താനെ : അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിം എന്നും ഒരു നിഗൂഢതയാണ്. അയാള്‍ എവിടെ ഉണ്ടെന്നുള്ളത് അജ്ഞാതമാണ്. എന്നാല്‍ ഇപ്പോള്‍ ദാവൂദ് പാക്കിസ്ഥാനിലുണ്ടെന്നു സഹോദരന്‍ ഇക്ബാല്‍ കസ്‌കര്‍. അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലില്‍ കസ്‌കര്‍ ഇക്കാര്യം വെളിപ്പെടുത്തിയതായി രഹസ്യാന്വേഷണ വിഭാഗവും താനെ പൊലീസിന്റെ ക്രൈം ബ്രാഞ്ച് വിഭാഗവും അറിയിച്ചു.
തിങ്കളാഴ്ച രാത്രി ദക്ഷിണ മുംബൈയില്‍ സിഎസ്ടി റെയില്‍വേ സ്റ്റേഷനില്‍നിന്നു രണ്ടു കിലോമീറ്റര്‍ അകലെ പക്‌മോഡിയ സ്ട്രീറ്റിലുള്ള സഹോദരി ഹസീന പാര്‍ക്കറുടെ വീട്ടില്‍നിന്നാണു കസ്‌കറെ പൊലീസ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലില്‍ ദാവൂദ് ഇബ്രാഹിമുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ കസ്‌കര്‍ പങ്കുവച്ചതായാണു വിവരം.
ഫോണ്‍ ചോര്‍ത്തപ്പെടുമെന്ന ഭീതിയാലാണ് ദാവൂദ് ഇന്ത്യയിലെ അനുയായികളെ വിളിക്കാത്തതെന്നും കസ്‌കര്‍ അറിയിച്ചു. ഇരുവരുടെയും മറ്റൊരു സഹോദരനായ അനീസ് ഇബ്രാഹിം ദാവൂദിനൊപ്പമാണു കഴിയുന്നത്. അടുത്തിടെ അനീസുമായി ആകെ നാലോ അഞ്ചോ തവണ മാത്രമേ സംസാരിച്ചിരുന്നുള്ളൂവെന്നും കസ്‌കര്‍ കൂട്ടിച്ചേര്‍ത്തു. കെട്ടിട നിര്‍മാതാക്കള്‍, ബിസിനസുകാര്‍ തുടങ്ങിയവരില്‍നിന്നു ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിലാണ് കസ്‌കര്‍ പിടിയിലായത്. ദാവൂദ് ഇബ്രാഹിമിന്റെ പേരിലാണു കസ്‌കര്‍ പലരെയും ഭീഷണിപ്പെടുത്തി പണം വാങ്ങിയിരുന്നത്.
ദാവൂദ് പാക്കിസ്ഥാനിലാണെന്ന ഇന്ത്യയുടെ വാദത്തിനു ബലമേകുന്ന മൊഴിയാണ് കസ്‌കര്‍ നല്‍കിയിരിക്കുന്നത്. ദാവൂദിന്റെ പാക്കിസ്ഥാനിലെ വിലാസങ്ങളായി ഇന്ത്യ ഐക്യരാഷ്ട്രസംഘടനയ്ക്കു കൈമാറിയ ഒന്‍പതു സ്ഥലങ്ങളില്‍ ആറെണ്ണവും ശരിയാണെന്നു യുഎന്‍ കണ്ടെത്തിയിരുന്നു. ദാവൂദ് പതിവായി സന്ദര്‍ശിക്കുന്ന ഒന്‍പതു സ്ഥലങ്ങളുടെ വിലാസങ്ങളാണ് യുഎന്‍ രക്ഷാസമിതിയുടെ അല്‍ ഖായിദ ഉപരോധ സമിതിക്ക് ഇന്ത്യ കൈമാറിയത്. പാക്കിസ്ഥാനില്‍ വന്‍ സ്വത്തുസമ്പാദ്യങ്ങളുള്ള ദാവൂദ് പാക്ക് അധികൃതരുടെ തണലില്‍ ഒളിവുജീവിതം നയിക്കുന്നുവെന്നാണ് ഇന്ത്യയുടെ വാദം. എന്നാല്‍, ദാവൂദ് രാജ്യത്തില്ലെന്നാണു പാക്ക് നിലപാട്.
അതേസമയം, കസ്‌കര്‍ നല്‍കിയ വിലപ്പെട്ട വിവരങ്ങള്‍ വച്ച് മുംബൈയിലെയും നവിമുംബൈയിലെയും താനെയിലെയും ദാവൂദിന്റെ സംഘാംഗങ്ങളെ കണ്ടെത്താനാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഇതുവഴി നിരവധിക്കേസുകള്‍ക്കു തുമ്പുണ്ടാക്കാനാകും. ലഹരിമരുന്നിന്റെ കച്ചവടം ദാവൂദിപ്പോള്‍ ആഫ്രിക്കയിലേക്കും തെക്കേ അമേരിക്കയിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണ്.
സാമ്പത്തിക പ്രതിസന്ധിയില്‍ വലയുന്നതിനിടെ ഇക്ബാല്‍ കസ്‌കറുടെ സംഘത്തില്‍നിന്നു തുടര്‍ച്ചയായി ഭീഷണി ഫോണ്‍ കോളുകള്‍ വരാന്‍ തുടങ്ങിയതിനു പിന്നാലെ താനെയില്‍നിന്നുള്ള ബിസിനസുകാരന്‍ പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. വിഷയം പരിശോധിച്ച താനെ പൊലീസ് കമ്മിഷണര്‍ ഇക്ബാല്‍ കസ്‌കറിനെതിരെ നടപടിയുമായി മുന്നോട്ടു പോകാന്‍ ആന്റി എക്‌സ്റ്റോര്‍ഷന്‍ സെല്ലിന് നിര്‍ദേശം നല്‍കിയതനുസരിച്ചായിരുന്നു അറസ്റ്റ്.
1989-90 കാലയളവില്‍ ഇന്ത്യ വിട്ട ഇക്ബാല്‍ കസ്‌കറെ 2003ല്‍ യുഎഇയില്‍നിന്ന് ഇന്ത്യയിലെത്തിക്കുകയായിരുന്നു. സാറ സഹാറ വാണിജ്യ സമുച്ചയക്കേസില്‍ പ്രതിയായിരുന്നെങ്കിലും കോടതി വിട്ടയച്ചു. 2011ല്‍ മുംബൈയില്‍ ബൈക്കിലെത്തിയ സംഘം കസ്‌കറിനു നേരെ വെടിയുതിര്‍ത്തെങ്കിലും രക്ഷപ്പെട്ടു. 2015ല്‍ പണം തട്ടാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായെങ്കിലും ജാമ്യത്തിലിറങ്ങിയ കസ്‌കറാണ് ദാവൂദിന്റെ മുംബൈയിലെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ നോക്കി നടത്തുന്നതെന്നാണ് ആരോപണം.
Post Your Comments