കൊച്ചി : യൂബര്‍ ടാക്സി ഡ്രൈവറെ തലക്കടിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതികളായ സ്ത്രീകളെ പൊലീസ് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടതില്‍ പ്രതിഷേധം ഉയരുന്നു. പരിക്കേറ്റ ഡ്രൈവർ ഷെഫീക്കിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടും സ്ത്രീകളെ മരട് പൊലീസ് ജാമ്യത്തില്‍ വിട്ടതിനെതിരെയാണ് നാട്ടുകാരുടെ പ്രതിഷേധം. യൂബര്‍ ടാക്സി ഡ്രൈവറായ കുമ്പളം സ്വദേശി ഷെഫീക്കിനെ (32) വൈറ്റിലയ്ക്കു സമീപം മൂന്നു യുവതികള്‍ ചേര്‍ന്ന് മര്‍ദ്ദിച്ച സംഭവത്തിൽ ഏകസാക്ഷിയായ തൃപ്പൂണിത്തുറയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരനായ ഷിനോജ് മൊഴി നൽകിയിട്ടും സ്ത്രീകളെ ജാമ്യത്തിൽ വിട്ടയച്ചത് എന്തടിസ്ഥാനത്തിലാണെന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്. അക്രമത്തിന്റെ തീവ്രതയനുസരിച്ചു ജാമ്യമില്ലാത്ത വകുപ്പുപ്രകാരം യുവതികള്‍ക്കെതിരെ കേസെടുക്കുമെന്ന് തന്റെ മൊഴിയെടുത്ത പൊലീസ് ഉദ്യോഗസ്ഥര്‍ തന്നോട് ആദ്യം പറഞ്ഞിരുന്നെങ്കിലും പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടതെന്ത് കൊണ്ടാണെന്ന് അറിയില്ലെന്നും ഷിനോജ് വ്യക്തമാക്കി.
ബുധനാഴ്ച രാവിലെ പതിനൊന്നരയോടെ വൈറ്റില ജംഗ്‌ഷനിലായിരുന്നു സംഭവം.ഷിനോജ് എറണാകുളം ഷേണായീസിന് സമീപത്ത് നിന്നും തൃപ്പൂണിത്തുറയിലെ ഓഫിസിലേക്കു പോകുന്നതിന് ഓണ്‍ലൈന്‍ ഷെയര്‍ ടാക്സി വിളിച്ചു യാത്രചെയ്തു. വൈറ്റിലയില്‍ ടാക്സി എത്തിയതോടെ ഇവിടെ ബുക്ക് ചെയ്തു കാത്തിരുന്ന യുവതികളും കയറാനെത്തി. തങ്ങള്‍ വിളിച്ച ടാക്സിയില്‍ മറ്റൊരാള്‍ ഇരിക്കുന്നത് അനുവദിക്കില്ലെന്നും ഇറക്കിവിടണമെന്നും യുവതികള്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇതിന് ഷഫീക്ക് തയാറാകാത്തതിനെ തുടര്‍ന്ന് യുവതികള്‍ അക്രമാസക്തരാകുകയായിരുന്നെന്ന് ഷിനോജ് അറിയിച്ചു. സിനിമാരംഗത്ത് പ്രവര്‍ത്തിക്കുന്ന യുവതിയടക്കമുള്ളവരായിരുന്നു ആക്രമണത്തിന് നേതൃത്വം കൊടുത്തത്.
Post Your Comments