ഗുരുഗ്രാം: ഗുരുഗ്രാമിലെ ജേക്കബ്പുരയിലെ ഇറച്ചിക്കടകള്‍ ശിവസേന അടപ്പിച്ചു. നവരാത്രിയോടനുബന്ധിച്ച് ഇറച്ചിക്കടകള്‍ ഒമ്പത് ദിവസവും അടച്ചിടണമെന്ന് ആവശ്യപ്പെട്ടാണ് ശിവസേന പ്രവര്‍ത്തകര്‍ കടകള്‍ അടപ്പിച്ചത്. 500കടകള്‍ അടപ്പിച്ചതായി ശിവസേനക്കാര്‍ അവകാശപ്പെട്ടു.
ശിവസേന ജില്ലാ സെക്രട്ടറി റോഹ്താസ് യാദവിന്റെ പേരില്‍ മാര്‍ച്ച് 28ന് നല്‍കിയ നോട്ടീസില്‍ നവരാത്രി ദിനങ്ങളില്‍ എല്ലാ ഇറച്ചിക്കടക്കാരും കടകള്‍ അടച്ചിടണമെന്നും ഒരു ചൊവ്വാഴ്ചയും കടകള്‍ തുറക്കരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് പാലിച്ചില്ലെങ്കില്‍ പൊലീസ് അന്വേഷണമുണ്ടാകുമെന്നും സാമൂഹിക സംഘടനകളുടെ അന്വേഷണവും നേരിടേണ്ടി വരുമെന്നും ഭീഷണിപ്പെടുത്തുന്നുണ്ട്.
എന്നാല്‍ ഇത്തരമൊരു നോട്ടീസിനെ കുറിച്ച് തങ്ങള്‍ അറിഞ്ഞിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. ബലപ്രയോഗത്തിലൂടെ കടകള്‍ അടപ്പിക്കുന്നുവെന്ന പരാതി ലഭിച്ചാല്‍ നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു. പൊലീസിന്റെ അറിവില്ലാതെയാണ് നോട്ടീസ് പ്രചരിപ്പിക്കുന്നത്. അവ തങ്ങള്‍ നീക്കം ചെയ്തുവരികയാണ്. സംഭവവുമായി ബന്ധപ്പെട്ട് പാര്‍ട്ടി പ്രവര്‍ത്തകരെ ചോദ്യം ചെയ്യുമെന്നും പൊലീസ് പറഞ്ഞു.
എന്നാല്‍, നവരാത്രിയോടനുബന്ധിച്ച് എല്ലാ വര്‍ഷവും കടയടയ്ക്കാറുണ്ടെന്ന് കടയുടമ പര്‍വേശ് കുമാര്‍ പറഞ്ഞു. കട നില്‍ക്കുന്ന പ്രദേശത്ത് ഒരു ക്ഷേത്രമുണ്ട്. അതിനാല്‍ ഒമ്പതു ദിവസവും സ്വന്തം ഇഷ്ടപ്രകാരം തന്നെ എല്ലാവരും കടയടച്ചിടാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ കടയടച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്താന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രദേശത്ത് തമ്പടിക്കുന്നത് ആദ്യമായാണെന്ന് അദ്ദേഹം പറഞ്ഞു.
Post Your Comments