
തിരുവനന്തപുരം: സെന്‍ട്രല്‍ ജയിലുകളില്‍ തടവുകാരുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ മൊബൈല്‍ ഡിറ്റക്റ്ററുകളും രാത്രിയിലെ ആളനക്കം കണ്ടെത്താന്‍ ലേസര്‍ സ്കാനറുകളും വരുന്നു. . ആഭ്യന്തര അഡീഷനല്‍ ചീഫ് സെക്രട്ടറി സുബ്രതോ ബിശ്വാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജയില്‍ ഉന്നതതല യോഗത്തിലാണു തീരുമാനം.
ജയിലുകളില്‍ തടവുകാര്‍ പലരും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സുരക്ഷാ ഓഡിറ്റ് നടത്താന്‍ ജയില്‍ മേധാവി ഡിജിപി ആര്‍ ശ്രീലേഖ ഉത്തരവിട്ടിരുന്നു. മുന്‍പു തിരുവനന്തപുരം, വിയ്യൂര്‍, കണ്ണൂര്‍ സെന്‍ട്രല്‍ ജയിലുകളില്‍ ലക്ഷങ്ങള്‍ മുടക്കി സ്ഥാപിച്ച മൊബൈല്‍ ജാമറുകള്‍ തടവുകാര്‍ ഉപ്പിട്ടു നശിപ്പിക്കുകയും തുടര്‍ന്നു തടവുകാര്‍ വ്യാപക മൊബൈല്‍ ഫോണ്‍ ഉപയോഗം തുടങ്ങുകയും ചെയ്തിരുന്നു.
കയ്യില്‍ കൊണ്ടു നടക്കാവുന്ന മൊബൈല്‍ ഡിറ്റക്റ്ററുകളാണു പുതുതായി വാങ്ങുന്നത്. സമീപത്തെവിടെയെങ്കിലും മൊബൈല്‍ ഫോണോ മൊബൈല്‍ ഫോണ്‍ ബാറ്ററിയോ ചാര്‍ജറോ ഉണ്ടെങ്കില്‍ ഇതു കണ്ടെത്തും. പൂജപ്പുര സെന്‍ട്രല്‍ ജയിലിനകത്തെ ടവറില്‍ ജയിലിനകത്തും പുറത്തുമുള്ള എല്ലാ ചലനവും രാത്രിയില്‍ പോലും കണ്ടെത്താവുന്ന ലേസര്‍ സ്കാനര്‍ സ്ഥാപിക്കും. സബ് ജയിലുകള്‍ അടക്കം 53 ജയിലുകളിലും നിലവിലെ മതില്‍ക്കെട്ടിനു മുകളില്‍ വൈദ്യുതി കമ്പിവേലി സ്ഥാപിക്കും.
Post Your Comments