ന്യൂസ് സ്റ്റോറി
മുത്തലാഖ് വിഷയത്തിൽ ചരിത്രപരമായ വിധി പുറപ്പെടുവിച്ച സുപ്രീം കോടതിയെ വിമർശിക്കാൻ കഴിയാത്തതുകൊണ്ടോ അതോ മോഡി വിരോധം കൊണ്ടോ പലരും മോദിയെ വിമർശിക്കുന്ന കാഴ്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലും ചാനൽ ചർച്ചയിലും കാണാൻ കഴിയുക. മുത്തലാഖിനെ വധശിക്ഷയോടാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജെ.എസ്. കേഹാര്‍ ഉപമിച്ചത്. മുത്തലാഖിലൂടെ വിവാഹബന്ധം വേര്‍പെടുത്തിയ അഞ്ചു സ്ത്രീകള്‍ വെവ്വേറെ നല്‍കിയ ഹര്‍ജികളിന്‍മേല്‍ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് വാദം കേൾക്കുകയും കേന്ദ്രത്തോട് നിലപാട് അന്വേഷിക്കുകയും ചെയ്ത ശേഷം എല്ലാ വശങ്ങളും ചിന്തിച്ചാണ് ഇപ്പോൾ ഈ വിധി പുറപ്പെടുവിച്ചിരിക്കുന്നത്.
5 വര്‍ഷം നീണ്ട വിവാഹബന്ധം മുത്തലാഖിലൂടെ വേര്‍പെടുത്തിയ ഷൈറാ ബാനു, 2016 ല്‍ കത്തു വഴി മൊഴി ചൊല്ളപ്പെട്ട ആഫ്രീന്‍ റഝാന്‍, മുദ്രപ്പത്രത്തിലൂടെ മൊഴി ചൊല്ളപ്പെട്ട ഗുല്‍ഷന്‍ പര്‍വീണ്‍, ദുബായില്‍ ഇരുന്നു ഫോണിലൂടെ ഭര്‍ത്താവ് മൊഴിചൊല്ളിയ ഇഷ്റത് ജഹാന്‍, സ്പീഡ് പോസ്റ്റിലൂടെ മൊഴി ചൊല്ലപ്പെട്ട അതിയാ സാബ്റി എന്നിവരാണു മുത്തലാഖ് വിഷയത്തില്‍ നീതി തേടി കോടതിയെ സമീപിച്ചത്. ഇതിന്റെ വിധിയാണ് ഇന്നലെ സുപ്രീം കോടതി പുറപ്പെടുവിച്ചതും. ഇതിൽ ഇസ്രത് ജഹാൻ ജനാധിപത്യത്തെ പോലും പ്രതിക്കൂട്ടിലാക്കിയാണ് ഹർജ്ജി നൽകിയത്. മുത്തലാഖ് ഭരണഘടന ഉറപ്പ് നൽകുന്ന പൗരന്റെ മൗലികാവകാശങ്ങളെ ഹനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി ഇസ്രത്ത് ജഹാൻ സമർപ്പിച്ച ഹർജിയും സുപ്രീം കോടതി പരിഗണിച്ചിരുന്നു.
മുത്തലാഖ് ഏകപക്ഷീയമാണെന്നും അത് മുസ്ളിം വനിതയുടെ സ്വത്തവകാശത്തെയും കുട്ടികളിലുള്ള അവകാശത്തെയും ഹനിക്കുന്നതാണെന്നുമവർ ആരോപിച്ചു. 1937 ൽ ശരിയത്ത് നിയമങ്ങളെ അടിസ്ഥാമാക്കി രൂപപ്പെടുത്തിയതാണ് ഇന്ന് നിലവിലുള്ള മുസ്ലീം വ്യക്തിനിയമങ്ങൾ. ഇതിലെ വിവാഹബന്ധവുമായി ബന്ധപ്പെട്ട കാര്യങ്ങൾ 1937 നു ശേഷം യാതൊരു പരിഷ്‌കരണവുമില്ലാതെ നിൽക്കുന്ന മുസ്ലിം വ്യക്തിനിയമത്തിന്റെ അടിസ്ഥാനത്തിലാണ്. തലാഖ് ചൊല്ലി വിവാഹ മോചിതയാകുന്ന സ്ത്രീകൾക്ക് ചിലവിനു കൊടുക്കാൻ ശരിയത്ത് നിയമം പറയുന്നില്ല. അവർക്ക് വസ്തുക്കളിൽ അവകാശവുമില്ല. ഈ നിയമത്തെ സുപ്രീം കോടതി 1985 ൽ ഖണ്ഡിക്കുകയും ഭാര്യയ്ക്കും മക്കൾക്കും വയസ്സായ മാതാപിതാക്കൾക്കും ചിലവിനുകൊടുക്കേണ്ടത് ഭർത്താവിന്റെയോ മക്കളുടേയോ കടമയാണെന്ന് ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നു.
അനിയന്ത്രിതവും ഏകപക്ഷീയവുമായ വിവാഹമോചന രീതിയാണ് മുത്തലാഖെന്നും ഇത് മുസ്ലിം സ്ത്രീകളുടെ മൗലികാവകാശങ്ങള്‍ ലംഘിക്കുന്നതായും ജസ്റ്റിസുമാരായ കുര്യന്‍ ജോസഫ്, ആര്‍.എഫ്. നരിമാന്‍, യു.യു. ലളിത് എന്നിവര്‍ വിധിന്യായത്തില്‍ വ്യക്തമാക്കി.എന്തായാലും ആയിരത്തിലേറെ വര്‍ഷമായി മുസ്ലിം സ്ത്രീകളുടെ ജീവിതത്തിലെ ദുരന്തമായിരുന്ന മുത്തലാഖ് എന്ന ദുരാചാരത്തിനാണ് ഇപ്പോൾ അന്ത്യം കുറിച്ചിരിക്കുന്നത്. മുസ്ലിം സ്ത്രീകള്‍ക്ക് കണ്ണീരും ദുരിതയും മാത്രം സമ്മാനിച്ച മുത്തലാഖ് നിരോധിച്ചതിനെ മുസ്‌ലിം സ്ത്രീകൾ വളരെ ആവേശത്തോടെയാണ് വരവേറ്റത്.
അതേസമയം, മുത്തലാഖ് മുസ്ലിങ്ങളുടെ മതവിശ്വാസത്തിന്റെ ഭാഗമെന്നും മൗലികാവകാശമെന്നും ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹറും ജസ്റ്റിസ് എസ്. അബ്ദുള്‍ നസീറും അഭിപ്രായപ്പെട്ടു.അഞ്ചംഗ ഭരണഘടനാ ബെഞ്ചിലെ ഭൂരിപക്ഷ അഭിപ്രായമാണ് വിധിയായി കണക്കാക്കുക.
മുത്തലാഖിന് ഇരയായ മുസ്ലിം വനിതകളാണ് നിരോധനമാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്. തുടര്‍ന്നാണ് ഇതിന്റെ ഭരണഘടനാ സാധുത പരിശോധിക്കാന്‍ കോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് രൂപം നല്‍കിയത്. മെയ് 11 മുതല്‍ തുടര്‍ച്ചയായി ആറ് ദിവസം വാദം കേട്ടു. ശേഷമാണ് ഈ ചരിത്ര വിധി പുറപ്പെടുവിച്ചത്.
മുത്തലാഖ് വിശ്വാസത്തിന്റെ ഭാഗമായതിനാല്‍ ഇടപെടാന്‍ കോടതിക്ക് അധികാരമില്ലെന്നായിരുന്ന മുസ്ലിം വ്യക്തിനിയമ ബോര്‍ഡിന്റെയും മുസ്ലിം ലീഗ് ഉള്‍പ്പെടെയുള്ള സംഘടനകളുടെയും നിലപാട്.മാസങ്ങൾ നീണ്ട പോരാട്ടത്തിനൊടുവിൽ മുത്തലാഖ് വിഷയത്തിൽ സുപ്രീം കോടതിയുടെ നിർണായക വിധിയുണ്ടായത്.മുത്തലാഖ് നിരോധിക്കാൻ ആവശ്യമെങ്കിൽ ആറുമാസത്തിനകം നിയമനിർമാണം നടത്തണമെന്നു ജഡ്ജിമാരായ ജെ.എസ്. കേഹാറും ജസ്റ്റിസ് എസ്. അബ്ദുൽ നസീറും കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു.
ഇതിന് കേന്ദ്രത്തെയും പ്രധാനമന്ത്രിയെയും ഗുജറാത്തിനേയും കാശ്മീരിനെയും വരെ വലിച്ചിഴച്ചാണ് പലരും ചർച്ച നടത്തുന്നത്. കാര്യങ്ങളുടെ യാഥാർഥ്യം ഇവയാണെന്നു അറിയാതെയല്ല ഇവരുടെ ചർച്ച എന്നതാണ് രസകരം.
Post Your Comments