അല്‍ഹസ്സ: സ്‌പോണ്‍സര്‍ അന്യായമായി ഹുറൂബാക്കിയ മലയാളിക്ക് സഹായവുമായി നവയുഗം. നിയമയുദ്ധം ജയിച്ച് മലയാളി നാട്ടിലേക്ക് മടങ്ങി. നവയുഗം സാംസ്‌കാരികവേദി ജീവകാരുണ്യപ്രവര്‍ത്തകരുടെ സഹായത്തോടെ നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി.
തിരുവനന്തപുരം സ്വദേശിയായ രഘു രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്, മെക്കാനിക്കല്‍ വിസയില്‍ അല്‍ഹസ്സയിലെ സ്വദേശിയായ ഒരു പൗരന്റെ വര്‍ക്ക്ഷോപ്പില്‍ ജോലിയ്ക്ക് എത്തിയത്. രാപകല്‍ ജോലി ചെയ്തിട്ടും ശമ്പളം സമയത്ത് കിട്ടിയിരുന്നില്ല. ഒരു വര്‍ഷമായപ്പോള്‍ മൂന്നു മാസത്തെ ശമ്പളം കുടിശ്ശികയായി. ഇതിന്റെ പേരില്‍ രഘു സ്‌പോന്‍സറുമായി പ്രശ്‌നമായി. അതിന്റെ പ്രതികാരമായി രഘു അറിയാതെ, സ്‌പോണ്‍സര്‍ അയാളെ ഹുറൂബാക്കി.
രണ്ടു വര്‍ഷമായപ്പോള്‍ ഫൈനല്‍ എക്‌സിറ്റ് പോകാന്‍ രഘു സ്‌പോണ്‍സറെ സമീപിച്ചപ്പോഴാണ് ഹുറൂബാക്കിയ വിവരം അയാള്‍ പറഞ്ഞത്. ഹുറൂബ് മാറ്റി എക്‌സിറ്റ് വിസ അടിയ്ക്കണമെങ്കില്‍ പതിനയ്യായിരം റിയാല്‍ തനിയ്ക്ക് തരണമെന്നും, ഇല്ലെങ്കില്‍ പോലീസില്‍ പിടിച്ച് ഏല്‍പ്പിയ്ക്കുമെന്നും സ്‌പോണ്‍സര്‍ ഭീക്ഷണി മുഴക്കി. പണം നല്‍കാത്തതിനെത്തുടര്‍ന്ന് രഘുവിനെ സ്‌പോണ്‍സര്‍ ആ വര്‍ക്ക്‌ഷോപ്പില്‍ നിന്നും ഇറക്കി വിടുകയും ചെയ്തു.
നിരാലംബനായ രഘു സഹായം അഭ്യര്‍ത്ഥിച്ച് നവയുഗം അല്‍ഹസ്സ മേഖല രക്ഷാധികാരി ഹുസൈന്‍ കുന്നിക്കൊടിനെ സമീപിച്ചു. തുടര്‍ന്ന് നവയുഗം അല്‍ഹസ്സ മേഖല ജീവകാരുണ്യവിഭാഗം കണ്‍വീനര്‍ അബ്ദുള്‍ ലത്തീഫ് മൈനാഗപ്പള്ളിയുടെ നേതൃത്വത്തില്‍ നവയുഗം പ്രവര്‍ത്തകര്‍ രഘുവിനെ സഹായിക്കാന്‍ മുന്നിട്ടിറങ്ങുകയായിരുന്നു. അവരുടെ സഹായത്തോടെ രഘു ലേബര്‍ കോടതിയില്‍ സ്‌പോണ്‍സര്‍ക്കെതിരെ കേസ് ഫയല്‍ ചെയ്തു.
രഘുവിനായി നവയുഗം ജീവകാരുണ്യപ്രവര്‍ത്തകര്‍ കോടതിയില്‍ നടന്ന വാദപ്രതിവാദങ്ങളില്‍, സ്‌പോണ്‍സറുടെ കള്ളക്കളികള്‍ തെളിവ് സഹിതം കോടതിയെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞു. തുടര്‍ന്ന് രഘുവിന്റെ ഹുറൂബ് നീക്കി ഫൈനല്‍ എക്‌സിറ്റ് നല്‍കാനും, ശമ്പള കുടിശ്ശിക മുഴുവന്‍ നല്‍കാനും കോടതി ഉത്തരവിട്ടു.
Post Your Comments