തിരുവനന്തപുരം : ഐ.എഫ്.എഫ്.കെയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ‘സെക്സി ദുര്‍ഗ’ പിന്‍വലിച്ചതുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിച്ച് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍. സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ചിത്രം ലോക സിനിമാ വിഭാഗത്തില്‍ തന്നെ ഉള്‍പ്പെടുത്തണമെന്നാണ് തന്‍റെ ആഗ്രഹം. എന്നാല്‍ സെലക്ഷന്‍ കമ്മിറ്റിയാണ് മേളയിലേക്ക് വിവിധ വിഭാഗങ്ങളിൽ ചിത്രങ്ങള്‍ തെരഞ്ഞെടുത്തതെന്ന് കമല്‍ പറഞ്ഞു. സിനിമ പിന്‍വലിച്ച നടപടിയില്‍നിന്ന് സനല്‍ പിന്‍മാറണമെന്നും ചര്‍ച്ചയിലൂടെ തീരുമാനമുണ്ടാകുമെന്നാണു പ്രതീക്ഷയെന്നും കമല്‍ പറഞ്ഞു.
‘സെക്സി ദുര്‍ഗ’ മലയാളത്തില്‍ നിന്നുള്ള മല്‍സര വിഭാഗത്തില്‍ ഉള്‍പ്പെടുത്താത്തതില്‍ പ്രതിഷേധിച്ചായിരുന്നു സംവിധായകൻ ചിത്രം പിൻവലിച്ചത്.ഇതിനെതിരെ അദ്ദേഹം ഫേസ്ബുക്കിൽ തന്‍റെ പ്രതികരണം അറിയിക്കുകയും ചെയ്തിരുന്നു.
‘മലയാള സിനിമ ഇന്ന്’ എന്ന വിഭാഗത്തിലാണു സെക്സി ദുര്‍ഗയെ ഉള്‍പ്പെടുത്തിയത്. റോട്ടര്‍ഡാം ചലച്ചിത്ര മേളയില്‍ ടൈഗര്‍ അവാര്‍ഡ് നേടിയ ആദ്യ ഇന്ത്യന്‍ സിനിമയാണ് സെക്സി ദുര്‍ഗ. സെക്സി ദുര്‍ഗയ്ക്കു പുറമെ ടേക്ക് ഓഫ്, തൊണ്ടിമുതലും ദൃക്സാക്ഷിയും, കറുത്ത ജൂതന്, അങ്കമാലി ഡയറീസ്, മറവി, അതിശയങ്ങളുടെ വേനല്‍ എന്നിവയാണ് മലയാള സിനിമ ഇന്ന് എന്ന വിഭാഗത്തിലേക്കു തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങള്‍.
Post Your Comments