ന്യൂഡല്‍ഹി : രാജ്യം ഏറെ കാത്തിരിക്കുന്ന ദിവസമാണ് ഇന്ന്. സാമ്പത്തിക ഭദ്രതയ്ക്കായി പ്രധാനമന്ത്രി മോദിയുടെ പ്രഖ്യാപനം ഇന്നുണ്ടാകും. നികുതിയിളവുകളിലൂടെ ഉപഭോക്താക്കള്‍ക്കു കൂടുതല്‍ പണം കൈകാര്യം ചെയ്യാനുള്ള ശേഷി നല്‍കുന്നതുള്‍പ്പെടെ, രാജ്യത്തെ സാമ്പത്തിക മേഖലയ്ക്ക് ഉത്തേജനം പകരുന്ന കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ണായക മാര്‍ഗരേഖയാണ് പ്രധാനമന്ത്രി ഇന്ന് പ്രഖ്യാപിക്കുക.
ന്യൂഡല്‍ഹിയില്‍ ബിജെപി ദേശീയ നിര്‍വാഹകസമിതിയുടെ സമാപനത്തോടനുബന്ധിച്ചു വൈകിട്ട് അഞ്ചു മണിയോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന പ്രസംഗത്തിലാവും മാര്‍ഗരേഖയുടെ പ്രഖ്യാപനമുണ്ടാവുക. പ്രസംഗത്തിന്റെ തല്‍സമയ സംപ്രേഷണവുമുണ്ടാകും. പത്തു മാസം മുന്‍പ് 1000, 500 രൂപ നോട്ടുകള്‍ അസാധുവാക്കുന്ന പ്രഖ്യാപനം പോലെ ഇന്നത്തെ അഭിസംബോധനയും രാജ്യത്തിന്റെ സാമ്പത്തികമേഖലയില്‍ വലിയ മാറ്റങ്ങള്‍ക്കു വഴിയൊരുക്കുന്നതാവും എന്ന ചിന്തയാണു സാമ്പത്തിക വിദഗ്ധര്‍ക്കുള്ളത്.
സര്‍ക്കാര്‍ തയാറാക്കുന്ന പാക്കേജില്‍ അടിസ്ഥാന സൗകര്യം, ബാങ്കിങ്, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍, തൊഴില്‍ സൃഷ്ടിക്കല്‍, ഓഹരി വില്‍പന തുടങ്ങിയ മേഖലകള്‍ക്കു മുന്‍തൂക്കം നല്‍കും.
ഇളവു കാത്ത് ചെറുകിട, ഇടത്തരം മേഖല
കറന്‍സി അസാധുവാക്കല്‍ നടപടിയെ തുടര്‍ന്നു പ്രതിസന്ധിയിലായ ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കു പ്രോല്‍സാഹനം നല്‍കാനുള്ള ഇളവുകള്‍ പാക്കേജിലുണ്ടാകും. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ നിര്‍ണായകമായ ചെറുകിട, ഇടത്തരം മേഖല നേരിടുന്ന പ്രതിസന്ധി സാമ്പത്തിക വ്യവസ്ഥയ്ക്കു ഗുരുതരമായ വെല്ലുവിളിയാണുയര്‍ത്തുന്നത്.
അടിസ്ഥാന സൗകര്യ മേഖലയില്‍ നിക്ഷേപം വര്‍ധിപ്പിക്കുന്നതിനായി പൊതു – സ്വകാര്യ പങ്കാളിത്ത പദ്ധതികളുടെ മാനദണ്ഡങ്ങളും നിബന്ധനകളും ലഘൂകരിക്കും.
അടിസ്ഥാന വികസനത്തിനായി ബോണ്ടുകള്‍. അടിസ്ഥാന സൗകര്യ പദ്ധതികള്‍ക്ക് ആക്കം പകരുന്നതിലൂടെ തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാമെന്നാണു കണക്കുകൂട്ടല്‍.
എയര്‍ ഇന്ത്യ, ചില റെയില്‍വേ ആസ്തികള്‍ തുടങ്ങി പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്‍പനയിലൂടെ വരുമാനം കണ്ടെത്താനുള്ള നടപടികള്‍ ഊര്‍ജിതമാക്കും.
ബാങ്കുകള്‍ വായ്പാ സൗകര്യം വിപുലീകരിക്കാനും ‘മുദ്ര’ പദ്ധതിയില്‍ വായ്പ ഉദാരമായി വിതരണം ചെയ്യാനും സര്‍ക്കാര്‍ തലത്തില്‍ പ്രത്യേക ശ്രദ്ധ ചെലുത്തും. സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്കു പ്രോല്‍സാഹനം നല്‍കുകയാണു ലക്ഷ്യം.
Post Your Comments