തൃശൂർ : പുതുക്കാട്: അളഗപ്പനഗറിൽ യൂബർ ടാക്സിഡ്രൈവറെ ആക്രമിച്ച് കാർ തട്ടിയെടുത്ത സംഭവത്തിൽ ഒരാൾ പോലീസ് കസ്റ്റഡിയിൽ. ഇയാളുടെ അറസ്റ്റ് വൈകിയേക്കും. സംഘത്തിലെ രണ്ടാമനായുള്ള തെരച്ചിൽ തുടരുന്നു. യൂബർ ടാക്സി ആപ്പിലേക്ക് വിളിച്ച ഫോൺ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്. ആലുവ സ്വദേശികളാണ് സംഭവത്തിന് പിന്നിലെന്നും കാർ തട്ടിയെടുത്ത ശേഷം പൊളിച്ചുവിൽക്കുകയായിരുന്നു സംഘത്തിന്‍റെ ലക്ഷ്യമെന്നും പോലീസ് വ്യക്തമായിട്ടുണ്ട്. കാലടി പോലീസ് സ്റ്റേഷനിൽനിന്ന് കാർ പുതുക്കാട് എത്തിച്ചു. ഫോറൻസിക്, വിരലടയാള വിദഗ്ധർ കാർ പരിശോധിച്ച് തെളിവുകൾ ശേഖരിച്ചു.സൈബർ സെല്ലിന്റെയും ചാലക്കുടി ഡിവൈഎസ്പിയുടേയും സഹായത്തോടെയാണ് അന്വേഷണം പുരോഗമിക്കുന്നത്.
Also read : കൂടത്തായി കൊലപാതക കേസ് : പ്രതികളുടെ കസ്റ്റഡി കാലാവധി നീട്ടി
കഴിഞ്ഞ ദിവസം പുലർച്ചെ ദിവാന്‍ജി മൂലയില്‍ നിന്ന് പുതുകാടിലേക്ക് പോകാൻ വിളിച്ച രണ്ടു പേർ ഡ്രൈവറുടെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച് കാർ തട്ടിയെടുക്കുകയായിരുന്നു. വിവരമറിഞ്ഞു പിന്തുടർന്നെത്തിയ പോലീസ് കാലടിയിൽ വെച്ച് കാർ പിടികൂടിയെങ്കിലും പ്രതികൾ രക്ഷപ്പെട്ടിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിലാണ് ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തത്.
Post Your Comments