaNews

യുവതിയെ ചായയിൽ വിഷം കലർത്തി കൊല്ലാൻ ശ്രമിച്ച കേസ്, പ്രതി കുഴഞ്ഞു വീണു

കാഞ്ഞങ്ങാട്: യുവതിയെ ചായയില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിയായ ഭര്‍തൃപിതാവ് ഒളിവില്‍ കഴിയുന്നതിനിടെ കുഴഞ്ഞുവീണ് ആശുപത്രിയിലായി. ചിറ്റാരിക്കാല്‍ ചെമ്പന്‍കുന്നിലെ നാരായണനെ (65)യാണ് നെഞ്ചുവേദനയും ശ്വാസതടസവും മൂലം നീലേശ്വരം താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മകന്‍ മനോജിന്റെ ഭാര്യ പ്രസീത (39)യെ ചായയില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിയായ നാരായണന്‍ പോലീസ് അന്വേഷണത്തെ തുടര്‍ന്ന് ഒളിവില്‍ കഴിയുകയായിരുന്നു. പ്രസീത പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. പ്രസീതയുടെ പരാതിയില്‍ നാരായണനെതിരെ വധശ്രമത്തിനാണ് ചിറ്റാരിക്കാല്‍ പോലീസ് കേസെടുത്തത്.

ഈ മാസം 23ന് രാവിലെ ലോഡിംഗ് തൊഴിലാളിയായ ഭര്‍ത്താവ് മനോജ് ജോലിക്കുപോയ സമയത്താണ് പ്രസീതയെ അപായപ്പെടുത്താനുള്ള ശ്രമം നടന്നത്. പ്രസീത ചായ ഉണ്ടാക്കുന്നതിനായി അടുക്കളയില്‍ കയറി അടുപ്പത്ത് വെള്ളം വെച്ച ശേഷം മകനെ സ്‌കൂളിലേക്കയക്കാന്‍ റോഡരികിലേക്ക് പോയതായിരുന്നു. ഇതിനിടെ അടുക്കളയില്‍ കയറിയ നാരായണന്‍ അടുപ്പത്ത് തിളയ്ക്കുകയായിരുന്ന വെള്ളത്തില്‍ എലിവിഷം കലര്‍ത്തുകയായിരുന്നു. തിരിച്ചെത്തിയ പ്രസീത വിഷം ചേര്‍ത്തത് അറിയാതെ ചായ കുടിക്കുകയായിരുന്നു.

ചായ കുടിച്ചതോടെ പ്രസീത അസ്വസ്ഥയാവുകയും കുഴഞ്ഞുവീഴുകയുമായിരുന്നു. ഈ സമയം നാരായണന്‍ പുറത്തേക്കുപോയി. പ്രസീത പാടുപെട്ട് എഴുന്നേറ്റ് ചായയുമായി അയല്‍വീട്ടിലെത്തുകയും വിഷം കലര്‍ന്നതായുള്ള സംശയം അറിയിക്കുകയും ചെയ്തു. വിവരമറിഞ്ഞ് ഭര്‍ത്താവ് മനോജെത്തി പ്രസീതയെ ജില്ലാ ആശുപത്രിയിലെത്തിച്ചു. ഇവിടെ നടത്തിയ പരിശോധനയില്‍ പ്രസീതയുടെ ശരീരത്തില്‍ വിഷം കടന്നതായി തെളിഞ്ഞു. നില ഗുരുതരമാണെന്ന് വ്യക്തമായതോടെ യുവതിയെ പിന്നീട് പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.

പോലീസ് പരിയാരത്തെത്തി പ്രസീതയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം നാരായണനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയാണുണ്ടായത്. പോലീസ് അന്വേഷണം ഭയന്ന് നാരായണന്‍ ഒരു ബന്ധുവീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു. ഇതിനിടെയാണ് നെഞ്ചുവേദനയെ തുടര്‍ന്ന് കുഴഞ്ഞുവീണത്. ബന്ധുക്കള്‍ നാരായണനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. നാരായണന്‍ ദിവസവും മദ്യപിച്ചുവന്ന് പ്രസീതയെ മാനസികമായി പീഡിപ്പിക്കുക പതിവായിരുന്നു. നാരായണന്റെ മദ്യപാനത്തെ പ്രസീത ചോദ്യം ചെയ്തതാണ് വിരോധത്തിന് കാരണമായത്. പ്രസീത അപകടനവില തരണം ചെയ്ത് സുഖം പ്രാപിച്ചുവരികയാണ്. നാരായണന്റെ അസുഖം ഭേദമായ ശേഷം അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പോലീസ് പറഞ്ഞു. പോലീസ് കാവലിലാണ് നാരായണന്‍ ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്.

shortlink

Related Articles

Post Your Comments


Back to top button