കോഴിക്കോട് : ട്രോളിങ് നിരോധനവും റംസാന്‍ വിപണിയും ലക്ഷ്യമിട്ട് വിഷം കലര്‍ത്തിയ മത്സ്യം കേരളത്തിലേക്ക് വന്‍തോതില്‍ കടത്തുന്നു. മാരകമായ വിഷാംശമടങ്ങിയ രാസപദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ച് അന്യസംസ്ഥാനങ്ങളില്‍ നിന്നുമുള്ള മത്സ്യമാണ് വ്യാപകമായി ഇങ്ങോട്ടെത്തുന്നത്. ട്രോളിങ് നിരോധനത്തോടെ മത്സ്യ ലഭ്യതയുടെ കുറവ് കണക്കിലെടുത്താണ് മാസങ്ങള്‍ക്കു മുമ്പ് സ്റ്റോക്ക് ചെയ്ത മത്സ്യങ്ങള്‍ വിപണിയിലിറക്കുന്നത്.
ആരോഗ്യത്തിന് ഹാനികരമായ ഫോര്‍മലിന്‍, അമോണിയ എന്നീ രാസവസ്തുക്കളാണ് മത്സ്യം മാസങ്ങളോളം സൂക്ഷിക്കുന്നതിന് ഉപയോഗിക്കുന്നത്. മൃതദേഹങ്ങള്‍ അഴുകാതിരിക്കാന്‍ ഉപയോഗിക്കുന്ന ഫോര്‍മാലിനാണ് വ്യാപകമായി മത്സ്യങ്ങളില്‍ ഉപയോഗിക്കുന്നത്. മനുഷ്യന്റെ ആന്തരികാവയവങ്ങളെ തകരാറിലാക്കുന്ന മാരകശേഷിയുള്ള രാസപദാര്‍ഥമാണിത്. മത്സ്യം ഫോര്‍മലിന്‍ ലായനിയിട്ട് സൂക്ഷിച്ചാല്‍ വര്‍ഷങ്ങള്‍ തന്നെ രൂപമാറ്റം സംഭവിക്കാതെ സൂക്ഷിക്കാമെന്ന് വിദഗ്ദര്‍ പറയുന്നു. വലിപ്പവും ആകര്‍ഷണീയതയും ഉണ്ടാവാന്‍ അമോണിയവും ഉപയോഗിക്കുന്നു.
കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം ഭാഗങ്ങളിലെ മത്സ്യമര്‍ക്കറ്റുകളെല്ലാം അന്യസംസ്ഥാനത്ത് നിന്നുമെത്തുന്ന രാസപദാര്‍ത്ഥങ്ങള്‍ കലര്‍ത്തിയ മീനുകളാല്‍ ഇടം പിടിച്ചു കഴിഞ്ഞിരിക്കുന്നു. മംഗലാപുരം, ചെന്നൈ, കടലൂര്‍, തൂത്തുകുടി എന്നിവിടങ്ങളില്‍ നിന്നും വലിയ ലോറികളിലും ട്രെയിനുകളിലുമാണ് ഇവിടേക്ക് മത്സ്യമെത്തുന്നത്. കേരളത്തിലുടനീളം വ്യാപകമായി ഇത്തരം മത്സ്യങ്ങള്‍ വിപണിയിലെത്തുന്നതായാണ് അറിയുന്നത്. വലിയ കണ്ടയ്‌നറുകളില്‍ എത്തിച്ച ശേഷം മാര്‍ക്കറ്റുകളിലും ചെറിയ ഗുഡ്‌സ് വാഹനങ്ങളിലുമാണ് വില്‍പ്പന പൊടിപൊടിക്കുന്നത്. നാട്ടിന്‍പുറങ്ങളിലെ മത്സ്യ മാര്‍ക്കറ്റുകളേക്കാള്‍ റോഡരികിലും വഴിയോരങ്ങളിലുമായി വാഹനങ്ങളില്‍ കൊണ്ടുവന്നാണ് വിഷം കലര്‍ത്തിയ മത്സ്യം കൂടുതലായും വിറ്റൊഴിക്കുന്നത്.
പച്ച മീനാണെന്നേ ഒറ്റനോട്ടത്തില്‍ തോന്നുകയുള്ളൂ. പുതിയ മത്സ്യമാണെന്ന വ്യാജേനയാണ് ഉപഭോക്താക്കളെ ഇവര്‍ പറഞ്ഞു പറ്റിക്കുന്നതും വിറ്റൊഴിവാക്കുന്നതുമെല്ലാം. ഏതാനും മത്സ്യ ഏജന്‍സികളുടേയോ കുത്തക മുതലാളുമാരുടേതോ ആയിരിക്കും വാഹനങ്ങളില്‍ മത്സ്യ വിപണനം നടത്തുന്നവയില്‍ അധികവും. ഇത്തരം മത്സ്യ വിപണന കേന്ദ്രങ്ങളില്‍ നിന്നും വഞ്ചിക്കപ്പെടുന്നവരുടെ എണ്ണം കൂടിവരികയാണ്. മാരകമായ വിഷപദാത്ഥങ്ങളടങ്ങിയ മത്സ്യങ്ങള്‍ കഴിച്ച് വിട്ടൊഴിയാത്ത ഛര്‍ദിയും വയറിളക്കവും ദേഹാസ്വാസ്ത്യവും പിടിപെട്ട് ചികിത്സ തേടിയവരുടെ എണ്ണവും നിരവധിയാണ്. ഈ വര്‍ഷത്തെ ട്രോളിംങ് നിരോധന കാലയളവിലാണ് മത്സ്യം കഴിച്ച് ആശുപത്രിയിലെത്തുന്നവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിരിക്കുന്നത്. തുടര്‍ച്ചയായി ഈ മത്സ്യം ഉപയോഗിക്കുന്നവര്‍ക്ക് ക്യാന്‍സര്‍ അടക്കമുള്ള മാരക രോഗങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു. ഫോര്‍മാലിന്‍ സാന്നിധ്യം കുടലുകളെയും കരളിനെയും പ്രവര്‍ത്തന രഹിതമാക്കുകയും ഹൃദയത്തിന്റെ പ്രവര്‍ത്തനം താളം തെറ്റിക്കുകയും ചെയ്യും.
ഇത്തരം മത്സ്യങ്ങള്‍ എത്ര കഴുകിയെടുത്താലും വേവിച്ചാലും ഫോര്‍മാലിന്റെ അംശം നഷ്ടപ്പെടുന്നില്ല. ആരോഗ്യത്തിന് ഹാനികരായ അമോണിയ ആയിരുന്നു മത്സ്യങ്ങള്‍ അഴുകാതിരിക്കാന്‍ മുന്‍പ് ഉപയോഗിച്ചിരുന്നത്. അമോണിയ മത്സ്യങ്ങളില്‍ വിതറുകയായിയിരുന്നു ആദ്യം പിന്നീട് അമോണിയ ചേര്‍ത്ത വെള്ളം ഐസാക്കി മത്സ്യത്തില്‍ ഉപയോഗിച്ചു.ഇത്തരത്തില്‍ അമോണിയ ചേര്‍ത്ത ഐസ് ഉപയോഗിച്ചാലും മത്സ്യം ഒരാഴ്ച്ചയില്‍ കൂടുതല്‍ കേടുകൂടാതെ സൂക്ഷിക്കാന്‍ കഴിയാറില്ല. ഇതിനാല്‍ മത്സ്യം കൂടുതല്‍ സൂക്ഷിക്കാന്‍ പറ്റാതെ വരുന്നു. ഇതോടെയാണ് ഫോര്‍മാലിന്‍ ലായനിയി ഉപയോഗിച്ച് മാസങ്ങളോളം മത്സ്യം ഗോഡൗണുകളില്‍ സൂക്ഷിച്ച് വില്‍പ്പന നടത്തുകയാണ് ചെയ്തു വരുന്നത്. ട്രോളിങ് നിരോധനവും റംസാന്‍ മാസത്തില്‍ മത്സ്യത്തിനുള്ള ഡിമാന്റും മുതലെടുത്താണ് വിഷം കലര്‍ത്തിയ മത്സ്യം അതിര്‍ത്തി കടന്നെത്തുന്നത്. യാതൊരു പരിശോധനയും കൂടാതെ മത്സ്യങ്ങള്‍ അതിര്‍ത്തികടെന്നെത്തുമ്പോഴും അധികൃതരുടെ ഭാത്തുനിന്ന് ഒരു ശ്രദ്ധയും ഉണ്ടാകുന്നില്ല. മത്സ്യങ്ങള്‍ കഴിച്ച് അസ്വസ്ഥത അനുഭവിക്കുന്നവര്‍ അവരവര്‍ തന്നെ ആശുപത്രികളില്‍ ചെന്ന് പരിഹാരം കാണുകയാണ്. ഇതിനാല്‍ സംഭവം പുറം ലോകം അറിയുന്നുമില്ല.
രാസവസ്തുക്കള്‍ ചേര്‍ത്ത മത്സ്യം എത്തുന്നത് ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയുന്നുണ്ടെങ്കിലും നടപടിയെടുക്കാറില്ല. ചെക്കുപോസ്റ്റുകളിലും പരിശോധന കാര്യക്ഷമല്ല. മത്സ്യം എത്തിക്കുന്ന ഏജന്‍സികളുമായി ഉദ്യോഗസ്ഥര്‍ക്കുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് നടപടിയെടുക്കാത്തതിന് പിന്നിലെന്ന ആരോപണവുമായി കഴിഞ്ഞ ദിവസം ചില ആരോഗ്യ സംഘടനകള്‍ രംഗത്തെത്തിയിരുന്നു. അതേസമയം, ഉദ്യോഗസ്ഥരുടെ കുറവുമൂലമാണ് പരിശോധന കാര്യക്ഷമമാക്കാന്‍ സാധിക്കാത്തതെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പറയുന്നു.
മാത്രമല്ല, ഇത്തരത്തില്‍ പിടികൂടുന്ന മത്സ്യങ്ങള്‍ പരിശോധിക്കാനായി മലബാറിലെ ലാബുകളില്‍ സൗകര്യവുമില്ല. നിലവിലുള്ള ലബോറട്ടറികളില്‍ മത്സ്യ പരിശോധന നടത്താനും സാധിക്കില്ല. ഇത്തരത്തില്‍ പിടിക്കപ്പെടുന്ന മത്സ്യങ്ങള്‍ എറണാകുളത്തെ ലാബില്‍ നിന്നുമാണ് പരിശോധിക്കുന്നതെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. കേരളത്തില്‍ മത്സ്യത്തൊഴിലാളികള്‍ ഒരു വര്‍ഷം പിടിക്കുന്നത് ശരാശരി ആറു ടണ്‍ മത്സ്യമാണ്. എന്നാല്‍ ട്രോളില്‍ നിരോധന കാലയളവായ ഇപ്പോള്‍ ഇതിലും കൂടുതല്‍ മത്സ്യമാണ് വിപണിയിലെത്തുന്നത്. വിഷം വിറ്റ് സാധാരണക്കാരെ ചൂഷണം ചെയ്ത് മുതലാളിമാര്‍ കോടികള്‍ കൊയ്യുന്നുണ്ട്. വിഷം മുക്കിയ മത്സ്യം യഥേഷ്ടം വില്‍ക്കുന്നതുമൂലം വലിയ ദുരന്തവും വിദൂരമല്ല.
Post Your Comments