ന്യൂഡല്‍ഹി : വീട് എന്ന സ്വപ്‌നം സാധാരണക്കാര്‍ക്ക് യാഥാര്‍ത്ഥ്യമാകുന്നു. 2022 ആകുമ്പോള്‍ രാജ്യത്ത് എല്ലാവര്‍ക്കും പാര്‍പ്പിടം എന്ന ലക്ഷ്യത്തോടെ, സാധാരണക്കാര്‍ക്കു വീടു പണിയാന്‍ സ്വകാര്യ മേഖലയുടെ നിക്ഷേപം ആകര്‍ഷിക്കാനായി പുതിയ ‘പൊതു-സ്വകാര്യ പങ്കാളിത്ത’ നയത്തിന് കേന്ദ്ര സര്‍ക്കാര്‍ രൂപം നല്‍കി.
സ്വകാര്യ മേഖല പണിയുന്ന ഓരോ വീടിനും രണ്ടര ലക്ഷം രൂപ വരെ കേന്ദ്രം സഹായം നല്‍കും.
കെട്ടിടത്തിന്റെ പ്ലാനുകള്‍ക്ക് ഓണ്‍ലൈനിലൂടെ സമയബന്ധിതമായി അനുമതി നല്‍കുന്ന പരിപാടി ഡല്‍ഹിയിലും മുംബൈയിലും തുടങ്ങിയത് 10 ലക്ഷത്തിനുമേല്‍ ജനസംഖ്യയുള്ള 53 നഗരങ്ങളില്‍ക്കൂടി ഉടന്‍ വ്യാപിപ്പിക്കും. നഗരങ്ങളോടു ചേര്‍ന്നു കിടക്കുന്ന ഗ്രാമപ്രദേശങ്ങളില്‍ ഭവന നിര്‍മാണ പദ്ധതികള്‍ക്ക് അനുമതി നല്‍കും. സര്‍ക്കാര്‍ ഉടന്‍ തന്നെ ‘മോഡല്‍ ടെനന്‍സി ആക്ട്’ കൊണ്ടുവരും. ‘നാഷണല്‍ റെന്റല്‍ ഹൗസിങ് പോളിസി’ യും പ്രഖ്യാപിക്കും.
കേന്ദ്ര സര്‍ക്കാര്‍ 2,50,000 രൂപ വരെ ബാങ്ക് വായ്പകളുടെ പലിശ സബ്‌സിഡിയായി നല്‍കും. പ്രധാനമന്ത്രി ആവാസ് യോജനയിലെ വായ്പാ ബന്ധിത സബ്‌സിഡി ഘടകം അനുസരിച്ചാണിത്. ബാങ്ക് വായ്പ എടുക്കാതെയാണു പണിയുന്നതെങ്കില്‍ സര്‍ക്കാര്‍ 1,50,000 രൂപ സഹായം നല്‍കും.
Post Your Comments